kerala

സ്വത്തിനായി അമ്മയെ കൊലപ്പെടുത്താന്‍ ശ്രമം; മകന്‍ പിടിയില്‍

By webdesk18

October 27, 2025

കോഴിക്കോട്: സ്വത്ത് ആവശ്യപ്പെട്ട് അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ച മകനെ പൊലീസ് അറസ്റ്റ്് ചെയ്തു. കോഴിക്കോട് വേങ്ങേരി സ്വദേശിയായ കൊടക്കാട് വീട്ടില്‍ സലീല്‍ കുമാര്‍ (50) നെയാണ് ചേവായൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 76 വയസ്സുള്ള അമ്മയെ വീടും സ്ഥലവും ബാങ്കിലെ ഡെപ്പോസിറ്റ് തുകയും ആവശ്യപ്പെട്ടുകൊണ്ട് മകന്‍ ആക്രമിച്ചതായാണ് പരാതി.

കഴിഞ്ഞ ദിവസം ഉച്ചയോടെ അമ്മ മുറിയില്‍ ഇരിക്കുമ്പോഴാണ് സംഭവം നടന്നത്. സലീല്‍ വാതില്‍ തള്ളിതുറന്ന് ചീത്തവിളിക്കുകയും വീടും സ്ഥലവും എഴുതിത്തരണമെന്നാവശ്യപ്പെട്ട് അമ്മയുടെ നെഞ്ചത്ത് കുത്തുകയും മുഖത്ത് അടിക്കുകയും ചെയ്തെന്നാണ് പരാതിയില്‍ പറയുന്നത്. സ്വത്ത് എഴുതിതരില്ലെന്ന് പറഞ്ഞപ്പോള്‍, സലീല്‍ മുറിയിലുണ്ടായിരുന്ന നിലവിളക്ക് എടുത്ത് തലയില്‍ അടിക്കാന്‍ ശ്രമിച്ചുവെന്നും പറയുന്നു.

ബഹളം കേട്ടെത്തിയ സമീപവാസി പ്രതിയെ തടഞ്ഞു. പിന്നീട് വേങ്ങേരിയില്‍ നിന്നാണ് പൊലീസിന്റെ നേതൃത്വത്തില്‍ പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു. ചേവായൂര്‍ ഇന്‍സ്പെക്ടര്‍ മഹേഷിന്റെ നിര്‍ദേശത്തില്‍ എസ് ഐ മാരായ റഷീദ്, മ്ിജോ, എ എസ് ഐ വിജേഷ്, സി പി ഒ ദീപക് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.