കൊച്ചി: വയലനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം വാഹനാപകടത്തെ തുടര്‍ന്നുതന്നെയെന്ന നിഗമനത്തില്‍ സിബിഐ. നുണ പരിശോധനയില്‍ പുതിയ വിവരങ്ങള്‍ കണ്ടെത്താനായില്ലെന്നും അവര്‍ വ്യക്തമാക്കി. വാഹനമോടിച്ചത് ബാലഭാസ്‌കറാണെന്ന ഡ്രൈവര്‍ അര്‍ജുന്റെ മൊഴി കളളമാണെന്ന് തെളിഞ്ഞു. കലാഭാവന്‍ സോബി പറഞ്ഞതും കളളമാണെന്ന് പരിശോധനയില്‍ തെളിഞ്ഞു.

കഴിഞ്ഞമാസമാണ് ബാലഭാസ്‌കറിന്റെ മരണത്തില്‍ ബാലഭാസ്‌കറുമായി ബന്ധമുളള നാലുപേരെ നുണപരിശോധനയ്ക്ക് വിധേയരാക്കിയത്. ബാലഭാസ്‌കറിന്റെ മാനേജര്‍ പ്രകാശ് തമ്പി, വിഷ്ണു സോമസുന്ദരം, ബാലഭാസ്‌കറിന്റെ ഡ്രൈവര്‍ അര്‍ജുന്‍ ബാലകൃഷ്ണന്‍, കേസില്‍ നിരവധി ആരോപണങ്ങളുയര്‍ത്തിയ കലാഭവന്‍ സോബി എന്നിവരെയാണ് നുണ പരിശോധനയ്ക്ക് വിധേയരാക്കിയത്. കലാഭവന്‍ സോബിയെ രണ്ടുതവണയും മറ്റുളളവരെ ഒരു തവണയുമാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്.

ഒരു അപകടമരണത്തിന് അപ്പുറത്തേക്ക് പോകുന്ന തരത്തില്‍ വിവരങ്ങള്‍ ഒന്നും പരിശോധനയില്‍ കണ്ടെത്താനായില്ല. താനല്ല വാഹനം ബാലഭാസ്‌കറാണ് വാഹനം ഓടിച്ചതെന്നാണ് അര്‍ജുന്‍ അന്വേഷണ ഉദ്യോഗസഥര്‍ക്ക് നല്‍കിയിരുന്ന മൊഴി. എന്നാല്‍ ഇത് കളവാണെന്ന് നുണപരിശോധനയില്‍ കണ്ടെത്തി. അതുകൊണ്ടുതന്നെ അര്‍ജുന്‍ തന്നെയാണ് വാഹനമോടിച്ചതെന്ന നിഗമനത്തില്‍ സിബിഐ എത്തി.

രണ്ടുഘട്ടങ്ങളായാണ് നുണ പരിശോധന നടത്തിയത്. ഇതില്‍ ഒരു ടെസ്റ്റില്‍ സോബി പറയുന്നത് കളളമാണെന്നും രണ്ടാമത്തെ ടെസ്റ്റില്‍ സഹകരിച്ചില്ലെന്നുമാണ് വിവരം.