തിരുവനന്തപുരം: രണ്ടു ദിവസത്തെ ഇടവേളക്കുശേഷം സംസ്ഥാനത്ത് എടിഎമ്മുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങി. 500,1000 നോട്ടുകള്‍ പിന്‍വലിച്ചതിന് പിന്നാലെയാണ് രാജ്യത്ത് രണ്ടു ദിവസം എടിഎം സര്‍വ്വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്. ഇന്ന് രാവിലെതന്നെ ചില എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കാന്‍ സാധിക്കുന്നുണ്ട്.

18-ാം തിയ്യതിവരെ 2000 രൂപവരെ മാത്രമേ ഒരാള്‍ക്ക് പിന്‍വലിക്കാന്‍ കഴിയൂ. 18ന് ശേഷം 4000 രൂപവരെ പിന്‍വലിക്കാനാകും. നൂറിന്റേയും അമ്പതിന്റേയും നോട്ടുകളാണ് എടിഎമ്മുകളില്‍ നിന്ന് ലഭ്യമാകുന്നത്. 500ന്റേയും 2000ന്റേയും പുതിയ നോട്ടുകള്‍ എടിഎമ്മുകളില്‍ എത്തിയിട്ടില്ല. സോഫ്റ്റ് വെയര്‍ പരിഷ്‌ക്കരിച്ചാല്‍ മാത്രമേ എടിഎമ്മുകളില്‍ നിന്ന 500,2000 എന്നിവയുടെ പുതിയ നോട്ടുകള്‍ ലഭിക്കുകയുള്ളൂ.

എന്നാല്‍ ബാങ്കുകളില്‍ പണമെത്താത്തതിനാല്‍ ചിലയിടങ്ങളില്‍ എടിഎമ്മുകളില്‍ നിന്ന് പണം ലഭ്യമല്ല. ഉച്ചയോടുകൂടി മാത്രമേ അവിടങ്ങളില്‍ പണം ലഭ്യമാകൂ. പഴയ 500,1000 നോട്ടുകള്‍ മാറിയെടുക്കാന്‍ ഇന്നലെ ബാങ്കുകളില്‍ സൗകര്യം ഉണ്ടായിരുന്നു. സംസ്ഥാനത്തൊട്ടാകെ ഇന്നലെ ബാങ്കുകളില്‍ വന്‍തിരക്കാണ് അനുഭവപ്പെട്ടത്.