കൊല്‍ക്കത്ത: കംബോഡിയയെ രണ്ട് ഗോളിനും അഫ്ഗാനിസ്താനെ 2-1 നും തോല്‍പ്പിച്ച ഇന്ത്യ ഏഷ്യാ കപ്പ് യോഗ്യതാ ഘട്ടത്തില്‍ അപരാജിതരാണെങ്കിലും സ്വന്തം ഗ്രൂപ്പില്‍ ഹോംഗ്‌കോംഗിന് പിറകില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യയിപ്പോള്‍. നാളെ ഇരുവരും മുഖാമുഖം.

വരുമ്പോള്‍ ജയിച്ചാല്‍ ഇന്ത്യക്ക് 24 ടീമുകള്‍ കളിക്കുന്ന ഏഷ്യാ കപ്പ് ഫൈനല്‍ റൗണ്ടിന് നേരിട്ട് യോഗ്യത നേടാം. ശനിയാഴ്ച്ച ഇന്ത്യ അഫ്ഗാനിസ്താനെ തോല്‍പ്പിച്ച അതേ സമയത്ത് ഹോംഗ് കോംഗ് മൂന്ന് ഗോളിന് കംബോഡിയയെ തകര്‍ത്തിരുന്നു. ഈ ഗോള്‍ ആനുകൂല്യമാണ് ഹോംഗ് കോംഗിന് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനം നല്‍കുന്നത്. ഗ്രൂപ്പില്‍ നിന്ന് രണ്ടാം സ്ഥാനക്കാര്‍ക്കും സാധ്യതയുണ്ടെങ്കിലും അതിന് കാത്തുനില്‍ക്കേണ്ടി വരും.

നാളത്തെ മല്‍സരം ഇന്ത്യ ജയിച്ചാല്‍ കണക്ക് കൂട്ടലുകള്‍ക്ക് പിറകെ പോവേണ്ടതില്ല. നാളെ സമനിലയില്‍ മല്‍സരം അവസാനിച്ചാല്‍ ഗ്രൂപ്പ് ജേതാക്കളെ നിശ്ചയിക്കുക ടീമുകളുടെ പരസ്പര റെക്കോര്‍ഡ്, ഗോള്‍ വിത്യാസം തുടങ്ങിയ ഘടകങ്ങളായിരിക്കും. രണ്ട് മല്‍സരങ്ങളിലും ഇന്ത്യയോളം മികവ് ഹോംഗ് കോംഗ് പ്രകടിപ്പിച്ച സാഹചര്യത്തില്‍ സുനില്‍ ഛേത്രിക്കും സംഘത്തിനും കാര്യങ്ങള്‍ എളുപ്പമല്ല. പക്ഷേ കാണികളുടെ സാന്നിദ്ദ്യമാണ് ഇന്ത്യന്‍ കരുത്ത്.