X

മോദിയുടെ റാലിയെ പരിഹസിച്ച് ലാലു; സാമൂഹ്യമാധ്യമങ്ങളില്‍ ബിഹാര്‍ റിജക്റ്റ് മോദി ട്രെന്റിങ്

പാട്ന: പ്രധാനമന്ത്രി നരേന്ദ്രമോദി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ സങ്കല്‍പ് റാലിയെ പരിഹസിച്ച് മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ്. മോദിയും നിതീഷ് കുമാറും സര്‍ക്കാറിനെ വരെ ഉപയോഗിച്ച് മെഗാ റാലിയെന്ന് വിശേഷിപ്പിച്ച് മാസങ്ങളോളം പ്രചരണം നടത്തിയിട്ടും ഒരു മുറുക്കാന്‍ കടയില്‍ കാണുന്ന ആള്‍ക്കൂട്ടത്തെ മാത്രമേ ഇവര്‍ക്ക് ആകര്‍ഷിക്കാന്‍ കഴിഞ്ഞുള്ളുവെന്നും ലാലു ട്വിറ്ററില്‍ പരിഹസിച്ചു.

‘ഗാന്ധി മൈതാനിലെ റാലി സംഘടിപ്പിക്കാന്‍ നരേന്ദ്ര മോദി, നിതീഷ്, പാസ്വാന്‍ എന്നിവര്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് മാസങ്ങളോളം പണിയെടുത്തിട്ടുണ്ട്. എന്നാല്‍ ഒരു മുറുക്കാന്‍ കടയില്‍ കാണുന്നത്ര ആളുകള്‍ മാത്രമേ റാലിയില്‍ പങ്കെടുത്തുള്ളു’- ലാലു ട്വീറ്റ് ചെയ്തു.

ഗാന്ധി മൈതാനില്‍ കോണ്‍ഗ്രസ് സമാന രീതിയിലുള്ള ജന്‍ അകന്‍ക്ഷ റാലി നടത്തിയതിന് തൊട്ടു പിന്നാലെയാണ് ബി.ജെ.പിയും റാലി നടത്താന്‍ തീരുമാനിച്ചത്. 2010ന് ശേഷം മോദിയും നിതീഷ് കുമാറും ആദ്യമായി വേദി പങ്കിടുകയാണെന്ന പ്രത്യേകതും ഈ റാലിക്കുണ്ട്.

അതേസമയം ബിഹാറിലേക്കുള്ള മോദിയുടെ വരവിനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ ബിഹാര്‍ റിജക്റ്റ് മോദി ട്രെന്റിങ് ആയി. ബിഹാര്‍ റിജക്റ്റ്സ് മോദി എന്ന ഹാഷ്ടാഗോട് കൂടിയാണ് ലാലുവും ട്വീറ്റ് പങ്കു വെച്ചത്. മോദിക്കെതിരെയുള്ള ഹാഷ്ടാഗ് ക്യാമ്പയ്നുകള്‍ കേരളത്തിലും, ആന്ധ്രപ്രദേശിലും, തമിഴ്നാട്ടിലും മുമ്പ് നടന്നിട്ടുണ്ട്. പോ മോനെ മോദി, മോദി ഗോ ബാക്ക് എന്നീ ഹാഷ്ടാഗുകള്‍ ഒന്നില്‍ കൂടുതല്‍ തവണ ട്വിറ്ററില്‍ ട്രെന്‍ഡിങ്ങ് ആവുകയും ചെയ്തിരുന്നു.

chandrika: