ഇന്ത്യന്‍ സിനിമാപ്രേക്ഷകരെ ഒന്നടങ്കം ത്രസിപ്പിച്ച ബ്രഹ്മാണ്ഡ ചിത്രമാണ് ബാഹുബലി. ഒന്നാം പതിപ്പിനു പിന്നാലെ രണ്ടാം പതിപ്പിലും വന്‍ സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്നുണ്ടായത്. അഭിനയിച്ച താരങ്ങളുടെയെല്ലാം മൂല്യവും ഈ ചിത്രത്തോടൊപ്പം ഇന്ത്യന്‍ സിനിമാലോകത്ത് വാനോളം ഉയരുകയും ചെയ്തു. ബാഹുബലിയുടെ മൂന്നാം ഭാഗം വരുന്നുണ്ടോ എന്നാണ് എല്ലാവരുടെയും ചോദ്യം. നായകന്‍ പ്രഭാസും ഇത്തരമൊരു സന്ദര്‍ഭത്തിന് കാത്തിരിക്കുകയാണെന്നാണ് അടുത്തിടെയുള്ള റിപ്പോര്‍ട്ട് തെളിയിക്കുന്നത്. സംവിധായകന്‍ രാജമൗലി അത്തരമൊരു പ്രോജക്ടുമായി വന്നാല്‍ പ്രഭാസിന്റെ മറുപടി എന്താകും? അങ്ങനെയൊരു സംഭവം അടുത്തിടെയുണ്ടായി. രാജമൗലിയും ബാഹുബലിയിലെ വില്ലന്‍ റാണ ദഗുപതിയും ചേര്‍ന്ന് പ്രഭാസിനെ പറ്റിച്ചു. ഒരു ടി.വി പരിപാടിക്കിടെയാണ് സംഭവം. റാണയായിരുന്നു പരിപാടിയുടെ അവതാരകന്‍. നിര്‍മാതാവ് ശോഭു യര്‍ലഗഡയും ഷോയില്‍ പങ്കെടുത്തിരുന്നു.

പരിപാടിക്കിടെ പറ്റിക്കാന്‍ വേണ്ടി രാജമൗലി പ്രഭാസിനെ ഫോണില്‍ വിളിച്ചു. ‘ഡാര്‍ലിങ് നീ എവിടെയാണ് എത്രയും പെട്ടെന്ന് കാണണം’-രാജമൗലി പറഞ്ഞു. എന്താ കാര്യം എന്ന് അന്വേഷിച്ചപ്പോള്‍ ബാഹുബലി 3ന് വേണ്ടിയാണെന്ന് രാജമൗലി ഉത്തരം. പ്രഭാസിന്റെ മറുപടി കേട്ട് രാജമൗലിക്കും റാണക്കും ചിരിയടക്കാനായില്ല. രാജമൗലിയുടെ വാക്കുകള്‍ കേട്ട് ഞെട്ടിത്തരിച്ച പ്രഭാസ് അമ്മാ നീ യമ്മയെന്നാണ് പ്രതികരിച്ചത്. ഫോണിലൂടെയായതിനാല്‍ പ്രഭാസിന്റെ മുഖഭാവം കാണാന്‍ കഴിഞ്ഞില്ലെന്ന നിരാശയുണ്ടെങ്കിലും ഷോ അവസാനിക്കുംവരെ റാണയും രാജമൗലിയും നിറഞ്ഞ ചിരിയായിരുന്നു.