X
    Categories: MoreViews

ബയോമെട്രിക് ഡാറ്റ: ഖത്തറിലെ ഹമദ് വിമാനത്താവളത്തില്‍ നൂതന സംവിധാനം

Hamad International Airport, Doha, Qatar

ദോഹ: ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ ഇ- ഗേറ്റ് ഉപയോക്താക്കളുടെ ബയോമെട്രിക് ഡാറ്റ രേഖപ്പെടുത്തുന്നതിന് നൂതന സംവിധാനം. ഡിപ്പാര്‍ച്ചര്‍, അറൈവല്‍ ലോഞ്ചുകളില്‍ എയര്‍പോര്‍ട്ട് പാസ്‌പോര്‍ട്ട് വിഭാഗം സജ്ജീകരിച്ചിരിക്കുന്ന സെന്ററുകളിലെ ഡിവൈസുകളില്‍ ബയോമെട്രിക് ഡേറ്റ പ്രയോഗക്ഷമമാക്കാം.

18 വയസിനു മുകളിലുള്ള പ്രവാസികള്‍ക്ക് ഐഡി കാര്‍ഡും പാസ്‌പോര്‍ട്ടും ഉപയോഗിച്ചുകൊണ്ടുള്ള സൗജന്യ ഇ-ഗേറ്റ് സംവിധാനത്തിനു ആഭ്യന്തര മന്ത്രാലയം നേരത്തെ തുടക്കമിട്ടിരുന്നു. ബയോമെട്രിക് ഡാറ്റ നേരത്തേ ആക്ടിവേറ്റ് ചെയ്യാത്തവരുടെ ഇ-ഗേറ്റ് വഴിയുള്ള യാത്ര സുഗമമാക്കാനാണ് ഡിപ്പാര്‍ച്ചര്‍അറൈവല്‍ ലോഞ്ചുകളില്‍ അഞ്ച് സെല്‍ഫ് സര്‍വീസ് മെഷീനുകള്‍ തുടങ്ങിയതെന്ന് കേണല്‍ മുഹമ്മദ് റാഷിദ് അല്‍മസ്‌റൂഇ പറഞ്ഞു. ഈ മെഷീനുകളിലൂടെ ഡേറ്റ ആക്ടിവേറ്റാക്കാം.
ഒരു മിനിറ്റിനകം സെല്‍ഫ് സര്‍വീസ് ഡിവൈസിലെ ഇ-പ്രോഗ്രാമിലൂടെ ബയോഡാറ്റ പുതുക്കാന്‍ സാധിക്കും. പ്രവാസികളിലധികവും ഒന്നുകില്‍ കണ്ണ് അടയാളമോ അല്ലെങ്കില്‍ വിരലടയാളമോ നല്‍കിയാണ് എയര്‍പോര്‍ട്ടിലെ ഡാറ്റാ ബേസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടാവുക. ഇ-ഗേറ്റുകള്‍ കണ്ണിന്റെയോ വിരലിന്റെയോ വിവരങ്ങളോ അല്ലെങ്കില്‍ രണ്ടും കൂടിയോ ആണ് സേവനത്തിന് ഉപയോഗിക്കുന്നത്. ആക്ടിവേഷന്‍ ഓഫിസുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്നും വിവരങ്ങള്‍ പുതുക്കുന്നതില്‍ വല്ല തടസ്സവും നേരിട്ടാല്‍ സഹായിക്കുന്നതിനു സാങ്കേതിക വിദഗ്ധരെ ഓഫിസുകളില്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും മുഹമ്മദ് റാഷിദ് ചൂണ്ടിക്കാട്ടി. അതേസമയം, ഡിപ്പാര്‍ച്ചര്‍അറൈവല്‍ ലോഞ്ചുകളിലെ ഇഗേറ്റുകളുടെ എണ്ണം 35ല്‍ എത്തിക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിനു പദ്ധതിയുണ്ട്. കൗണ്ടറുകള്‍ക്ക് മുന്നിലെ നീണ്ട ക്യൂവില്‍ നില്‍ക്കാതെ യാത്രാ നടപടികള്‍ സുഗമമായി വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിന് ഇ-ഗേറ്റുകള്‍ ഉപയോഗിക്കണമെന്ന് പ്രവാസി യാത്രക്കാരോട് അദ്ദേഹം ആവശ്യപ്പെട്ടു. പാസ്‌പോര്‍ട്ടില്‍ ഡിപാര്‍ച്ചര്‍, അറൈവല്‍ സീല്‍ ആവശ്യമുള്ളവരുണ്ടെങ്കില്‍ അത് പതിക്കാന്‍ ഇ-ഗേറ്റിന് സമീപം പ്രത്യേക കൗണ്ടര്‍ സജ്ജീകരിച്ചതായും മുഹമ്മദ് റാഷിദ് വ്യക്തമാക്കി.
ഇലക്ട്രോണിക് ഐഡി കാര്‍ഡുള്ളവര്‍ക്കും സാധാരണ ഐഡി കാര്‍ഡുള്ളവര്‍ക്കും ഹമദിലെ ഇ-ഗേറ്റ് സേവനം ഉപയോഗിക്കാമെന്ന് എയര്‍പോര്‍ട്ട് പാസ്‌പോര്‍ട്ട് വിഭാഗം മേധാവി മേജര്‍ ഖാലിദ് മുഹമ്മദ് അല്‍മുല്ല പറഞ്ഞു.
ഇ-ഗേറ്റിലുള്ള ഇ-റീഡറില്‍ ഐഡി കാര്‍ഡ് വയ്ക്കുന്നതോടെ കാര്‍ഡിലെ വിവരങ്ങള്‍ വായിച്ചെടുക്കുകയും ഗേറ്റ് തുറക്കകയും ചെയ്യും. പാസ്‌പോര്‍ട്ട് പുതുക്കുന്നവര്‍ ബയോമെട്രിക് ഡാറ്റാ ഉപകരണം വഴിയോ രാജ്യത്തെ ഏതെങ്കിലും സര്‍വീസ് സെന്റര്‍ വഴിയോ തങ്ങളുടെ വിവരങ്ങള്‍ പുതുക്കണം. പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് സംവിധാനത്തില്‍ പുതിയ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ലഭ്യമായില്ലെങ്കില്‍ ഇ-ഗേറ്റ് സേവനം ഉപയോഗിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

chandrika: