X

നിലപാട് കടുപ്പിച്ച് ബി.ഡി.ജെ.എസ്; ചെങ്ങന്നൂരില്‍ സ്വന്തം നിലയില്‍ സ്ഥാനാര്‍ത്ഥി?

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്വന്തം നിലയില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നതിനെ കുറിച്ച് ബി.ഡി.ജെ.എസ് ആലോചന തുടങ്ങി. പാര്‍ട്ടിയുടെ ചെങ്ങന്നൂര്‍ മണ്ഡലം കമ്മിറ്റി ഈ ആവശ്യം നേരത്തെ മുന്നോട്ടുവെച്ചിരുന്നെങ്കിലും ഇക്കഴിഞ്ഞ ശനിയാഴ്ച ആലപ്പുഴയില്‍ ചേര്‍ന്ന സംസ്ഥാന നേതൃയോഗം അത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് പോകേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ചെങ്ങന്നൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി പി.എസ് ശ്രീധരന്‍ പിള്ളയെ ഇന്ന് പ്രഖ്യാപിക്കുന്ന സാഹചര്യത്തിലാണ് ബി.ഡി.ജെ.എസ് നിലപാട് കടുപ്പിക്കുന്നത്. ശ്രീധരന്‍ പിള്ളയെ സ്ഥാനാര്‍ത്ഥിയാക്കുന്ന കാര്യം ബി.ഡി.ജെ.എസുമായി ആലോചിച്ചില്ലെന്നും തീരുമാനം ബി.ജെ.പി ഏകപക്ഷീയമായി കൈക്കൊണ്ടതാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കേരളത്തില്‍ എന്‍.ഡി.എ മുന്നണി സംവിധാനം ഇല്ലാതായെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.

ചെങ്ങന്നൂരില്‍ ബി.ഡി.ജെ.എസ് സ്വന്തം നിലയില്‍ മത്സരിക്കണമെന്ന ആവശ്യം ചെങ്ങന്നൂരിലെ നേതാക്കള്‍ വെള്ളാപ്പള്ളിയെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം എടുക്കാന്‍ അദ്ദേഹം തുഷാര്‍ വെള്ളാപ്പള്ളിയോട് നിര്‍ദേശിച്ചിരിക്കുകയാണ്. ബി.ഡി.ജെ.എസിന്റെ ചെങ്ങന്നൂരിലെ നേതാക്കള്‍ അവിടത്തെ ബി.ജെ.പി നേതൃത്വവുമായി വളരെക്കാലമായി അകല്‍ച്ചയിലാണ്. എന്‍.ഡി.എ എന്ന നിലയില്‍ ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ ഒരു പരിപാടി സംഘടിപ്പിച്ചിട്ടുപോലും കാലമേറെയായി. തെരഞ്ഞെടുപ്പില്‍ സഹകരിക്കാന്‍ വേണ്ടി മാത്രം ഒരു മുന്നണിയുടെ ഭാഗമാകേണ്ടതില്ലെന്ന വികാരമാണ് ബി.ഡി.ജെ.എസ് പ്രവര്‍ത്തകര്‍ക്കുള്ളത്.

ചെങ്ങന്നൂരില്‍ ആറായിരമായിരുന്ന വോട്ട് നാല്‍പതിനായിരത്തിന് മുകളിലേക്ക് ഉയര്‍ത്തിയത് ബി.ഡി.ജെ.എസാണെന്ന് എന്‍.ഡി.എ യോഗത്തില്‍ തന്നെ തുഷാര്‍ വെള്ളാപ്പള്ളി അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാല്‍ മുന്നണി എന്ന നിലയില്‍ ബി.ഡി.ജെ.എസിന് വേണ്ടത്ര പ്രാതിനിധ്യം നല്‍കാന്‍ ബി.ജെ.പി തയാറായിട്ടില്ല. കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ ചേര്‍ന്ന യോഗത്തില്‍ ബി.ജെ.പിക്കെതിരെ തുഷാര്‍ ആഞ്ഞടിച്ചിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ഇഴയടുപ്പം ഇപ്പോള്‍ എന്‍.ഡി.എയില്‍ ഇല്ലെന്ന് വ്യക്തമാക്കിയ തുഷാര്‍, ചെങ്ങന്നൂരില്‍ ബി.ഡി.ജെ.എസ് സ്ഥാനാര്‍ത്ഥി ഉണ്ടാവാനും ഉണ്ടാവാതിരിക്കാനും സാധ്യതയുണ്ടെന്നും ഉചിതമായ തീരുമാനം വരും ദിവസങ്ങളില്‍ ഉണ്ടാവുമെന്നും അറിയിച്ചിരുന്നു. ഈസാഹചര്യത്തില്‍ വെള്ളാപ്പള്ളിയുടെ പിന്തുണയോടെ ചെങ്ങന്നൂരിലെ ബി.ഡി.ജെ.എസ് നേതാക്കള്‍ സ്വതന്ത്രമായി മത്സരിക്കാന്‍ അനുമതി നേടി നേതൃത്വത്തില്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്.

എന്‍.ഡി.എയില്‍ കൂടിയാലോചനകള്‍ കുറവാണെന്നും ബി.ജെ.പി ഒറ്റക്ക് തീരുമാനമെടുക്കുന്നെന്നുമാണ് ബി.ഡി.ജെ.എസിന്റെ പരാതി. ഇന്ത്യ ഭരിക്കുന്ന കക്ഷിയാണ് ബി.ജെ.പി. സഹകരിക്കുന്നവര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കാന്‍ അവര്‍ക്ക് ബാധ്യതയുണ്ട്. ഒരു ഓട്ടോറിക്ഷയില്‍ കയറാനുള്ള ആളുപോലുമില്ലാത്ത പാര്‍ട്ടികള്‍ക്ക് കേരളത്തിലെ എല്‍.ഡി.എഫും യു.ഡി.എഫും ആവശ്യത്തിലേറെ പരിഗണന നല്‍കുന്നുണ്ട്. കേരളത്തിലെ ബി.ജെ.പി നേതാക്കള്‍ ഇവിടെ ആര്‍ക്ക് എന്തു കൊടുക്കണമെന്ന് പറയാത്തതാണ് പ്രശ്‌നമെന്നും തുഷാര്‍ തുറന്നടിച്ചിരുന്നു.

chandrika: