X

മലയാളി അസ്ഹർ അടിയോടടി; മുംബൈ തോറ്റു തുന്നംപാടി

സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി 20 ക്രിക്കറ്റിൽ കേരളത്തിന് തുടർച്ചയായ രണ്ടാം ജയമൊരുക്കിയത് മുംബൈക്കെതിരെ മുഹമ്മദ് അസ്ഹറുദ്ദീന്റെ അത്ഭുത പ്രവൃത്തി. 54 പന്തിൽ അസ്ഹർ പുറത്താവാതെ 137 റൺസ് നേടിയപ്പോൾ 197 എന്ന വിജയലക്ഷ്യം കേരളത്തിന് ഒരിക്കൽപ്പോലും വെല്ലുവിളിയായില്ല.

വാംഖഡെ സ്റ്റേഡിയത്തിൽ കരുത്തരായ മുംബൈക്കെതിരെ ടോസ് നേടിയെങ്കിലും കേരളത്തിന്റെ ബൗളിങ് ഒട്ടും ആശാവഹമായിരുന്നില്ല. ശ്രീശാന്തും ബേസിൽ തമ്പിയും നിതീഷും സാമാന്യം നന്നായി തല്ലുകൊണ്ടപ്പോൾ ആതിഥേയരുടെ സ്‌കോർ ബോർഡിൽ അക്കങ്ങൾ പെട്ടെന്നു തന്നെ മാറി. ജയശ്വി ജയ്‌സ്വാളും (40) ആദിത്യ താരെയും (42) അടങ്ങുന്ന ഓപ്പണിങ് സഖ്യം 9.5 ഓവറിൽ 89 റൺസ് ചേർത്തിരുന്നു. പിന്നീട് ക്യാപ്ടൻ സൂര്യകുമാർ യാദവും (38) ശിവം ഡുബെയും (26) സിദ്ധേഷ് ലാഡും (21) മികച്ച പ്രകടനം പുറത്തെടുത്തു. മൂന്നു വീതം വിക്കറ്റെടുത്ത ജലജ് സക്‌സേനക്കും ആസിഫിനും മാത്രമാണ് എന്തെങ്കിലും കാര്യമായി ചെയ്യാനായത്. ശ്രീശാന്ത് 11.75 ഇക്കണോമിയിൽ 47 റൺസും നിതീഷ് 12.50-ൽ 50 റൺസും വഴങ്ങി.

ധവാൽ കുൽക്കർണിയടങ്ങുന്ന ബൗളിങ് നിരയുള്ള മുംബൈ കേരളത്തെ അനായാസം പിടിച്ചുകെട്ടും എന്നായിരുന്നു കരുതിയിരുന്നതെങ്കിലും മുഹമ്മദ് അസ്ഹറുദ്ദീന്റെ ബാറ്റിങ് കാര്യങ്ങൾ കീഴ്‌മേൽ മറിക്കുകയായിരുന്നു. വെറ്ററൻ താരം റോബിൻ ഉത്തപ്പക്കൊപ്പം ബാറ്റിങ് തുടങ്ങിയ അസ്ഹർ സിക്‌സറിലൂടെ വിന്നിങ് ഷോട്ടും നേടിയാണ് മൈതാനം വിട്ടത്.

നേരിട്ട ആദ്യപന്തിൽ ധവാൽ കുൽക്കർണിയെ ബൗണ്ടറി കടത്തി സ്‌കോറിങ് ആരംഭിച്ച അസ്ഹർ അടുത്ത ഓവറിൽ ദേശ്പാണ്ഡെയുടെ പന്ത് സിക്‌സറിനും രണ്ട് ബൗണ്ടറിക്കും ശിക്ഷിച്ചാണ് വരവറിയിച്ചത്. മൂന്നാം ഓവറിൽ അസ്ഹർ കുൽക്കർണിയെയും സിക്‌സറിനു പറത്തി. മറുവശത്ത് അസ്ഹറിന് പിന്തുണയുമായി നിന്ന ഉത്തപ്പ കുൽക്കർണിയെ തുടർച്ചയായി രണ്ട് ബൗണ്ടറി കടത്തിയതോടെ കേരളത്തിന്റെ പ്രതീക്ഷ മൊട്ടിട്ടു.

ബൗളിങ് ചേഞ്ചായെത്തിയ ഷംസ് മുലാനിയെ സിക്‌സറടിച്ച് അസ്ഹർ ടീം സ്‌കോർ 50 കടത്തുമ്പോൾ 3.2 പന്തേ ആയിരുന്നുള്ളൂ. ദേശ്പാണ്ഡെയുടെ രണ്ടാമോവറിൽ തുടർച്ചയായ രണ്ട് ബൗണ്ടറികൾ നേടി താരം 20 പന്തിൽ അർധ സെഞ്ച്വറി കടന്നു. അതാഘോഷിക്കാൻ അതേ ബൗളറെ സിക്‌സറിനും പറത്തി. മുലാനിക്കെതിരെ ബൗണ്ടറിയും സിക്‌സറും നേടിയാണ് അസ്ഹർ ടീം സ്‌കോർ മൂന്നക്കത്തിലെത്തിച്ചത്.

കളി ഏറെക്കുറെ വരുതിയിലായെന്ന് ഉറപ്പിച്ച ഘട്ടത്തിലാണ് മുലാനിക്കെതിരെ അനാവശ്യമായ സ്വിച്ച് ഷോട്ടിനു മുതിർന്ന് ഉത്തപ്പ മടങ്ങിയത്. ടീം സ്‌കോർ അപ്പോഴേക്കും 129 ലെത്തിയിരുന്നു. അതേ ഓവറിലെ അവസാന പന്തിൽ സിക്‌സറടിച്ച് അസ്ഹർ 98-ലെത്തി.

ഉത്തപ്പക്കു പകരമെത്തിയ സഞ്ജു സാംസൺ ആക്രമണ ദൗത്യം ഏറ്റെടുത്തതോടെ അസ്ഹർ സമ്മർദമില്ലാതെ സെഞ്ച്വറിയിലെത്തി. മുഷ്താഖ് അലി ടി20 യിൽ ഒരു മലയാളി താരത്തിന്റെ ആദ്യ സെഞ്ച്വറിയാണിത്.

ഒരു വശത്ത് സഞ്ജു മികച്ച പിന്തുണ നൽകിയപ്പോൾ അസ്ഹർ സ്വതസിദ്ധമായ രീതിയിൽ ബാറ്റ് വീശി ടീമിനെ വിജയതീരമണിയിച്ചു. ഇന്ത്യ 100 കടന്നപ്പോൾ തന്നെ മുംബൈ ഏറെക്കുറെ പരാജയം സമ്മതിച്ചിരുന്നു.

11 സിക്‌സറും ഒമ്പത് ബൗണ്ടറിയുമടക്കം മൈതാനം അടക്കിവാണ അസ്ഹർ, മുഷ്താഖ് അലി ട്രോഫിയിൽ സെഞ്ച്വറി നേടുന്ന ആദ്യ മലയാളി താരം എന്ന റെക്കോർഡും സ്വന്തമാക്കി. 92 റൺസെടുത്ത രോഹൻ പ്രേമിന്റേതായിരുന്നു ഇതുവരെയുള്ള ഉയർന്ന സ്‌കോർ.

ചന്ദ്രിക വെബ് ഡെസ്‌ക്‌: