Connect with us

india

ആറ് ദിവസം മുമ്പ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ബെംഗളൂരു-മൈസൂർ ഹൈവേ വെള്ളത്തിനടിയിൽ

Published

on

ആറ് ദിവസം മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത കർണാടകയിലെ ബെംഗളൂരു-മൈസൂർ ഹൈവേ വെള്ളിയാഴ്ച രാത്രി രാമനഗര മേഖലയിൽ പെയ്ത കനത്ത മഴയെ തുടർന്ന് വെള്ളത്തിനടിയിലായി.8,480 കോടി രൂപ ചെലവിൽ നിർമിച്ച ഹൈവേ ബംഗളൂരുവിലെ രാമനഗര ജില്ലയ്ക്ക് സമീപമാണ് വെള്ളത്തിനടിയിലായത്. ഹൈവേയിലെ അണ്ടർ ബ്രിഡ്ജിൽ വെള്ളം കെട്ടിക്കിടന്നതിനാൽ വാഹനങ്ങൾ അപകടത്തിൽ പെട്ടു. വലിയ ഗതാഗത കുരുക്കും രൂപപ്പെട്ടു.

ദുരിതത്തിലായ ചില യാത്രക്കാർ പ്രതിഷേധം ഉയർത്തി. ഹൈവേ ഉദ്ഘാടനത്തിന് തയ്യാറായിട്ടാണോ തുറന്ന് കൊടുത്തതെന്ന ചോദ്യവുമുയർന്നു.വോട്ട് ബാങ്ക് രാഷ്ട്രീയം കൊണ്ട് കഷ്ടപ്പെടുന്നത് ജനങ്ങളാണെന്നും ചില യാത്രക്കാർ പറഞ്ഞു.മാർച്ച് 12 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 118 കിലോമീറ്റർ ദൈർഘ്യമുള്ള ബെംഗളൂരു-മൈസൂർ അതിവേഗ പാത ഉദ്ഘാടനം ചെയ്തത്.

india

രാജ്യസഭയിലും അംഗബലം കുറഞ്ഞ് ബ.ജെ.പി; ബില്ലുകള്‍ പാസാക്കാന്‍ രണ്ട് പാര്‍ട്ടികളുടെ പിന്തുണ വേണം

245 അംഗങ്ങളുള്ള രാജ്യസഭയില്‍ 113 ആണ് ബില്ലുകള്‍ പാസാക്കാനാവശ്യമായ കേവലഭൂരിപക്ഷം

Published

on

നാമനിര്‍ദേശം ചെയ്യപ്പെട്ട 4 അംഗങ്ങളുടെ കാലാവധി പൂര്‍ത്തിയായതോടെ രാജ്യസഭയില്‍ എന്‍.ഡി.എയുടെ അംഗസംഖ്യ കുറഞ്ഞു. രാകേഷ് സിന്‍ഹ, രാം ഷകല്‍, സൊനാല്‍ മാന്‍സിങ്, മഹേഷ് ജേഠ്മലാനി എന്നിവരുടെ കാലാവധിയാണ് ശനിയാഴ്ച പൂര്‍ത്തിയായത്.

നാല് അംഗങ്ങളുടെ കാലാവധി പൂര്‍ത്തിയായതോടെ രാജ്യസഭയിലെ ബി.ജെ.പിയുടെ അംഗസംഖ്യ 86 ആയും ബി.ജെ.പി. നയിക്കുന്ന എന്‍.ഡി.എ. മുന്നണിയുടെ അംഗസംഖ്യ 101 ആയും കുറഞ്ഞു. രാജ്യസഭയില്‍ ബില്ലുകള്‍ പാസാക്കാന്‍ 12 അംഗങ്ങളുടെ കുറവാണ് ഇപ്പോള്‍ എന്‍.ഡി.എയ്ക്കുള്ളത്. 245 അംഗങ്ങളുള്ള രാജ്യസഭയില്‍ നിലവില്‍ 113 ആണ് ബില്ലുകള്‍ പാസാക്കാനാവശ്യമായ കേവലഭൂരിപക്ഷം. നിലവില്‍ 225 അംഗങ്ങളാണ് രാജ്യസഭയിലുള്ളത്.

കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ മുന്നണിക്ക് 87 അംഗങ്ങളാണുള്ളത്. ഇതില്‍ 26 പേര്‍ കോണ്‍ഗ്രസില്‍ നിന്നും 13 പേര്‍ തൃണമൂല്‍ കോണ്‍ഗ്രസുമാണ്. ആം ആദ്മി പാര്‍ട്ടി, ഡി.എം.കെ. എന്നീ പാര്‍ട്ടികള്‍ക്ക് 10 വീതം അംഗങ്ങളും രാജ്യസഭയിലുണ്ട്. തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്റെ ബി.ആര്‍.എസ് ഉള്‍പ്പെടെ ബി.ജെ.പിയുമായോ കോണ്‍ഗ്രസുമായോ സഖ്യത്തിലില്ലാത്ത പാര്‍ട്ടികളുടെ അംഗങ്ങളും നാമനിര്‍ദേശം ചെയ്യപ്പെട്ടവരും സ്വതന്ത്രരുമാണ് ബാക്കിയുള്ളവര്‍.

കേവലഭൂരിപക്ഷമില്ലെങ്കിലും രാജ്യസഭയില്‍ ബില്ലുകള്‍ പാസാക്കാനുള്ള സാധ്യത ബി.ജെ.പിക്ക് മുന്നില്‍ മറ്റു പാര്‍ട്ടികളെ അപേക്ഷിച്ചിരിക്കും. ഒരുസഖ്യത്തിലുമില്ലാത്ത പാര്‍ട്ടികളെ ഒപ്പം കൂട്ടുക മാത്രമാണ് ബി.ജെ.പിക്ക് മുന്നിലുള്ള ഏകമാര്‍ഗം. തമിഴ്നാട്ടിലെ മുന്‍ സഖ്യകക്ഷിയായ എ.ഐ.എ.ഡി.എം.കെ, ആന്ധ്രപ്രദേശിലെ ജഗന്‍ മോഹന്റെ വൈ.എസ്.ആര്‍. കോണ്‍ഗ്രസ് എന്നിവ ഉള്‍പ്പെടെയുള്ള പാര്‍ട്ടികളെ ഒപ്പം നിര്‍ത്താന്‍ കഴിഞ്ഞാല്‍ ബി.ജെ.പിക്ക് ബില്ലുകള്‍ രാജ്യസഭ കടത്താം. വൈ.എസ്.ആര്‍. കോണ്‍ഗ്രസിന് 11 അംഗങ്ങളും എ.ഐ.എ.ഡി.എം.കെയ്ക്ക് 4 അംഗങ്ങളുമാണ് രാജ്യസഭയിലുള്ളത്.

Continue Reading

india

മുഹറത്തിന് ഞങ്ങള്‍ പറയുന്ന നിയമങ്ങള്‍ പാലിക്കുക, അല്ലാത്തവര്‍ വീട്ടിലിരിക്കുക: യോഗി ആദിത്യനാഥ്

ജൂലൈ 14 ഞായറാഴ്ച നടന്ന സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തിലാണ് യോഗിയുടെ പരാമര്‍ശം.

Published

on

സര്‍ക്കാര്‍ പറയുന്ന നിയമങ്ങള്‍ പാലിക്കുന്നില്ലെങ്കില്‍ ആളുകള്‍ മുഹറത്തിന് വീട്ടിലിരിക്കണമെന്ന പ്രസ്താവനയുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുഹറത്തിന്റെ സമയത്ത് ഉത്തര്‍പ്രേദശില്‍ കര്‍ശനമായ നിയമങ്ങള്‍ നടപ്പാക്കിയിട്ടുണ്ടെന്നും അത് പാലിക്കാന്‍ കഴിയാത്തവര്‍ വീട്ടിലിരിക്കണമെന്നുമായിരുന്നു യോഗിയുടെ പ്രസ്താവന. ജൂലൈ 14 ഞായറാഴ്ച നടന്ന സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തിലാണ് യോഗിയുടെ പരാമര്‍ശം.

‘ഓര്‍ക്കുക, മുമ്പ് മുഹറം കാലത്ത് റോഡുകള്‍ ശൂന്യമായിരുന്നു. എന്നാല്‍ ഇന്ന് ആളുകള്‍ ഒരു കാര്യത്തെയും ഗൗരവമായി കാണുന്നില്ല. മുഹറം പ്രമാണിച്ചുള്ള താസിയ ചടങ്ങിന്റെ പേരില്‍ വീടുകള്‍ പൊളിച്ചു, പീപ്പിള്‍ മരങ്ങള്‍ മുറിച്ചു, റോഡിലെ കമ്പികള്‍ നീക്കം ചെയ്തു. എന്നാല്‍ ഇനി അങ്ങനെ ഒന്നും ഉണ്ടാകാന്‍ സര്‍ക്കാര്‍ അനുവദിക്കില്ല.

ഇന്ന് ഒരു പാവപ്പെട്ടവന്റെയും കുടില്‍ പൊളിക്കില്ല എന്ന് കൂടി പറയുന്നു. ഉത്സവം ആഘോഷിക്കണമെങ്കില്‍ സര്‍ക്കാര്‍ ചട്ടങ്ങള്‍ ഉണ്ടാക്കും. നിയമങ്ങള്‍ക്കനുസൃതമായി ആഘോഷിക്കൂ, അല്ലാത്തപക്ഷം വീട്ടില്‍ ഇരിക്കൂ,’ എന്നായിരുന്നു യോഗിയുടെ പ്രസ്താവന. പൊതു സുരക്ഷ ഉറപ്പാക്കാന്‍ ഉത്സവങ്ങള്‍ക്ക് ചട്ടങ്ങള്‍ രൂപീകരിക്കുന്നതിലാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിങ്ങള്‍ക്ക് ഉത്സവം ആഘോഷിക്കണമെങ്കില്‍ നിയമം പാലിക്കണമെന്നും പാലിക്കാന്‍ സാധിക്കാത്തവര്‍ വീട്ടില്‍ തന്നെ ഇരിക്കുന്നതാണ് നല്ലതെന്നും യോഗി സൂചിപ്പിച്ചു.

യു.പിയില്‍ സര്‍ക്കാര്‍ നടത്തുന്ന ഭരണങ്ങളില്‍ ജനങ്ങള്‍ സുരക്ഷിതരാണെന്നും അവര്‍ക്ക് ബി.ജെ.പിയുടെ ഭരണത്തില്‍ വിശ്വാസമുണ്ടെന്നും യോഗി പറഞ്ഞു. കഴിഞ്ഞ ദിവസം യു.പിയില്‍ മുഹറം ഘോഷയാത്രക്കിടെ ഫലസ്തീന്‍ പതാക വീശിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഭദോഹി ജില്ലയില്‍ നടന്ന ഘോഷയാത്രക്കിടെയാണ് യുവാവ് ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. തുടര്‍ന്ന് ഇയാളെ ഭദോഹി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Continue Reading

india

ഭോജ്ശാല കമാല്‍ മൗല മസ്ജിദില്‍ ക്ഷേത്രാവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് പുരാവസ്തു വകുപ്പ്

ഹിന്ദു ഫ്രണ്ട് ഫോര്‍ ജസ്റ്റിസ് എന്ന പേരിലുള്ള സംഘടനയാണ് ഭോജ്ശാല സമുച്ചയത്തിലെ പള്ളി ക്ഷേത്രമാണെന്ന് അവകാശപ്പെട്ട് മധ്യപ്രദേശ് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹരജി നല്‍കിയത്.

Published

on

മധ്യപ്രദേശിലെ ഭോജ്ശാല കമാല്‍ മൗല മസ്ജിദില്‍നിന്ന് ക്ഷേത്രാവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് പുരാവസ്തു വകുപ്പ്. ദൈവശില്‍പങ്ങള്‍, സംസ്‌കൃത ലിഖിതങ്ങള്‍, ത്രിശൂല ചിത്രങ്ങള്‍ എന്നിവ കണ്ടെത്തിയെന്നാണു വാദം. മസ്ജിദില്‍ നടത്തിയ സര്‍വേ റിപ്പോര്‍ട്ട് മധ്യപ്രദേശ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ഈ മാസം 22നു കോടതി പരിഗണിക്കും.

കമാല്‍ മൗല മസ്ജിദില്‍ എ.എസ്.ഐയുടെ നേതൃത്വത്തില്‍ മൂന്നു മാസം നീണ്ട സര്‍വേ നടന്നിരുന്നു. ഇതിനു പിന്നാലെയാണ് 2,000ത്തിലേറെ പേജുള്ള റിപ്പോര്‍ട്ട് മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇന്‍ഡോര്‍ ബെഞ്ചിനു മുന്‍പാകെഎ.എസ്.ഐ കൗണ്‍സല്‍ ഹിമാന്‍ഷു ജോഷി സമര്‍പ്പിച്ചത്.

ഹിന്ദു ഫ്രണ്ട് ഫോര്‍ ജസ്റ്റിസ് എന്ന പേരിലുള്ള സംഘടനയാണ് ഭോജ്ശാല സമുച്ചയത്തിലെ പള്ളി ക്ഷേത്രമാണെന്ന് അവകാശപ്പെട്ട് മധ്യപ്രദേശ് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹരജി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്ത് സര്‍വേ നടത്താന്‍ മാര്‍ച്ച് 11ന് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. മാര്‍ച്ച് 22ന് എ.എസ്.ഐ സര്‍വേ ആരംഭിക്കുകയും ചെയ്തു. അടുത്തിടെയാണ് സര്‍വേ പൂര്‍ത്തിയായത്. ജൂലൈ 15നകം പൂര്‍ണമായ സര്‍വേ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഈ മാസം ആദ്യത്തില്‍ ഹൈക്കോടതി എ.എസ്.ഐയോട് നിര്‍ദേശിച്ചിരുന്നു.

ഭോജ്ശാലയില്‍ ദിവസവും പൂജ നടത്തുന്നത് 2003ല്‍ എ.എസ്.ഐ വിലക്കിയിരുന്നു. ഇതു ചോദ്യംചെയ്താണ് ഹിന്ദു വിഭാഗം കോടതിയെ സമീപിച്ചത്. കമാല്‍ മൗല പള്ളിയില്‍ നടക്കുന്ന പ്രാര്‍ഥന തടണമെന്നും ആവശ്യമുണ്ടായിരുന്നു. ഭോജ്ശാല നിലവില്‍ എ.എസ്.ഐ മേല്‍നോട്ടത്തിലാണുള്ളത്.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള കെട്ടിടം പൂര്‍ണമായി സരസ്വതി ക്ഷേത്രമാണെന്നാണ് ഹിന്ദു വിഭാഗം വാദിക്കുന്നത്. 2003ലെ എ.എസ്.ഐ ഉത്തരവ് പ്രകാരം ഇവിടെ എല്ലാ ചൊവ്വാഴ്ചയും പൂജ നടക്കുന്നുണ്ട്. വാഗ്‌ദേവി സരസ്വതിയുടെ ക്ഷേത്രമാണിതെന്നും സമുച്ചയത്തിന്റെ ഒരു ഭാഗവും ഉപയോഗിക്കാന്‍ മുസ്‌ലിംകള്‍ക്ക് അവകാശമില്ലെന്നും ഹരജിക്കാര്‍ വാദിച്ചിരുന്നു. അതേസമയം, ഇതിനോടു ചേര്‍ന്നുള്ള കമാല്‍ മൗല മസ്ജിദില്‍ എല്ലാ വെള്ളിയാഴ്ചയും ജുമുഅ നമസ്‌കാരവും നടക്കുന്നുണ്ട്.

സരസ്വതി ദേവിയുടെ വിഗ്രഹം ലണ്ടന്‍ മ്യൂസിയത്തില്‍നിന്നു കൊണ്ടുവന്ന് ക്ഷേത്രത്തില്‍ പുനഃസ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നും ഹിന്ദു വിഭാഗം ഹരജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എ.ഡി 1034ല്‍ അന്നത്തെ ധാര്‍ ഭരണാധികാരി ഭോജ്ശാലയില്‍ പ്രതിഷ്ഠിച്ച വിഗ്രഹം 1857ല്‍ ബ്രിട്ടീഷുകാര്‍ ലണ്ടനിലേക്കു കടത്തുകയായിരുന്നുവെന്നാണ് ഇവരുടെ വാദം. തങ്ങളുടെ മതകേന്ദ്രം തിരിച്ചുപിടിക്കാനുള്ള നിയമപോരാട്ടം ആരംഭിച്ചിരിക്കുകയാണെന്നാണ് ഹരജിക്കാരില്‍ ഒരാളായ ആശിഷ് ഗോയല്‍ മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവില്‍ പ്രതികരിച്ചത്.

ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിക്കുമെന്ന് ധാറിലെ ഖാദി വഖാര്‍ സാദിഖ് വ്യക്തമാക്കിയിട്ടുണ്ട്. ഹൈക്കോടതി വിധി മുസ്ലിം സമുദായത്തിന് അംഗീകരിക്കാനാകില്ല. ഇതിനെതിരെ കമാല്‍ മൗല മസ്ജിദ് കമ്മിറ്റി സുപ്രിംകോടതിയില്‍ ഹരജി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

ഭോജ്ശാലയിലെ എ.എസ്.ഐ സര്‍വേ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മസ്ജിദ് കമ്മിറ്റി സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി തള്ളിയിരുന്നു. മധ്യപ്രദേശ് ഹൈക്കോടതിയുടെ ഉത്തരവ് ചോദ്യംചെയ്തായിരുന്നു ഹരജി. മൗലാന കമാലുദ്ദീന്‍ വെല്‍ഫെയര്‍ സൊസൈറ്റിയാണ് സുപ്രിംകോടതിയെ സമീപിച്ചത്. സമുച്ചയത്തിന്റെ സ്വഭാവം മാറ്റുന്ന തരത്തിലുള്ള ഖനനം നടത്തരുതെന്ന് ജസ്റ്റിസ് ഋഷികേശ് റോയ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചെങ്കിലും സര്‍വേ നടപടികള്‍ തടഞ്ഞില്ല. അനുമതിയില്ലാതെ സ്ഥത്ത് ഒരു നടപടികളും ഉണ്ടാവരുതെന്നും ബെഞ്ച് നിര്‍ദേശിച്ചിരുന്നു. ഹരജിയില്‍ നിലപാട് വ്യക്തമാക്കാന്‍ കോടതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടിസ് നല്‍കുകയും ചെയ്തിരുന്നു.

 

Continue Reading

Trending