X

കെ.എസ്.ആര്‍.ടി.സിയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 210 താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു

മാവേലിക്കര: കെ.എസ്.ആര്‍.ടി. സിയില്‍ വീണ്ടും കൂട്ടപിരിച്ചുവിടല്‍. നാല് റീജനല്‍ വര്‍ക്ക്‌ഷോപ്പുകളിലായി 210 താല്‍ക്കാലിക ജീവനക്കാരെയാണ് ഇന്നലെ പിരിച്ചുവിട്ടത്. മാവേലിക്കര റീജനല്‍ വര്‍ക്ക്‌ഷോപ്പില്‍ 65 പേരെയും ആലുവയില്‍ 55 പേരെയും എടപ്പാളില്‍ 55 പേരെയും കോഴിക്കോട്ട് 35 പേരെയുമാണ് പിരിച്ചുവിട്ടത്. രാവിലെ ജോലിക്കെത്തിയ ജീവനക്കാരോട് ഉച്ചയ്ക്ക് ശേഷം ജോലിയില്‍ പ്രവേശിക്കേണ്ടെന്ന് അറിയിക്കുകയായിരുന്നു.

ഒറ്റ ഡ്യൂട്ടി സമ്പ്രദായം നടപ്പാക്കുമ്പോള്‍ സ്ഥിരം ജീവനക്കാര്‍ക്ക് ഡ്യൂട്ടി നല്‍കുന്നതിനാണ് കൂട്ടപിരിച്ചുവിടല്‍ എന്നാണ് സൂചന. പത്തു വര്‍ഷത്തിലധികമായി ജോലി ചെയ്യുന്ന ഭിന്നശേഷിക്കാര്‍ അടക്കമുള്ളവരെയാണ് പിരിച്ചുവിട്ടത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് പിരിച്ചുവിടല്‍ ഉത്തരവ് പുറത്തുവന്നത്. നോട്ടീസ് പോലും നല്‍കാതെ പിരിച്ചുവിട്ടത് ക്രൂരതയാണെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും കെ.എസ്.ആര്‍.ടി.ഇ.എ ഭാരവാഹികള്‍ പറഞ്ഞു.
ഷാസികളുടെ ലഭ്യതക്കുറവു മൂലം വര്‍ക്ക്‌ഷോപ്പില്‍ ബസ് ബോഡി നിര്‍മാണം നടക്കുന്നില്ലെന്നും അതിനാലാണ് താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടതെന്നുമാണ് അനൗദ്യോഗികമായി കെ.എസ്.ആര്‍.ടി.സി വിശദീകരിക്കുന്നത്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റ് താല്‍ക്കാലിക ജീവനക്കാരെ കൂട്ടത്തോടെ ഒഴിവാക്കുന്ന നടപടികള്‍ തുടര്‍ന്നുവരികയാണ്. രണ്ടാഴ്ച മുമ്പ് സിംഗിള്‍ ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് സമരം നടത്തിയ തൊഴിലാളികളെ പിരിച്ചുവിട്ടിരിന്നു.

 

chandrika: