X

കോഴിക്കോട്ട് ബി.ജെ.പി – സി.പി.എം കലാപം

ബി.ജെ.പിയുടെയും സി.പി.എമ്മിന്റെയും ആക്രമോത്സുക നിലപാടില്‍ വിറങ്ങലിച്ച് കോഴിക്കോട് ജില്ല. ഇന്നലെ പുലര്‍ച്ചെ സി.പി.എം കമ്മിറ്റി ഓഫീസിലേക്ക് ബോംബെറിഞ്ഞതിന്റെ പ്രതികരണമായി ബി.എം.എസ് ജില്ലാ കമ്മിറ്റി ഓഫീസ് (ദത്തോപാന്ത് ഠേംഗിഡിജി ഭവന്‍) സി.പി.എം പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. കുറ്റിയാടി മണ്ഡലം മുസ്‌ലിംലീഗ് ഓഫീസ്, തിരുവള്ളൂര്‍ പഞ്ചായത്ത് മുസ്‌ലിംലീഗ് ഓഫീസ് എന്നിവക്ക് നേരെയും ഇന്നലെ വൈകിട്ട് സി.പി.എം ബോംബെറിഞ്ഞു.

ബി.ജെ.പിയും സി.പി.എമ്മും കോഴിക്കോട് ജില്ലയെ കലാപഭൂമിയാക്കുമ്പോഴും പൊലീസ് നിഷ്‌ക്രിയത്വം അക്രമിക്കള്‍ക്ക് സഹായകമാവുന്നു. ഇന്നലെ പുലര്‍ച്ചെ സി.പി.എം ഓഫീസിനു നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ് നടത്തിയ ഹര്‍ത്താലിന്റെ മറവില്‍ വ്യാപകമായ അക്രമണമാണ് ഇന്നലെയുണ്ടായത്. എല്ലായിടത്തും പൊലീസ് കാഴ്ചക്കാരന്റെ റോളിലേക്ക് മാറി. കോഴിക്കോട് നഗരത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണമുണ്ടായി. ഇന്ത്യന്‍ എക്‌സ്പ്രസ് ഫോട്ടോഗ്രഫര്‍ എ സനേഷിന്റെ ക്യാമറ സി.പി.എം പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തു. ഈ ദൃശ്യം ഫോട്ടോ എടുക്കാന്‍ ശ്രമിച്ച മാധ്യമം ഫൊട്ടോഗ്രഫര്‍ പി അഭിജിത്തിനെയും കൈയ്യേറ്റം ചെയ്തു. അതിനിടെ കേരള ഭൂഷണം ഫോട്ടോഗ്രഫര്‍ ശ്രീജേഷിനെ മര്‍ദ്ദിച്ച് ക്യാമറയിലെ മെമ്മറി കാര്‍ഡ് എടുത്തു കൊണ്ടുപോയി.
ബാലുശ്ശേരിയില്‍ സി.പി.എം-ബി.ജെ.പി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ഇവരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. ബുധനാഴ്ച ഡല്‍ഹിയിലെ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ എ.കെ.ജി ഭവനിലെത്തി ഹിന്ദു സേനക്കാര്‍ കയ്യേറ്റത്തിന് ശ്രമിച്ചതു മുതലാണ് കോഴിക്കോട് കലാപഭൂമിയായത്. പ്രതിഷേധ പ്രകടനങ്ങളുടെ മറവില്‍ ബുധനാഴ്ചയും വ്യാഴാഴ്ചയും ബി.ജെ.പി-ആര്‍.എസ്.എസ് ഓഫീസുകള്‍ക്ക് നേരെ സി.പി.എം വ്യാപകമായ ആക്രമണമാണ് നടത്തിയത്. ബുധനാഴ്ച പന്തീരീങ്കാവില്‍ സി.പിഎം ഓഫീസിനു നേരെയും ബേപ്പൂരില്‍ ബി.ജെ.പി ഓഫീസിന് നേരെയുമുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ഒളവണ്ണ പഞ്ചായത്തില്‍ എല്‍.ഡി.എഫും ബേപ്പൂരില്‍ ബി.ജെ.പിയും വ്യാഴാഴ്ച ഹര്‍ത്താല്‍ നടത്തിയിരുന്നു.
ഈ മേഖലയിലുള്ളവര്‍ക്ക് വ്യാഴം, വെളളി, ശനി ദിവസങ്ങളില്‍ തുടര്‍ച്ചയായി ഹര്‍ത്താലാണ്. വ്യാഴ്ചാഴ്ച തിരുവള്ളൂരിലെ മുസ്‌ലിംലീഗ് ഓഫീസുകള്‍ക്ക് നേരെയും സി.പി.എം ആക്രമണമുണ്ടായി. ഇന്നലെ വൈകിട്ട് വീണ്ടും ഇതേ ഓഫീസിലേക്ക് സി.പി.എം ബോംബെറിഞ്ഞു. കുറ്റിയാടി മണ്ഡലം മുസ്‌ലിംലീഗ് ഓഫിസിനു നേരെയും ബോംബാക്രമണമുണ്ടായി. തിരുവണ്ണൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അശോകന്റെ വീടിനു നേരെ സി.പി.എം ബോംബെറിഞ്ഞു. പ്രദേശത്തെ മൊയ്തീന്‍ മുസ്‌ലിയാരെയും സി.പി.എമ്മുകാര്‍ മര്‍ദ്ദിച്ചു.
ബുധനാഴ്ച രാത്രി സി.പി.എം വടകര ഏരിയാ കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിന്റെ പ്രതികരണമായാണ് വടകര, കൊയിലാണ്ടി താലൂക്കുകളില്‍ നിരവധി ആര്‍.എസ്.എസ്-ബി.ജെ.പി ഓഫീസുകള്‍ക്ക് നേരെ ആക്രമണമുണ്ടായത്. ഇതില്‍ പ്രതിഷേധിച്ച് ഇരു താലൂക്കുകളിലും ഇന്നലെ ബി.ജെ.പി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇന്നലെ പുലര്‍ച്ചെ നഗരത്തിലെ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയ ജില്ലാ സെക്രട്ടറി പി മോഹനന്‍ മാസ്റ്റര്‍ക്കെതിരെ സ്റ്റീല്‍ ബോംബ് എറഞ്ഞതോടെയാണ് എല്‍.ഡി.എഫും ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.
മോഹനന്‍ മാസറ്റര്‍ക്കെതിരെ ബോംബെറിഞ്ഞതില്‍ വധശ്രമത്തിന് കേസ്സെടുത്ത നടക്കാവ് പൊലീസ് പ്രതികളെ കുറിച്ച് സൂചനകളൊന്നും നല്‍കുന്നില്ല. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് ബോംബെറിഞ്ഞു എന്ന സംഭവത്തിലെ ദുരുഹത പുറത്തുകൊണ്ടുവരണമെന്നും സമഗ്ര അന്വേഷണം നടത്തി കുറ്റവാളികളെ ശിക്ഷിക്കണമെന്നും ആര്‍എസ്എസ്, ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടു. ഇന്നലെ വൈകിട്ട് നഗരത്തില്‍ സംഘ്പരിവാര്‍ നടത്തിയ പ്രകടനം കടന്നു പോയ വഴിയിലെ സി.പി.എം ബോര്‍ഡുകളും ബാനറുകളും പൊലീസ് സാനിധ്യത്തില്‍ തകര്‍ത്തു.

chandrika: