X

ബാർസ കോച്ച് തെറിച്ചേക്കും; പകരമെത്തുക ഇവരിൽ ഒരാൾ

ബാർസലോണ: ചാമ്പ്യൻസ് ലീഗിലെ ഞെട്ടിക്കുന്ന തോൽവിക്കു പിന്നാലെ ബാർസലോണ പുതിയ കോച്ചിനെ തേടുന്നതായി റിപ്പോർട്ടുകൾ. തുടർച്ചയായ രണ്ടാം വർഷവും ആദ്യരപാദത്തിലെ ലീഡ് നിലനിർത്താൻ കഴിയാതെ ടീം പുറത്തായതോടെയാണ് ബാർസ മാനേജ്‌മെന്റ് കോച്ചിനെ മാറ്റുന്നതിനെ സംബന്ധിച്ച് ചിന്തിക്കുന്നത്. തോൽവിയോടെ ഡ്രസ്സിങ് റൂമിൽ വൽവർദെ അസ്വീകാര്യനായെന്നും അദ്ദേഹം രാജിവെക്കുമെന്നുമാണ് ബോർഡ് കരുതുന്നതെന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ചൊവ്വാഴ്ച നടന്ന രണ്ടാംപാദ സെമിയിൽ ലിവർപൂളിനോട് നാലു ഗോളിന് തോറ്റതിനു പിന്നാലെ വാൽവർദെ രാജിവെക്കണമെന്ന് ബാർസലോണ ആരാധകരിൽ വലിയൊരു വിഭാഗം ആവശ്യപ്പെട്ടിരുന്നു. #ValverdeOut എന്ന ഹാഷ് ടാഗ് സാമൂഹ്യമാധ്യമങ്ങളിൽ തരംഗമാവുകയും ചെയ്തു. തോൽവിക്കു പിന്നാലെ കോച്ച് രാജിവെക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പല ആരാധകരും അഭിപ്രായപ്പെട്ടു. എന്നാൽ, വൽവർദെ ഇതുവരെ നയം വ്യക്തമാക്കിയിട്ടില്ല.

2017 മെയ് മാസത്തിൽ ലൂയിസ് എൻറിക്കിന്റെ പിൻഗാമിയായാണ് വൽവെർദെ ക്യാംപ്‌നൗവിൽ ചുമതലയേൽക്കുന്നത്. 201-18, 18-19 സീസണുകളിൽ ടീമിന് സ്പാനിഷ് കിരീടം നേടിക്കൊടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞെങ്കിലും ചാമ്പ്യൻസ് ലീഗിലെ തോൽവികൾ ആരാധകരെ ക്ഷുഭിതരാക്കി. 2018-ൽ എ.എസ് റോമയും ഈ വർഷം ലിവർപൂളും ഏറെക്കുറെ സമാനമായ രീതിയിലാണ് ബാർസയെ യൂറോപ്പിന്റെ ടൂർണമെന്റിൽ നിന്ന് പുറത്താക്കിയത്. ലയണൽ മെസ്സിയെ അമിതമായി ആശ്രയിക്കുന്ന വൽവെർദെ, റോമക്കെതിരായ രണ്ടാംപാദ തോൽവിയിൽ നിന്ന് പാഠം പഠിക്കാത്തതാണ് ഇത്തവണ തിരിച്ചടിയായതെന്ന് ആരാധകർ വിലയിരുത്തുന്നു.

ബാർസയുമായി വൽവെർദെയുടെ കരാർ ഒരു സീസൺ കൂടിയുണ്ട്. എന്നാൽ, കാലാവധി കഴിയാൻ അദ്ദേഹം കാത്തുനിൽക്കില്ലെന്നാണ് മാനേജ്‌മെന്റിന്റെ പ്രതീക്ഷ. 2008-ൽ കളിക്കാരുടെ പിന്തുണ നഷ്ടപ്പെട്ട വൽവെർദെ എസ്പാന്യോളിൽ നിന്ന് കാലാവധി പൂർത്തിയാകാൻ കാത്തുനിൽക്കാതെ രാജിവെച്ചിരുന്നു. അതേസമയം, ബാർസക്ക് ചാമ്പ്യൻസ് ലീഗ് നേടിക്കൊടുക്കുക എന്നത് വെല്ലുവിളിയായി ഏറ്റെടുത്ത് കോച്ച് ഒരു സീസൺ കൂടി നൗകാംപിൽ തുടരാനുള്ള സാധ്യതയുമുണ്ട്.

അയാക്‌സിനെ ചാമ്പ്യൻസ് ലീഗ് സെമി വരെ എത്തിച്ച എറിക് ടെൻ ഹാഗിനെയാണ് ബാർസ മാനേജ്‌മെന്റ് അടുത്ത മാനേജറായി പരിഗണിക്കുന്നത് എന്ന് റിപ്പോർട്ടുകളുണ്ട്. ടെൻ ഹാഗിന്റെ ആക്രമണാത്മക ശൈലി ബാർസയുടെ പാരമ്പര്യത്തിന് യോജിച്ചതാണ്. ഇതിനൊപ്പം അയാക്‌സിലെ രണ്ടോ മൂന്നോ പ്രധാന താരങ്ങൾ അടുത്ത സീസണിൽ ബാർസലോണയിലുണ്ടാകുമെന്ന സൂചനയും ശക്തമാണ്. ബാർസ പോലെ വലിയൊരു ക്ലബ്ബിന്റെ ഓഫർ തള്ളിക്കളയാൻ ഹോളണ്ടിനു പുറത്ത് സീനിയർ ടീമിനെ പരിശീലിപ്പിച്ചിട്ടില്ലാത്ത ടെൻ ഹാഗ് സന്നദ്ധനായേക്കില്ല.

ടെൻ ഹാഗിനു പുറമെ മുൻ പി.എസ്.ജി കോച്ച് ലോറന്റ് ബ്ലാങ്ക്, റയൽ ബെറ്റിസിന്റെ പരിശീലകൻ ക്വിക് സെറ്റീൻ എന്നിവരും ബാർസയുടെ പരിഗണനയിലുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: