കൊച്ചി: ഗോവക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റ കേരള ബ്ലാസ്‌റ്റേഴ്‌സ് താരം ദിമിതര്‍ ബെര്‍ബറ്റോവിന് 20 ദിവസത്തെ വിശ്രമം. ഗോവയില്‍ നടന്ന ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ എവേ മത്സരത്തില്‍ കാല്‍വണ്ണക്കേറ്റ പരിക്കിനെത്തുടര്‍ന്ന് അഞ്ചാം മിനുറ്റില്‍ ബെര്‍ബറ്റോവ് കളംവിട്ടിരുന്നു.

കൊച്ചിയില്‍ 15നുള്ള നോര്‍ത്ത് ഈസ്റ്റ് എഫ്.സിക്കെതിരായ മത്സരം ബെര്‍ബറ്റോവിന് നഷ്ടമാകും. ഹോം ഗ്രൗണ്ടില്‍ 31ന് ബംഗളുരൂ എഫ്.സിയുമായി നടക്കുന്ന മത്സരത്തില്‍ തിരിച്ചെത്തിയേക്കും.

സുരക്ഷ കാരണങ്ങളാല്‍ പുതുവര്‍ഷരാവിലെ മത്സരം മാറ്റിവെക്കണമെന്ന് കൊച്ചി സിറ്റി പൊലീസ് ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റിനെ അറിയിച്ചിരുന്നു. മത്സരം രണ്ടോ മൂന്നോ ദിവസം നേരത്തെയാക്കിയാല്‍ ബെര്‍ബറ്റോവിന് ബംഗളുരൂവിനെതിരായ മത്സരവും നഷ്ടമാകും. അതേസമയം പരിക്ക് നിസാരമാണെന്ന് ബെര്‍ബറ്റോവ് ഇന്‍സ്റ്റ വീഡിയോയില്‍ അറിയിച്ചു. 20 ദിവസത്തിനുള്ളില്‍ ഫിറ്റ്‌നസ് വീണ്ടെടുക്കാമെന്ന് ഡോക്ടര്‍ അറിയിച്ചതായും വിദഗ്ധ പരിശോധനക്കുശേഷം ചേര്‍ത്ത വീഡിയോയില്‍ താരം പറഞ്ഞു.