X

എയര്‍ഇന്ത്യയുടെ ഭക്ഷണട്രോളിയില്‍ നിന്നും മയക്കമരുന്ന്; രണ്ടുകിലോ ഭാരം വരുന്ന മോര്‍ഫിനെന്ന് കണ്ടെത്തി

ന്യൂഡല്‍ഹി: എയര്‍ഇന്ത്യയുടെ ഭക്ഷണട്രോളിയില്‍ നിന്നും മയക്കുമരുന്ന് പിടിച്ചെടുത്തു. ന്യൂഡല്‍ഹിയില്‍ വെച്ചാണ് ഭക്ഷണട്രോളിയുടെ അവസാനത്തെ അറയില്‍ രണ്ടു പാക്കറ്റുകളിലായുള്ള മയക്കുമരുന്ന് കണ്ടെത്തിയത്.

ഇന്നലെയാണ് സംഭവം. ചെന്നൈയില്‍ നിന്നും പുറപ്പെട്ട വിമാനത്തിലാണ് മയക്കുമരുന്ന് കണ്ടത്. വിമാനത്തില്‍ കാറ്ററിംഗ് സര്‍വ്വീസ് നടത്തുന്ന സ്‌കൈ ഗൗര്‍മെറ്റ് എന്ന സ്ഥാപനത്തിന്റെ സൂപ്പര്‍വൈസറാണ് ട്രോളിയുടെ താഴെയായി രണ്ടു പൊതി ഒളിപ്പിച്ചതായി ശ്രദ്ധിച്ചത്. സംശയം തോന്നിയഉടനെ പരിശോധിച്ചപ്പോഴാണ് മയക്കുമരുന്നാണെന്ന് തെളിഞ്ഞത്. സംഭവത്തില്‍ ജീവനക്കാര്‍ക്ക് പങ്കുള്ളതായി സംശയമുണ്ട്.

അറയില്‍ നിന്നും കണ്ടെടുത്ത വെളുത്ത നിറത്തിലുള്ള പൊടി നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ പരിശോധന നടത്തുകയായിരുന്നു. പ്രാഥമിക പരിശോധനയില്‍ ഇത് മോര്‍ഫിനാണെന്ന് കണ്ടെത്തി. ഏകദേശം രണ്ടുകിലോ ഭാരം വരും. സംഭവത്തെ തുടര്‍ന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കൂടുതല്‍ പരിശോധന നടത്തിവരികയാണ്.

chandrika: