ന്യൂഡല്‍ഹി: എടിഎം ഇടപാടുകള്‍ക്ക് ചാര്‍ജ്ജ് ഈടാക്കാനാരംഭിച്ചത് ഉപയോക്താക്കളെ വലക്കുന്നു. നോട്ട് അസാധുവാക്കല്‍ തീരുമാനം വന്നതിന് പിന്നാലെ എടിഎം ചാര്‍ജ് ഒഴിവാക്കാന്‍ റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ കാലാവധി ഡിസംബര്‍ 31 വരെയായിരുന്നു. എന്നാല്‍ കാലാവധി ആര്‍.ബി.ഐ നീട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. നിലവില്‍ എടിഎം കാര്‍ഡ് ഉപയോഗിച്ച് മാസത്തില്‍ അഞ്ച് ഇടപാടുകള്‍ ചാര്‍ജ് ഇല്ലാതെ നടത്താം. അതിന് ശേഷം നടക്കുന്ന ഇടപാടുകള്‍ക്കാണ് ചാര്‍ജ് ഈടാക്കുന്നത്.

ചാര്‍ജിന്റെ കാര്യം തീരുമാനിക്കുന്നത് അതത് ബാങ്കുകളാണ്. എടിഎമ്മില്‍ നിന്ന് പിന്‍വലിക്കാവുന്ന തുകയുടെ പരിധി 4500 രൂപയായി ഉയര്‍ത്തിയെങ്കിലും പല എടിഎമ്മുകളിലും പണം ഇല്ല. പണം ഉണ്ടോ എന്നറിയാനും ഉളളത് ചില്ലറയാണോ എന്നറിയാനും എടിഎം ഉപയോഗിക്കുന്നവരാണ് പലരും. ചില്ലറതേടുന്നവര്‍ ഒരു ദിവസം തന്നെ അഞ്ചില്‍ കൂടുതല്‍ തവണ കാര്‍ഡ് ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ചാര്‍ജ് ഈടാക്കിത്തുടങ്ങിയത് ഇടപാടുകാരെ സാരമായി ബാധിക്കും. ഗ്രാമീണ മേഖലയിലുള്ളവര്‍ക്കാവും കനത്ത ബുദ്ധിമുട്ട്.

അവിടങ്ങളില്‍ പല എടിഎം കൗണ്ടറുകളിലും മിക്കവാറും പണമുണ്ടാവാറില്ല. രാജ്യത്ത് ഇപ്പോഴും 20 ശതമാനം എടിഎം കൗണ്ടറുകളെ പ്രവര്‍ത്തിക്കുന്നുള്ളൂ എന്നതും ഇതിനോട് ചേര്‍ത്തുവായിക്കണം. പണവിതരണം സാധാരണ നിലയിലാകും വരെയെങ്കിലും ചാര്‍ജ്ജ് ഈടാക്കുന്നത് ഒഴിവാക്കണമെന്നാണ് പൊതുവികാരം.