X

ജിയോയെ നേരിടാന്‍ ഐഡിയയും വൊഡാഫോണും ലയിക്കുന്നു

ന്യൂഡല്‍ഹി: ടെലികോം രംഗത്ത് പുതിയ വിപ്ലവത്തിന് വഴിയൊരുക്കി മുന്‍നിര ടെലികോം സേവനദാതാക്കളായ ഐഡിയയും വൊഡാഫോണും ലയിക്കുന്നു. ഇതുസംബന്ധിച്ച് ഐഡിയ സെല്ലുലാറിന്റെ ഉടമസ്ഥരായ ആദിത്യ ബിര്‍ളാ ഗ്രൂപ്പുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് ബ്രിട്ടന്‍ ആസ്ഥാനമായ വൊഡാഫോണ്‍ കമ്പനി സ്ഥിരീകരിച്ചു. ലയനം യാഥാര്‍ത്ഥ്യമാവുന്നതോടെ ഇന്ത്യന്‍ ടെലികോം രംഗത്ത് വിപ്ലവകരമായ മാറ്റത്തിനാണ് വഴിയെളിയുക. ഉപഭോക്താക്കള്‍ക്ക് സൗജന്യ സേവനം ലഭ്യമാക്കി വിപ്ലവം സൃഷ്ടിച്ച മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയ്ക്കുള്ള മറുപടിയാകും ഈ ലയനമെന്നാണ് വിലയിരുത്തല്‍. പ്രാബല്യത്തില്‍ വന്ന് ആറുമാസത്തിനകം ഉപഭോക്താക്കളുടെ എണ്ണത്തില്‍ ജിയോ റൊക്കാര്‍ഡിട്ടിരുന്നു. നിലവില്‍ ജിയോക്ക് 7.2 കോടി വരിക്കാരുണ്ടെന്നാണ് കണക്ക്. രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ എയര്‍ടെല്ലിനും ലയനം തിരിച്ചടിയാവും. വരുംമാസങ്ങളില്‍ എയര്‍ടെല്‍ ഏറ്റവും വലിയ മല്‍സരം നേരിടേണ്ടിവരിക ജിയോയില്‍ നിനാകുമെന്ന ധാരണ തിരുത്തിക്കുറിക്കുന്നതാണ് ഐഡിയ-വൊഡാഫോണ്‍ ലയനം. നിലവില്‍ 32 ശതമാനം വിപണി വരുമാന വിഹിതവും എയര്‍ടെല്‍ ഒറ്റക്കാണ് കൈയാളുന്നത്. 19 ശതമാനം വിപണി വിഹിതവുമായി വൊഡാഫോണ്‍ രണ്ടാമതും 17 ശതമാനം വിപണി വിഹിതവുമായി ഐഡിയ മൂന്നാമതുമാണ്. ഇവര്‍ ഒരുമിച്ചാല്‍ എയര്‍ടെല്‍ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടും. മാത്രമല്ല 27 കോടി ഉപഭോക്താക്കളുമായി രാജ്യത്ത് ഒന്നാംസ്ഥാനത്തുള്ള എയര്‍ടെല്‍ ലയനം യാഥാര്‍ത്ഥ്യമാകുന്നതോടെ രണ്ടാമതാകും. ഐഡിയ-വൊഡാഫോണ്‍ ഉപഭോക്താക്കള്‍ 39 കോടിയിലധികം വരുമെന്നാണ് കണക്ക്.

chandrika: