ലക്‌നോ: മദ്രസകള്‍ ഒരിക്കലും ഗാന്ധി ഘാതകന്‍ നാഥൂറാം ഗോഡ്‌സെയേയും മലെഗാവ് സ്‌ഫോടനക്കേസ് പ്രതി പ്രഗ്യ സിങ് താക്കൂറിനേയും പോലുള്ളവരെ സൃഷ്ടിക്കുന്നില്ലെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അസം ഖാന്‍. മദ്രസകളെ പൊതുവിദ്യാഭ്യാസവുമായി ബന്ധിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.


ആദ്യം ഗോഡ്‌സെയുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ ജനാധിപത്യത്തിന്റെ ശത്രുക്കളാണെന്ന് പ്രഖ്യാപിക്കട്ടെ. അതുപോലെ ഭീകരവാദക്കേസുകളില്‍ പ്രതിയായവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതും നിര്‍ത്തട്ടെ-അദ്ദേഹം പറഞ്ഞു. മദ്രസകളെ സഹായിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മദ്രസകളുടെ നിലവാരം ഉയര്‍ത്തുകയാണ് വേണ്ടത്. മദ്രസകളില്‍ മതാധ്യാപനങ്ങളോടൊപ്പം ഇംഗ്ലീഷും ഹിന്ദിയും ഗണിതവും പഠിപ്പിക്കുന്നുണ്ട്. അത് പതിവായി ചെയ്തുപോരുന്നതാണ്. ഇനി നിങ്ങള്‍ മദ്രസകളെ സഹായിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നിലവാരം ഉയര്‍ത്തുകയാണ് വേണ്ടത്. മദ്രസകള്‍ക്കുവേണ്ടി കെട്ടിടങ്ങള്‍ പ
ണിയുകയും ഫര്‍ണിച്ചറുകള്‍ നല്‍കുകയും ഉച്ചഭക്ഷണ സൗകര്യം ഒരുക്കുകയും വേണം-ഖാന്‍ ആവശ്യപ്പെട്ടു.


മദ്രസകളെ ആധുനികവത്കരിക്കാനുള്ള പദ്ധതികള്‍ കൊണ്ടുവരുമെന്ന് ന്യൂനപക്ഷകാര്യ മന്ത്രിയുമായ മുഖ്താര്‍ അബ്ബാസ് നഖ്‌വി പ്രഖ്യാപിച്ചിരുന്നു. മദ്രസ അധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്ന പരിപാടി അടുത്ത മാസം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.