X

വിശ്വാസവും അന്ധവിശ്വാസവും

ടി.എച്ച് ദാരിമി

പത്തനംതിട്ടയിലെ ഇലന്തൂരില്‍ നടന്ന നരബലിയുടെ നാള്‍വഴി ഏതാണ്ട് അനാവരണം ചെയ്യപ്പെട്ടുകഴിഞ്ഞു. കേന്ദ്രപ്രതി ഭഗവല്‍സിംഗ് തന്റെ പൂര്‍വജന്മം എവിടെ, എന്തായിട്ടായിരുന്നു എന്ന് കണ്ടെത്തുന്നത് മുതല്‍ അത് ആരംഭിക്കുന്നു. അദ്ദേഹം തന്നെ പറഞ്ഞതനുസരിച്ച് തമിഴ്‌നാട്ടിലെ ചിദംബരത്തുള്ള താന്ത്രികവിദ്യകളില്‍ അഗ്രഗണ്യനായ ഒരാളില്‍ നിന്നാണ് അത് കണ്ടെത്തുന്നത്. ചിദംബരത്തെ സ്വാമിയുടെ അടുക്കല്‍ എല്ലാവരുടെയും പൂര്‍വ ജന്മത്തെകുറിച്ചുള്ള പ്രമാണമുണ്ടത്രെ. അതനുസരിച്ച് ബംഗാളിലെ വൈദ്യകുടുംബാംഗമായിരുന്നുവത്രെ കഴിഞ്ഞ ജന്മത്തില്‍ അദ്ദേഹം. മരുന്നു മാറിക്കൊടുത്തതിന്റെ പേരില്‍ വൈദ്യരെ നാട്ടുകാര്‍ തല്ലിക്കൊന്നു. തുടര്‍ന്നുള്ള ജന്മമായിരുന്നു ഇപ്പോഴത്തേത് എന്ന് വിശ്വസിക്കുന്ന ഈ കക്ഷിയെ അലട്ടുന്നത് തന്റെ പൂര്‍വജന്മത്തിലെ ശാപമാണ്. ഇത്തരമൊരു കഥ കേള്‍ക്കാന്‍ പാകപ്പെട്ട മനസ്സിന്റെ ഉടമയായ ലൈല ഇയാളുടെ ജീവിതസഖിയായി എത്തുകകൂടി ചെയ്യുന്നതോടെ ശാപമോക്ഷത്തിനുള്ള വഴികള്‍ അന്വേഷിച്ചുതുടങ്ങി രണ്ടുപേരും. നരബലി നല്‍കിയാല്‍ ശാപമോക്ഷവും തുടര്‍ന്ന് ഐശ്വര്യവും വരുമെന്ന് അവര്‍ വിശ്വസിച്ചു. ഇതിനിടയിലാണ് ഫെയ്‌സ്ബുക്കില്‍നിന്നും മുഹമ്മദ് ശാഫി എന്ന തട്ടിപ്പുവീരനുമായി ഇവര്‍ ബന്ധപ്പെടുന്നത്. ശ്രീദേവി എന്ന പേരിലുള്ള എക്കൗണ്ടിലൂടെ ഇത്തിരി പ്രേമവിവശനായിട്ടായിരുന്നു ബന്ധത്തിന്റെ തുടക്കം. പിന്നെ ദൈവ പ്രീതിക്ക്‌വേണ്ടി നരബലിക്ക് വേണ്ട കാര്യങ്ങള്‍ താന്‍ ചെയ്തുതരാം എന്ന് ശ്രീദേവി പറയുന്നു, ശ്രീദേവി ഒരു കര്‍മിയെ അയച്ചുകൊടുക്കുന്നു. കര്‍മിയായി ശാഫി തന്നെ, ഒറ്റപ്പെട്ടു കഴിയുന്ന റോസ്‌ലിന്‍ എന്ന തെരുവു കച്ചവടക്കാരിയുമായി വരുന്നു, അവളെ ബലി നല്‍കുന്നു, കാര്യമായ ഫലങ്ങളൊന്നും അനുഭവപ്പെടാത്തതിനെതുടര്‍ന്ന് സിംഗും ലൈലയും കാര്യം തിരക്കുന്നു, കുടുംബത്തിന് മേലുള്ള ശാപമാണ് എന്ന് വിശ്വസിപ്പിച്ച് ഒരു നരബലി കൂടി നടത്താനുള്ള കോള് ശാഫി ഒപ്പിക്കുന്നു, തുടര്‍ന്ന് പത്മം എന്ന മറ്റൊരുത്തിയെ കൊണ്ട്‌വന്ന് ബലി നല്‍കുന്നു. ഇങ്ങനെയാണ് കഥ പുരോഗമിച്ചത്. ഇതിനിടയിലൊക്കെ മനസ്സാക്ഷിയെ നടുക്കുന്ന കുറേ സംഭവങ്ങള്‍ നടക്കുന്നുണ്ട്. കഥയുടെ കഥ പൊളിയാതിരിക്കാന്‍ ചെയ്ത വേലകളാണ് അവയെല്ലാം.

സംഭവത്തിലേക്ക് നയിച്ച കാര്യങ്ങളെ കുറിച്ചുള്ള ചര്‍ച്ചയില്‍ ആദ്യം മുതലേ ഉയര്‍ന്നുവന്ന പ്രതി അന്ധവിശ്വാസമാണ്. എന്താണ് വിശ്വാസം, എന്താണ് അന്ധവിശ്വാസം, ഈ നടന്നതൊക്കെ അന്ധവിശ്വാസത്തിന്റെ പ്രചോദനം കൊണ്ടാണോ എന്നീ ചോദ്യങ്ങള്‍ക്കാണ് ഉത്തരം ലഭിക്കേണ്ടത്. ആദ്യം മനസ്സിലാക്കേണ്ടത് വിശ്വാസം എന്നാല്‍ അത് വ്യക്തമായി അറിവിന്റെ പരിധിയില്‍വരുന്ന കാര്യമല്ല എന്നതാണ്. അത്തരം കാര്യങ്ങളെ വിശ്വാസം എന്നു പറയുകയില്ല. ഉദാഹരണമായി ഒരാളുടെ കൈവിരലില്‍ ഒരു മോതിരമുണ്ട്. അതയാള്‍ കാണുന്നുണ്ട്. അയാള്‍ക്കത് തൊട്ടുനോക്കി ഉണ്ടെന്ന് ഉറപ്പിക്കാന്‍ കഴിയുകയും ചെയ്യും. എങ്കില്‍ അത് ഒരു വിശ്വാസമല്ല, അറിവാണ്. എന്നാല്‍ അറിയാന്‍ സാധ്യമല്ലാത്ത കാര്യങ്ങളാണ് പൂര്‍ണമായും വിശ്വാസത്തിന്റെ പരിധിയില്‍വരുന്നത് എന്ന് ഈ പറഞ്ഞതിന് അര്‍ഥമില്ല. മനുഷ്യബുദ്ധിയില്‍ തീരെ പിടിച്ചുനില്‍ക്കാത്തതും ബോധിക്കാത്തതുമായ ധാരണകള്‍ വിശ്വാസമല്ല, മിത്തുകള്‍ തുടങ്ങിയതൊക്കെയാണ്. യുക്തിഭദ്രവും തെളിവുകളുടെ സഹായത്താല്‍ സ്ഥാപിക്കാനും ബോധ്യപ്പെടുത്താനും കഴിയുന്ന തരത്തിലുള്ള ബലമുള്ള ധാരണകളാണ് വിശ്വാസം. അതിന് ഏറ്റവും സരളമായ ഉദാഹരണമാണ് ഇസ്‌ലാമിലെ ദൈവ സങ്കല്‍പ്പവും വിശ്വാസവും. ഈ പ്രപഞ്ചത്തിന് സ്രഷ്ടാവും നിയന്ത്രകനുമായി ഒരു സര്‍വശക്തനുണ്ട് എന്നത് ഇസ്‌ലാം നിര്‍ബന്ധിക്കുന്ന വിശ്വാസമാണ്. അത് തെളിയിക്കുന്നതും സ്ഥാപിക്കാന്‍ സഹായിക്കുന്നതും പ്രപഞ്ചവും അതിലെ ചരാചരങ്ങളുമാണ്. അന്യൂനമായ പ്രപഞ്ചത്തിന്റെയും അതിന്റെ ഘടകങ്ങളുടെയും സൃഷ്ടിപ്പും ഘടനയും പ്രവര്‍ത്തനവും സര്‍വശക്തനായ അല്ലാഹുവിലേക്ക് വിരല്‍ചൂണ്ടുന്നു.

ഇങ്ങനെ വിശ്വാസം നിര്‍വചിക്കപ്പെടുന്നതോടെ അന്ധവിശ്വാസം സ്വയമേവ നിര്‍വചിക്കപ്പെടും. അതനുസരിച്ച് യുക്തിസഹമല്ലാത്ത വിശ്വാസങ്ങളും അവയെച്ചൊല്ലിയുള്ള ആചാരങ്ങളുമാണ് അന്ധവിശ്വാസത്തിന്റെ കോളത്തില്‍ വരിക. അമാനുഷികമായ കഴിവു കൊണ്ടുമാത്രം വിശദീകരിക്കാവുന്നതും ആധുനിക ശാസ്ത്രത്തിനും കേവല യുക്തിക്കും വിരുദ്ധവുമായ വിശ്വാസത്തെയോ ആചാരത്തെയോ ആണ് അന്ധവിശ്വാസം എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. അടിസ്ഥാനപരമായി വിശ്വാസം, അന്ധവിശ്വാസം എന്നിങ്ങനെയുള്ള വര്‍ഗീകരണം മുമ്പില്ലായിരുന്നു. ഇത് സത്യത്തില്‍ യുക്തിവാദികള്‍ സൃഷ്ടിച്ചെടുത്ത പദമാണ്. ദൈവത്തിലോ പിശാചിലോ വിശ്വസിച്ച് ആരാധനകള്‍ അര്‍പ്പിക്കുന്ന സമൂഹങ്ങളെ പരിഹസിക്കുന്നതിനുവേണ്ടിയാണ് ഈ പദം ഇവര്‍ ഉപയോഗിക്കുന്നത്. അതായത്, യുക്തിവാദികള്‍ എന്നു സ്വയം വിശേഷിപ്പിക്കുന്ന ആള്‍ക്കാര്‍ക്ക് ഗ്രഹിക്കാന്‍ കഴിയാത്ത ആശയങ്ങള്‍ പുലര്‍ത്തുന്ന ഏതൊരു വ്യക്തിയും ഇവരുടെ കാഴ്ചപ്പാടില്‍ അന്ധവിശ്വാസിയാണ്. ദൈവവിശ്വാസവും വിഗ്രഹാരാധനയുമൊക്കെ ഒരേ ഗണത്തില്‍പ്പെടുന്ന അന്ധവിശ്വാസങ്ങളായാണ് ഇവര്‍ ധരിച്ചുവച്ചിരിക്കുന്നത്. യുക്തിവാദികളെ സംബന്ധിച്ചിടത്തോളം ശാസ്ത്രീയമായ തെളിവാണ് എല്ലാറ്റിന്റെയും അടിസ്ഥാനം.

മനുഷ്യന്റെയും കുലത്തിന്റെയും അടിസ്ഥാന പ്രകൃതം വിശ്വാസമാണ്. പ്രപഞ്ചത്തിലേക്ക് കടന്നുവരികയും ഒരു കുലമായി വളരുകയും ചെയ്യുമ്പോഴെല്ലാം മനുഷ്യന്‍ വിശ്വാസി മാത്രമായിരുന്നു. ഇക്കാര്യം വിശുദ്ധ ഖുര്‍ആന്‍ ഒന്നിലധികം സ്ഥലങ്ങളില്‍ പറയുന്നു. അല്ലാഹു പറയുന്നു: അല്ലാഹുവിന്പുറമേ, അവര്‍ക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവര്‍ ആരാധിച്ചുകൊണ്ടിരിക്കുന്നു. അവര്‍ (ആരാധ്യര്‍) അല്ലാഹുവിന്റെ അടുക്കല്‍ ഞങ്ങള്‍ക്കുള്ള ശുപാര്‍ശകരാണ് എന്നു പറയുകയും ചെയ്യുന്നു. (നബിയേ) താങ്കള്‍ പറയുക: ആകാശങ്ങളിലോ ഭൂമിയിലോ ഉള്ളതായി അല്ലാഹുവിനറിയാത്ത വല്ല കാര്യവും നിങ്ങള്‍ അവന് അറിയിച്ചുകൊടുക്കുകയാണോ? അല്ലാഹു അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം എത്രയോ പരിശുദ്ധനും ഉന്നതനുമായിരിക്കുന്നു. മനുഷ്യര്‍ ഒരൊറ്റ സമൂഹം മാത്രമായിരുന്നു. എന്നിട്ടവര്‍ ഭിന്നിച്ചിരിക്കുകയാണ്. നിന്റെ രക്ഷിതാവിങ്കല്‍നിന്ന് ഒരു വചനം മുന്‍കൂട്ടി ഉണ്ടായിരുന്നില്ലെങ്കില്‍ അവര്‍ ഭിന്നിച്ചു കൊണ്ടിരിക്കുന്ന വിഷയത്തില്‍ അവര്‍ക്കിടയില്‍ (ഇതിനകം) തീര്‍പ്പുകല്‍പ്പിക്കപ്പെട്ടിരുന്നേനേ (യൂനുസ്: 18,19). അടിസ്ഥാന പ്രകൃതം വിശ്വാസമാണെന്നും അതില്‍ നിന്നും മനുഷ്യന്‍ പിശാചിന്റെ സഹായത്തോടെ സ്വയം തെന്നിമാറുകയായിരുന്നു എന്നു ചുരുക്കം. അതുകൊണ്ടാണ് വിശ്വാസമല്ലാത്തതെല്ലാം ഇങ്ങനെ പലപ്പോഴും അപകടത്തില്‍ ചാടുന്നത്.

നരബലി എന്ന ചിന്തയിലേക്ക് ഭഗവല്‍സിംഗ് എന്ന കേന്ദ്രപ്രതി എത്തിച്ചേരുന്ന പൂര്‍വ ജന്മത്തിലെ ശാപം, അതില്‍ നിന്നുളള മോചനമാര്‍ഗം തുടങ്ങിയതെല്ലാം ഉണ്ടായത് അന്ധവിശ്വാസങ്ങളില്‍ നിന്നാണ് എന്നതില്‍ സന്ദേഹമില്ല. പക്ഷേ, പിന്നീട് ഉണ്ടായ എല്ലാ കാര്യങ്ങളുടെയും പ്രചോദനം വിശ്വാസമോ അന്ധവിശ്വാസമോ ഒന്നുമല്ല. മുഖ്യ ആസൂത്രകനായ ശാഫി ശ്രീവിദ്യയായി വേഷം കെട്ടുന്നതും നരബലി നടത്തിയാല്‍ ഐശ്വര്യം വരും എന്നു പറയുന്നതും അയാളുടെ വിശ്വാസത്തിന്റെ വെളിച്ചത്തിലല്ല. നിരപരാധരും ആരോരുമില്ലാത്തവരുമായ സ്ത്രീകളെ അറുത്ത് ബലി എന്ന് വിശ്വസിപ്പിച്ച് അവരില്‍നിന്ന് പണം തട്ടാനുള്ള സൂത്രത്തിന്റെ വെളിച്ചത്തിലാണ്. പണമല്ലാതെ തന്റെ ഇരയുടെ ശാപമകറ്റുക എന്നതിനെ ഒരിക്കലും അയാള്‍ ലക്ഷ്യമായി കണ്ടിട്ടില്ല. അത്തരമൊരു വിശ്വാസിയുമല്ല അയാള്‍. തന്റെ സൂത്രം വിജയിച്ചു എന്നുറപ്പാക്കിയ ശാഫി പിന്നെ എല്ലാം മുതലെടുക്കുകയായിരുന്നു. ഭര്‍ത്താവിന്റെ മുമ്പിലിട്ട് ഭാര്യയെ കര്‍മത്തിന്റെ ഭാഗമെന്ന് വിശ്വസിപ്പിച്ച് വ്യഭിചരിക്കുമ്പോഴും ഇറച്ചിവെട്ടിന്റെ ലാഘവത്തില്‍ രണ്ടു മനുഷ്യ സ്ത്രീകളെ വെട്ടിക്കൂട്ടുമ്പോഴും അയാളുടെ ഉള്ളില്‍ മദ്യവും ആര്‍ത്തിയുമല്ലാതെ മറ്റൊന്നും പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല. അയാളുടെ ഉള്ളില്‍ വിശ്വാസമോ അന്ധവിശ്വാസം പോലുമോ തെല്ലും ഉണ്ടായിരുന്നില്ല.

 

web desk 3: