തിരുവനന്തപുരം: സി.പി.എം പാര്‍ട്ടി സമ്മേളനങ്ങളില്‍ നിന്ന് വി.എസ് അച്യുതാനന്ദനെ പൂര്‍ണമായും ഒഴിവാക്കി. വി.എസിന്റെ സ്വന്തം മണ്ഡലമായ മലമ്പുഴ സ്ഥിതി ചെയ്യുന്ന പാലക്കാട് ജില്ലയിലെ പാര്‍ട്ടി സമ്മേളനത്തില്‍ നിന്ന് പോലും വി.എസിനെ ഒഴിവാക്കി. സംസ്ഥാനനേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് വി.എസിനെ യോഗങ്ങളിലേക്ക് ക്ഷണിക്കാത്തതെന്നാണ് ജില്ലാനേതാക്കളുടെ വിശദീകരണം.
14 ജില്ലാ സമ്മേളനങ്ങളിലും മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പങ്കെടുക്കുന്നുണ്ടെങ്കിലും വി.എസിനെ ഒരിടത്തു പോലും ക്ഷണിച്ചിട്ടില്ല. വിഭാഗീയതയുടെ പേരില്‍ വി.എസ് അച്യുതാനന്ദനെ ജില്ലാസമ്മേളനങ്ങളില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കിയെന്ന പരാതിയുമായി കേന്ദ്രനേതൃത്വത്തെ സമീപിക്കാനൊരുങ്ങുകയാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍.