X

യുവേഫയുടെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; ലെവന്‍ഡോവ്സ്‌കി മികച്ച താരം

ജെനീവ: 2019-20 സീസണിലെ പ്രകടനം വിലയിരുത്തിയുള്ള യുവേഫ ഫുട്‌ബോള്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച പുരുഷ താരത്തിനുള്ള പുരസ്‌കാരം ജര്‍മന്‍ ക്ലബ്ബ് ബയേണ്‍ മ്യൂണിക്കിന്റെ പോളിഷ് സ്ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കി സ്വന്തമാക്കി. ബയേണ്‍ മ്യൂണിക്കിന്റെ ചാമ്പ്യന്‍സ് ലീഗ് വിജയത്തില്‍ നിര്‍ണായകമായത് ലെവന്‍ഡോവ്സ്‌കിയുടെ പ്രകടനമായിരുന്നു. മികച്ച സ്ട്രൈക്കര്‍ക്കുള്ള പുരസ്‌കാരവും ലെവന്‍ഡോവ്സ്‌കിക്കാണ്.

മാഞ്ചെസ്റ്റര്‍ സിറ്റിയുടെ കെവിന്‍ ഡിബ്രുയിനെ മികച്ച മിഡ്ഫീല്‍ഡറായി തെരഞ്ഞെടുത്തു. മികച്ച ഗോള്‍കീപ്പര്‍ക്കുള്ള പുരസ്‌കാരം ബയേണിന്റെ ജര്‍മന്‍ താരം മാനുവല്‍ നൂയര്‍ക്കാണ്. കഴിഞ്ഞ സീസണിലെ ബയേണിന്റെ കുതിപ്പിനു പിന്നില്‍ നൂയര്‍ വഹിച്ച പങ്ക് ഏറെ വലുതായിരുന്നു. ബയേണിന്റെ തന്നെ ജോഷുവ കിമ്മിച്ചാണ് മികച്ച ഡിഫണ്ടര്‍. സഹ താരങ്ങളായ അല്‍ഫാന്‍സോയേയും അലാബയേയും മറികടന്നാണ് കിമ്മിച്ചിന്റെ പുരസ്‌കാരം നേട്ടം.

ബയേണ്‍ മ്യൂണിക്ക് പരിശീലകന്‍ ഹാന്‍സി ഫ്ളിക്കിനാണ് മികച്ച പുരുഷ പരിശീലകനുള്ള പുരസ്‌കാരം. ലിവര്‍പൂളിന്റെ യര്‍ഗന്‍ ക്ലോപ്പിനെ മറികടന്നാണ് ഫ്ളിക്കിന്റെ നേട്ടം.

കെവിന്‍ ഡിബ്രുയിനെ, മാനുവല്‍ നൂയര്‍ എന്നിവരെ മറികടന്നാണ് ലെവന്‍ഡോവ്സ്‌കി യുവേഫയുടെ മികച്ച താരമായത്. ചാമ്പ്യന്‍സ് ലീഗ് കഴിഞ്ഞ സീസണില്‍ 15 ഗോളുകളാണ് ബയേണ്‍ മുന്‍നിര താരം നേടിയത്. ബുണ്ടസ് ലിഗയില്‍ 31 മത്സരങ്ങളില്‍ നിന്ന് 34 ഗോളുകളും ജര്‍മന്‍ കപ്പിലെ അഞ്ച് മത്സരങ്ങളില്‍ നിന്ന് ആറു ഗോളുകളും താരം സ്വന്തമാക്കിയിരുന്നു.

യുവേഫയുടെ മികച്ച വനിതാ താരത്തിനുള്ള പുരസ്‌കാരം ചെല്‍സിയുടെ ഡെന്‍മാര്‍ക്ക് താരം പെര്‍നില്ലെ ഹാര്‍ഡര്‍ക്കാണ്. സറാഹ് ബൗഹാദിക്കാണ് മികച്ച വനിതാ ഗോള്‍കീപ്പര്‍. ലിയോണിന്റെ ജീന്‍ ലൂക്ക് വാസ്യൂറാണ് മികച്ച വനിതാ പരിശീലക.

chandrika: