കോട്ടയം: ഒന്നര മാസം മുമ്പ് സീറ്റ് നിഷേധിച്ചവര്‍ ഇന്ന് നഗരസഭാ അധ്യക്ഷസ്ഥാനം നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് കോട്ടയം നഗരസഭാ കൗണ്‍സിലറായ ബിന്‍സിയെ സമീപിക്കുന്നത്. ആര്‍ക്കും കേവല ഭൂരിപക്ഷമില്ലാത്ത സ്ഥിതി വന്നതോടെയാണ് സ്വതന്ത്രയായി മത്സരിച്ചു ജയിച്ച ബിന്‍സി സിനിമ സ്റ്റൈല്‍ കിങ്‌മേക്കറായി മാറിയത്. പിന്തുണക്കണമെങ്കില്‍ അധ്യക്ഷസ്ഥാനം നല്‍കണമെന്ന നിലപാട് ബിന്‍സി ഇരു മുന്നണികളോടും വ്യക്തമാക്കി കഴിഞ്ഞു.

ബിന്‍സിക്ക് അധ്യക്ഷ സ്ഥാനം നല്‍കി ഭരണം പിടിക്കാന്‍ യുഡിഎഫും എല്‍ഡിഎഫും നീക്കം തുടങ്ങി. അധ്യക്ഷ സ്ഥാനം തനിക്കു വേണമെന്ന് ബിന്‍സി ഇരു മുന്നണികളോടും ആവശ്യപ്പെടുകയും ചെയ്തു. വിമുക്തഭടന്‍ കറുകച്ചാല്‍ നെടുംകുന്നം പുതുപ്പറമ്പില്‍ ജോയിച്ചന്റെയും ജ്യോത്സ്യനാമ്മയുടെയും മകളാണ് ബിന്‍സി. നഴ്‌സായി നാട്ടിലും ഗള്‍ഫിലും പ്രവര്‍ത്തിച്ചു. ഭര്‍ത്താവ് ചാമത്തറ ഷോബിനൊപ്പം ഷാര്‍ജയിലായിരുന്നു.നാട്ടില്‍ വന്നിട്ട് 10 വര്‍ഷമായി.

നഗരസഭയുടെ 52-ാം വാര്‍ഡായ ഗാന്ധിനഗര്‍ സൗത്തില്‍ നിന്നാണ് ബിന്‍സി തെരഞ്ഞെടുക്കപ്പെട്ടത്. ബിന്‍സിയുടെ ഭര്‍ത്താവ് ഷോബി ലൂക്കോസ് കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റായിരുന്നു. ഈ വാര്‍ഡില്‍ നിന്ന് മത്സരിക്കാന്‍ ബിന്‍സിയുടെ പേരാണ് നിര്‍ദേശിക്കപ്പെട്ടത്. മേല്‍ കമറ്റികളും ഇതിന് എതിര് പറഞ്ഞിരുന്നില്ല. ബിന്‍സി പ്രചാരണം തുടങ്ങിക്കഴിഞ്ഞതിന് ശേഷമാണ് ബിന്‍സിയെ മാറ്റി പുതിയ സ്ഥാനാര്‍ത്ഥിയെ മേല്‍കമ്മറ്റി പ്രഖ്യാപിച്ചതെന്ന് ബിന്‍സി പറയുന്നു.

പ്രചാരണം തുടങ്ങിക്കഴഞ്ഞതിനാല്‍ ഇനി പിന്‍മാറേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. വാര്‍ഡ് കമ്മിറ്റിയുടെ തീരുമാനം അംഗീകരിക്കപ്പെടാത്തത് പ്രശ്‌നമായി. ഇതിനെ തുടര്‍ന്നാണ് സ്വതന്ത്രയായി മത്സരിക്കാന്‍ തീരുമാനിച്ചത്. എട്ട് വോട്ടുകള്‍ക്കാണ് ബിന്‍സി ജയിച്ചത്. വാര്‍ഡിന്റെ വികസനമാണ് ലക്ഷ്യം. തെരഞ്ഞെടുപ്പില്‍ സഹായിച്ചവരുടെ അഭിപ്രായം അംഗീകരിച്ചുകൊണ്ട് ഏത് മുന്നണിക്കൊപ്പം നില്‍ക്കണമെന്ന് തീരുമാനിക്കുമെന്നും ബിന്‍സി വ്യക്തമാക്കി.