റാമല്ല: പ്രമുഖ ഫലസ്തീന്‍ രാഷ്ട്രീയ പ്രവര്‍ത്തകന്‍ ബാസില്‍ അല്‍ റാജിയുടെ മരണം ഫലസ്തീന്‍ അതോറിറ്റിയും ഇസ്രാഈലും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിലേക്ക് വെളിച്ചം വീശുന്നതായി ആരോപണം. വെസ്റ്റ്ബാങ്കില്‍ ഭരണകൂടം നടത്തുന്ന ഫലസ്തീന്‍ അതോറിറ്റി ഇസ്രാഈലുമായി ഒപ്പുവെച്ച കരാറാണ് ബാസിലിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് വിമര്‍ശകര്‍ ആരോപിക്കുന്നു. ഫലസ്തീന്‍ സായുധ ഗ്രൂപ്പുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇസ്രാഈലിന് കൈമാറാന്‍ കരാര്‍ നിര്‍ദേശിക്കുന്നുണ്ട്. അനധികൃതമായി ആയുധങ്ങള്‍ കൈവശംവെക്കുകയും ഇസ്രാഈല്‍ കേന്ദ്രങ്ങളില്‍ ആക്രമണത്തിന് പദ്ധതിയിട്ടുവെന്നും ആരോപിച്ച് 2016 ഏപ്രിലില്‍ ബാസിലിനെയും അഞ്ച് സുഹൃത്തുക്കളെയും ഫലസ്തീന്‍ അതോറിറ്റി അറസ്റ്റ് ചെയ്തിരുന്നു. അഞ്ചു മാസത്തിനുശേഷം ഫലസ്തീന്‍ അതോറിറ്റി ഇവരെ വിട്ടയച്ചെങ്കിലും അധികം വൈകാതെ ഇസ്രാഈല്‍ സേന ഇവരില്‍ നാലുപേരെ വീണ്ടും അറസ്റ്റു ചെയ്തു. ബാസില്‍ ഒളിവില്‍പോയതുകൊണ്ട് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനായില്ല. മാര്‍ച്ച് ആറിന് ഇസ്രാഈല്‍ സൈനികര്‍ ബാസിലിനെ കണ്ടെത്തി വെടിവെച്ചു കൊലപ്പെടുത്തി. ഫലസ്തീന്‍ അതോറിറ്റി നല്‍കിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇസ്രാഈല്‍ നടപടിയെന്ന് ഫലസ്തീനികള്‍ ആരോപിക്കുന്നു. രോഷാകുലരായ ഫലസ്തീനികള്‍ റാമല്ലയില്‍ ബാസിലിനെയും സുഹൃത്തിനെയും വിചാരണ ചെയ്തിരുന്ന കോടതിക്കുപുറത്ത് പ്രതിഷേധ റാലി നടത്തി. ഇസ്രാഈലും ഫലസ്തീന്‍ അതോറിറ്റിയും തമ്മിലുള്ള സുരക്ഷാ കരാറാണ് യുവാവിന്റെ മരണത്തിലേക്ക് നയിച്ചതെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. നിരായുധരായ പ്രതിഷേധക്കാരെ കണ്ണീര്‍വാതകം പ്രയോഗിച്ചും റബ്ബര്‍ ബുള്ളറ്റ് ഉപയോഗിച്ച് വെടിവെച്ചുമാണ് ഫലസ്തീന്‍ അതിറ്റോറ്റിയുടെ സുരക്ഷാസേന നേരിട്ടത്. ഇതില്‍ ബാസിലിന്റെ പിതാവ് അടക്കം 11 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇസ്രാഈലുമായി രഹസ്യബന്ധം തുടരുന്ന അതോറിറ്റിക്കെതിരെ പ്രക്ഷോഭം തുടരുമെന്ന് ഫലസ്തീനികള്‍ വ്യക്തമാക്കിയിട്ടുണ്ട്. ജൂത അധിനിവേശ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശബ്ദിക്കുന്ന ഫലസ്തീനികളെ അടിച്ചമര്‍ത്താന്‍ ഇസ്രാഈലും ഫലസ്തീന്‍ അതോറിറ്റിയും കൈകോര്‍ത്തിരിക്കുകയാണെന്ന് അവര്‍ ആരോപിക്കുന്നു. 1993ല്‍ ഇസ്രാഈലും ഫലസ്തീനും ഒപ്പുവെച്ച ഓസ്‌ലോ കരാറിന്റെ ഭാഗമായാണ് സുരക്ഷാ സഹകരണ നിയമം പ്രാബല്യത്തില്‍ വന്നത്. 23 വര്‍ഷത്തിനിടെ ഓസ്‌ലോ കരാറില്‍ പലവിധ മാറ്റങ്ങള്‍ വരുത്തുകയും ഇസ്രാഈല്‍ ഏകപക്ഷീയമായി ലംഘിക്കുകയും ചെയ്തിട്ടും സുരക്ഷാ സഹകരണ നിയമത്തില്‍ മാത്രം മാറ്റമുണ്ടായിട്ടില്ല.