അയോധ്യയിലെ രാമക്ഷേത്രം നിർമ്മാണത്തിനായുള്ള ധനസമാഹരണ റാലികൾ നടത്തുമ്പോൾ മധ്യപ്രദേശിലെ മുസ്‌ലിംകൾ താമസിക്കുന്ന പ്രദേശങ്ങളിൽ അക്രമം നടത്തുകയാണെന്നും ഇത് ഉന്നത തലത്തിൽ അന്വേഷിക്കണമെന്നും കോൺഗ്രസ് രാജ്യസഭാ എം.പി ദിഗ് വിജയ് സിംഗ് ആവശ്യപ്പെട്ടു. അക്രമത്തെ കുറിച്ച് വിരമിച്ച ചീഫ് സെക്രട്ടറിയോ പൊലീസ് ജനറലോ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡിസംബർ അവസാന വാരത്തിൽ ഉജ്ജൈൻ, മന്ദ്‌സർ, ഇൻഡോർ എന്നിവിടങ്ങളിലെ റാലികൾക്ക് ശേഷം കല്ലേറും തീവെപ്പുമുണ്ടായിരുന്നു.
ഇത്തരമൊരു സന്ദർഭത്തിൽ അക്രമങ്ങളുണ്ടായത് ഖേദകരമാണ്. ധനസമാഹരണ വേളയിൽ വാളുകൾ ഉൾപ്പടെയുള്ള ആയുധങ്ങളും വടികളും ഉയർത്തിക്കൊണ്ട് പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കിയാണ് ഈ സംഘം അക്രമങ്ങൾ അഴിച്ചുവിട്ടതെന്ന് സിംഗ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഹിന്ദുക്കളും മുസ്‌ലിംകളും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ഐക്യത്തോടെ പോരാടിയവരാണ്. സ്വാതന്ത്ര്യ സമരത്തിൽ പോലും പങ്കെടുക്കാത്തവർ രാജ്യത്തിന്റെ അന്തരീക്ഷം മാറ്റാൻ ശ്രമിക്കുകയാണ്. മുസ്‌ലിം പ്രദേശങ്ങളിലെ സംഭവങ്ങൾ വിശദമായി അന്വേഷിക്കണം, കലക്ടർമാരും പൊലീസ് സൂപ്രണ്ടുമാരും ഈ ഉത്തരവാദിത്വം നിർവ്വഹിക്കാൻ ശ്രമിക്കണം. ഇത്തരത്തിലുള്ള റാലികൾക്ക് എന്തിനാണ് അധികാരികൾ അനുവാദം നൽകിയത്. വീടുകൾ കത്തിച്ച ആളുകൾക്കെതിരെ പൊലീസ് ദുർബല കേസുകളാണ് എടുത്തിരിക്കുന്നത്. അക്രമത്തെ കുറിച്ച് അന്വേഷിക്കേണ്ടത് മികച്ച ഉദ്യോഗസ്ഥരായിരിക്കണമെന്നും സിംഗ് ആവശ്യപ്പെട്ടു.
ഐ.എ.എസ് ഉദ്യോഗസ്ഥരും പൊലീസ് ബ്യൂറോക്രസിയുടെ മറ്റ് വിഭാഗങ്ങളും ഭരണഘടന ഉയർത്തിപ്പിടിക്കുന്നതിനായി പ്രവർത്തിക്കണമെന്നും ഒരു പാർട്ടിയുടെയും അടിമകളായി പ്രവർത്തിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താൻ ഭക്തനായ ഹിന്ദുവാണെന്നും മുതിർന്ന ബി.ജെ.പി നേതാക്കളേക്കാൾ മികച്ച ഹിന്ദുവാണെന്നും മതം എല്ലാവരോടും സമാധാനവും ആദരവും പഠിപ്പിച്ചുവെന്നും സിംഗ് കൂട്ടിച്ചേർത്തു.