X

മാപ്പ് പറയേണ്ടത് തന്നോടല്ല, സമൂഹത്തോടെന്ന് ബിനീഷ് ബാസ്റ്റിന്‍

തിരുവനന്തപുരം: നാളെ നടക്കുന്ന സമവായ ചര്‍ച്ചയിലൂടെ അനില്‍ രാധാകൃഷ്ണന്‍ മേനോനുമായുള്ള പ്രശ്‌നങ്ങള്‍ അവസാനിക്കുമെന്ന് നടന്‍ ബിനീഷ് ബാസ്റ്റിന്‍. ‘മാപ്പ് പറയേണ്ടത് തന്നോടല്ല, സമൂഹത്തോടാണ്’. അനില്‍ രാധാകൃഷ്ണന്‍ മേനോന്റെ സിനിമയില്‍ ഇനി അഭിനയിക്കാനില്ലെന്നും ബിനീഷ് ബാസ്റ്റിന്‍ വ്യക്തമാക്കി. ബിനീഷ് ബാസ്റ്റിനെതിരെ ജാതി അധിക്ഷേപം നടത്തിയെന്ന പരാതിയില്‍ ചലച്ചിത്രമേഖലയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക നാളെ സമവായ ചര്‍ച്ച നടത്തും. സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോനെയും ബിനീഷ് ബാസ്റ്റിനെയും ഫെഫ്ക ചര്‍ച്ചക്ക് വിളിച്ചിട്ടുണ്ട്.

അതേ സമയം ജാതീയ അധിക്ഷേപം നടത്തിയിട്ടില്ലെന്ന് അനില്‍ ഫെഫ്കക്ക് വിശദീകരണം നല്‍കി. ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ടായെന്നാണ് അനില്‍ രാധാകൃഷ്ണ മേനോന്‍ നല്‍കുന്ന വിശദീകരണം. പാലക്കാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ നടന്‍ ബിനീഷ് ബാസ്റ്റിനെ അപമാനിച്ചെന്ന വിവാദത്തില്‍ സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോനെതിരെ ഫെഫ്ക നിലപാടെടുത്തിരുന്നു.

പാലക്കാട് മെ!ഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥി യൂണിയന്റെ പരിപാടിക്കിടെയാണ് അനിഷ്ടസംഭവം ഉണ്ടായത്. തന്റെ സിനിമയില്‍ ചാന്‍സ് ചോദിച്ച് നടക്കുന്ന ഒരു മൂന്നാംകിട നടനൊപ്പം വേദി പങ്കിടാനാകില്ലെന്ന് സംവിധായകന്‍ കോളേജ് അധികൃതരെ അറിയിച്ചുവെന്നായിരുന്നു അനില്‍ രാധാകൃഷ്ണ മേനോനെതിരായ ഉയര്‍ന്ന ആരോപണം.ഇതേത്തുടര്‍ന്ന് കോളേജ് യൂണിയന്‍ ഭാരവാഹികള്‍ പരിപാടിക്ക് വൈകിയെത്താന്‍ തന്നോട് ആവശ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ഇതില്‍ പ്രതിഷേധിച്ച് വേദിയിലെത്തിയ നടന്‍, കരഞ്ഞുകൊണ്ടാണ് അന്ന് വേദി വിട്ടത്.

web desk 1: