X

ബ്ലാസ്‌റ്റേഴ്‌സ് പഴയ ബ്ലാസ്‌റ്റേഴ്‌സല്ല; ബിലാല്‍ഖാനും മഞ്ഞപ്പടയില്‍

കൊച്ചി: ഐ ലീഗിലെ മികച്ച ഗോള്‍കീപ്പര്‍മാരില്‍ ഒരാളായ ബിലാല്‍ ഹുസൈന്‍ ഖാന്‍ ഇനി കേരള ബ്ലാസ്‌റ്റേഴ്‌സിനായി വല കാക്കും. 2017-18 ഐ ലീഗില്‍ ഗോകുലം കേരള എഫ്‌സിക്ക് വേണ്ടി കളിച്ച ബിലാല്‍ ഖാന്‍ കഴിഞ്ഞ ഐ ലീഗ് സീസണിലെ മികച്ച ഗോള്‍കീപ്പറായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഏറ്റവും കൂടുതല്‍ ക്ലീന്‍ ഷീറ്റുകള്‍ സൂക്ഷിച്ചതിന് ഗോള്‍ഡന്‍ ഗ്ലൗവ് പുരസ്‌കാരവും നേടി. നേരത്തെ മലയാളി ഗോള്‍കീപ്പര്‍ ഷിബിന്‍ രാജിനെയും ബ്ലാസ്‌റ്റേഴ്‌സ് ടീമിലെത്തിച്ചിരുന്നു.

ഉത്തര്‍പ്രദേശ് സ്വദേശിയായ ബിലാല്‍ ഖാന്‍ മുമ്പ് ഐഎസ്എല്‍ ടീമായ എഫ്.സി പൂനെ സിറ്റിയുമായി കരാറിലേര്‍പ്പെട്ടിരുന്നു. തുടര്‍ന്ന് 201819 സീസണിന്റെ തുടക്കത്തില്‍ പുതുതായി തുടങ്ങിയ ഐലീഗ് ടീമായ റിയല്‍ കശ്മീര്‍ എഫ്‌സിക്ക് വേണ്ടിയും കളിച്ചു. ടീമിനായി കളിച്ച 19 മത്സരങ്ങളില്‍ മികച്ച സേവുകള്‍ നടത്തി ബിലാല്‍ ശ്രദ്ധ നേടിയിരുന്നു. ചര്‍ച്ചില്‍ ബ്രദേഴ്‌സ് എസ്.സി, ഹിന്ദുസ്ഥാന്‍ എഫ്.സി, മുഹമ്മദന്‍ എസ്.സി, എഫ്.സി ബ്രദേഴ്‌സ്, സാല്‍ഗോക്കര്‍ എഫ്‌സി എന്നീ ടീമുകള്‍ക്ക് വേണ്ടിയും ഈ 24 വയസുകാരന്‍ വല കാത്തിട്ടുണ്ട്.

‘ബിലാലിന്റെ ശരിയായ പ്രായം, മികച്ച ഗുണവിശേഷങ്ങള്‍, മാനസിക യോഗ്യത എന്നിവ അനുകൂല ഘടകങ്ങളാണ്. ലീഗിലെ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രതിരോധ റെക്കോഡ് പ്രശംസനീയവുമാണ്’ ബിലാലിനെ കുറിച്ച് മുന്‍ ഇംഗ്ലീഷ് ഗോള്‍കീപ്പറും കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോള്‍ കീപ്പിംഗ് കണ്‍സള്‍ട്ടന്റ് പരിശീലകനുമായ ജോണ്‍ ബറിഡ്ജിന്റെ അഭിപ്രായം ഇങ്ങനെ. ബ്ലാസ്‌റ്റേഴ്‌സിനായി കളിക്കാന്‍ അവസരം ലഭിക്കുക എന്നത് സ്വപ്‌നസാക്ഷാത്കാരമാണെന്ന് ബിലാല്‍ ഖാനും പ്രതികരിച്ചു.

chandrika: