കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് യുവതാരങ്ങള്‍ രംഗത്ത്. പൃഥ്വിരാജും, ആസിഫ് അലിയും ദിലീപിനെതിരെ വിമര്‍ശനവുമായെത്തി. കൊച്ചി കടവന്ത്രയിലെ മമ്മുട്ടിയുടെ വീട്ടില്‍ അമ്മയുടെ യോഗം പുരോഗമിക്കുകയാണ്.

ദിലീപിനെ സംഘടനയല്‍ നിന്ന് പുറത്താക്കണമെന്ന് ആസിഫലി പറഞ്ഞു. എക്‌സിക്യൂട്ടീവ് യോഗത്തില്‍ ചില കാര്യങ്ങള്‍ യോഗത്തില്‍ ഉന്നയിക്കും. ഈ കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്തില്ലെങ്കില്‍ തന്റെ നിലപാട് പ്രേക്ഷകരോട് വ്യക്തമാക്കുമെന്ന് നടന്‍ പൃത്ഥ്വിരാജും വ്യക്തമാക്കിയിട്ടുണ്ട്. കുറ്റക്കാര്‍ക്ക് എതിരെ നടപടി വേണമെന്നുതന്നെയാണ് നടന്‍ ദേവനും ആവശ്യപ്പെട്ടിരിക്കുന്നത്. എക്‌സിക്യൂട്ടീവ് അംഗമായ രമ്യ നമ്പീശനും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. നടിക്ക് നീതി ലഭിക്കാനായി അവസാന നിമിഷം വരെ പോരാടുമെന്ന് രമ്യ പറഞ്ഞു.

ദിലീപിനെതിരെ ശക്തമായ രീതിയില്‍ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ അമ്മയുടെ ട്രഷറര്‍ സ്ഥാനത്തുനിന്ന് താരത്തെ പുറത്താക്കും. സംഘടനയില്‍ നിന്ന് പുറത്താക്കുന്നതുള്‍പ്പെടെയുള്ള തീരുമാനത്തിലേക്ക് അമ്മയെത്തും. യുവതരാങ്ങളെല്ലാം ദിലീപിനെതിരെ രംഗത്തുവന്ന സാഹചര്യത്തില്‍ അമ്മ നടപടിയെടുത്തില്ലെങ്കില്‍ സംഘടന പിളരാന്‍ സാധ്യതയുണ്ട്. യുവതാരങ്ങള്‍ അമ്മ വിടുമെന്നാണ് അറിയാന്‍ കഴിയുന്നത്.