മാഡ്രിഡ്: ലാലിഗയില്‍ ബാഴ്സലോണയ്ക്ക് വന്‍ തിരിച്ചടി. മൂന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് സെല്‍റ്റ ബാഴ്സയെ അട്ടിമറിച്ചത്. മത്സരത്തിന്റെ ആദ്യ പകുതിയില്‍ തുടരെ എറ്റ മൂന്ന് ഗോളുകള്‍ക്കു മുന്നില്‍ ബാഴ്‌സ അക്ഷരാര്‍ത്ഥത്തില്‍ പതറുന്നതാണ് ഇന്നലെ കണ്ടത്. തുടക്കം മുതല്‍ ബാഴ്സയ്ക്ക് മികച്ച എതിരാളികളാണ് തങ്ങളെന്ന് കാണിക്കുന്ന പ്രകടനമായിരുന്നു സെല്‍റ്റാ താരങ്ങളുടേത്. എന്നാല്‍ രണ്ടാം പകുതിയില്‍ ബാഴ്സ താരങ്ങള്‍ പിക്വേയിലൂടെ ഗോളുകള്‍ മടക്കി തുടങ്ങിയതോടെ ആരാധകര്‍ക്ക് ആവേശമായി.

മത്സരത്തിന്റെ 22-ാം മിനിറ്റില്‍ പിയോണ്‍ സിസ്റ്റോയിലൂടെയാണ് സെല്‍റ്റ ആദ്യ ഗോള്‍ നേടിയകത്. 31-ാം മിനിറ്റില്‍ ലാഗോ അസ്പാസിലൂടെ മത്സരത്തില്‍ ലീഡ് സെല്‍റ്റ രണ്ടാക്കി ഉയര്‍ത്തി. രണ്ടാം ഗോളിന്റെ ആഘോഷങ്ങള്‍ അവസാനിക്കും മുമ്പ് 33-ാം മിനിറ്റില്‍ ബാഴ്സലോണ ഡിഫന്‍ഡര്‍ ജെറമി മാത്യൂ സെല്‍ഫ് ഗോള്‍ അടിച്ച് സെല്‍റ്റയ്ക്ക് മൂന്ന് ഗോളുകളുടെ ലീഡ് സമ്മാനിച്ചു. ആദ്യ പകുതി അവസാനിക്കുമ്പോള്‍ 3-0 ന്റെ ലീഡുമായി സെല്‍റ്റാ വിജയം ഏറെക്കുറെ ഉറപ്പിച്ചു.

എന്നാല്‍ രണ്ടാം പകുതിയില്‍ ബാഴ്സ താരങ്ങള്‍ ഉണര്‍ന്ന് കളിച്ചതോടെ മത്സരം ആവേശത്തിലായി. 58-ാം മിനിറ്റില്‍ പിക്വേയും 64-ാം മിനിറ്റില്‍ നെയ്മറുമാണ് ബാഴ്സയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. പിക്വേയുടെ മനോഹരമായ ഹെഡറും നെയ്മറിന്റെ വിജയകരമായ പെനാല്‍റ്റി ഗോളുകളുമാണ് ടീമിന് ആശ്വാസമായത്.
പക്ഷേ 77-ാം മിനിറ്റില്‍ സെല്‍റ്റയുടെ നാലാം ഗോളായി പാബ്ലോ ഹെര്‍ണാണ്ടസിന്റെ വിജയഗോള്‍ പിറന്നു.
എന്നാല്‍ 87-ാം മിനിറ്റില്‍ പിക്വ വീണ്ടും ബാഴ്സക്് ആശ്വാസ ഗോളുമായെത്തി മത്സരം കടുപ്പിച്ചു. ആവേശത്തിന് കൂട്ടായി 90-ാം മിനിറ്റില്‍ ഗോള്‍ നേടാന്‍ ലഭിച്ച സുവര്‍ണ്ണാവസരം നെയ്മര്‍ നഷ്ടപ്പെടുത്തിയതോടെ ബാഴ്സ തോല്‍വി സമ്മതിച്ചു. കഴിഞ്ഞ സീസണിലെ ഹോം മാച്ചില്‍ സെല്‍റ്റാ ബാഴ്സയെ 4-1 ന് തോല്‍പ്പിച്ചിരുന്നു.