kerala

ബിന്ദുവിന്റെ മരണം: ജീവന്‍ അപഹരിച്ചത് മന്ത്രിമാരുടെ നിരുത്തരവാദിത്തം: പിഎംഎ സലാം

By webdesk14

July 04, 2025

രണ്ട് മന്ത്രിമാരുടെ നിരുത്തരവാദിത്തപരമായ സമീപനമാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ ഒരു ജീവന്‍ നഷ്ടപ്പെടുത്തിയതെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം. കെട്ടിടം തകര്‍ന്നതിന് ശേഷം അവിടെയെത്തിയ ആരോഗ്യമന്ത്രി വീണാ ജോര്‍ജും മന്ത്രി വാസവനും എന്തടിസ്ഥാനത്തിലാണ് തകര്‍ന്ന കെട്ടിടം പൂര്‍ണമായും ഉപയോഗ ശുന്യമായിരുന്നുവെന്ന് പറഞ്ഞത്. മന്ത്രിമാരുടെ പ്രതികര ണത്തിനിടെയായിരുന്നല്ലോ അവിടെ ഒരു മനുഷ്യ ജീവന്‍ പിടഞ്ഞത്.

മന്ത്രിമാര്‍ ഇത്തരം സമീപനം സ്വീകരിച്ചതോടെയാണ് രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലായത്. തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും മരണ വാര്‍ത്തയുമെത്തി. ആരോഗ്യ കേരളത്തെ ഇടത് സര്‍ക്കാര്‍ നശിപ്പിക്കുകയാണ്. എത്രയെത്ര സംഭവങ്ങളാണ് സമീപ ദിവസങ്ങളില്‍ മാത്രം. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോ.ഹാരിസ് തുറന്ന് പറഞ്ഞ് കാര്യങ്ങള്‍ എത്ര ഗുരുതരമാണ്. അദ്ദേഹത്തെ തള്ളിപ്പറയാന്‍ തിടുക്കം കാണിക്കുന്ന മന്ത്രിമാര്‍ ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളജ് കെട്ടിട തകര്‍ച്ചയിലും ന്യായീകരണം കണ്ടെത്തുകയാണ്. ഒരു തരത്തിലും ന്യായീകരിക്കാന്‍ കഴിയാത്ത ചെയ്തികളാണ് സര്‍ക്കാര്‍ നടത്തുന്നത്. ഇത് അംഗീകരിക്കനാവില്ലെന്നും അദ്ദേഹം പറഞ്ഞു.