X

‘മയക്കുമരുന്ന് വിറ്റുകിട്ടിയ ലാഭം കൊണ്ട് ബിനീഷിനൊപ്പം ചേര്‍ന്ന് സ്ഥാപനം തുടങ്ങി’; അനൂപിന്റെ മൊഴി പുറത്ത്

ബെംഗളൂരു: മയക്കുമരുന്ന് കേസില്‍ നാര്‍ക്കോട്ടിക്‌സ് കണ്ട്രോള്‍ ബ്യൂറോ പിടികൂടിയ പ്രതി മുഹമ്മദ് അനൂപിന്റെ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്തു വന്നു. 2013ല്‍ ബെംഗളൂരുവിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ എം.ഡി.എം.എ എന്ന മയക്കുമരുന്ന് വിറ്റാണ് ലഹരിക്കച്ചവടത്തിലേക്ക് താന്‍ കടന്നതെന്നും ലഹരിമരുന്ന് കച്ചവടത്തില്‍ നിന്നുള്ള ലാഭം ഉപയോഗിച്ച് 2015ലാണ് ഹയാത് അറ്റ് ആഗ്‌നസ് ആര്‍ക്കേഡ് എന്ന സ്ഥാപനം ബിനീഷ് കോടിയേരിയുടെ സഹായത്തോടെ ആരംഭിച്ചതെന്നും അനൂപിന്റെ മൊഴിയില്‍ പറയുന്നു.

2018ല്‍ സ്ഥാപനം നഷ്ടത്തിലായപ്പോള്‍ കേരളത്തിലെ താല്‍ കിച്ചന്‍ ഹോട്ടല്‍ ശൃംഖല 60:40 ലാഭം പങ്കിടല്‍ വ്യവസ്ഥയില്‍ ലീസിന് നല്‍കി. പിന്നാലെ 2020 ഫെബ്രുവരിയില്‍ കല്യാണ്‍ നഗറില്‍ റോയല്‍ സ്യുട്ട് ലീസിന് വാങ്ങി പ്രവര്‍ത്തനം തുടങ്ങി. എന്നാല്‍ അപ്രതീക്ഷിതമായി വന്ന കൊവിഡും ലോക്ക് ഡൗണും കാരണം നഷ്ടം കൂടിയതിനാല്‍ വീണ്ടും മയക്കുമരുന്ന് കച്ചവടത്തിനിറങ്ങി.

2015 മുതല്‍ തനിക്ക് റിജേഷിനെ അറിയാം. ഇയാള്‍ക്കൊപ്പമാണ് വീണ്ടും മയക്കുമരുന്ന് കച്ചവടത്തിന് ഇറങ്ങാന്‍ തീരുമാനിച്ചത്. ഗോവയില്‍ വച്ചു നടന്ന ഒരു മ്യൂസിക് പാര്‍ട്ടിയില്‍ വച്ചാണ് ഇയാളെ പരിചയപ്പെട്ടത്. നഷ്ടം കാരണം പൂട്ടിപ്പോയ പഴയ റെസ്‌റ്റോറന്റിന്റെ അടുക്കള ഉപകരണങ്ങള്‍ വിറ്റാണ് എംഡിഎംഎ വാങ്ങാനുള്ള പണം സമ്പാദിച്ചത്.

കണ്ണൂര്‍ സ്വദേശിയായ ജിംറീന്‍ ആഷി വഴിയാണ് അനിഖയെ കുറിച്ചറിഞ്ഞത്. ജിംറിന്റെ സുഹൃത്തെന്ന് പരിചയപ്പെടുത്തി അനിഖയെ വാട്‌സാപ്പിലൂടെ പരിചയപ്പെട്ടു. പിന്നീട് ടെലിഗ്രാം ആപ്പ് വഴി ഇടപാട് നടത്തി. 250 ലഹരി മരുന്ന് ഗുളികകള്‍ വാങ്ങാന്‍ ധാരണയായി. ഒരു ഗുളികയ്ക്ക് 500 രൂപ നിരക്കില്‍ വാങ്ങാന്‍ തീരുമാനിച്ചു കച്ചവടം ഉറപ്പിച്ചു. 1,37,500 രൂപ കോത്തന്നൂരിലെ കഫെയില്‍ വച്ച് അനിഖക്ക് നല്‍കി.

തുടര്‍ന്ന് ഈ ഗുളികകള്‍ റോയല്‍ സ്യുട്ടില്‍ എത്തിച്ചു നല്‍കി. ഈ ഗുളികകള്‍ പിന്നീട് 2,20,500 രൂപക്ക് വിറ്റു , ഈ പണമാണ് നാര്‍ക്കോട്ടിക് കണ്ട്രോള്‍ ബ്യൂറോ പിടിച്ചെടുത്തത്. കോവിഡ് കാരണം വലിയ നഷ്ടം വന്നപ്പോള്‍ എളുപ്പത്തില്‍ പണമുണ്ടാക്കാനാണ് എംഡിഎംഎ വില്പനയിലേക്ക് വന്നതെന്നും മുഹമ്മദ് അനൂപ് പറയുന്നു. സുഹൃത്തുക്കളുടെ ചിത്രങ്ങളും, ടെലിഗ്രാമിലൂടേയും വാട്‌സാപ്പിലൂടേയും കച്ചവടം ഉറപ്പിച്ചതിന്റെ സ്‌ക്രീന്‍ ഷോട്ടുകളും ഇയാള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ മുന്‍പാകെ ഹാജരാക്കി.

web desk 1: