തൃശൂര്‍: തലശേരിക്കു പിന്നാലെ ഗുരുവായൂരിലും ബിജെപി സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളി. ബിജെപി സ്ഥാനാര്‍ത്ഥിയും മഹിളാ മോര്‍ച്ച അധ്യക്ഷയുമായ നിവേദിതയുടെ പത്രികയാണ് തള്ളിയത്. ബിജെപി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചുകൊണ്ട് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ നല്‍കിയ കത്തില്‍ ഒപ്പില്ല എന്നതു ചൂണ്ടിക്കാട്ടിയാണ് പത്രിക തള്ളിയത്. ഇതോടെ ഗുരുവായൂരിലും ബിജെപിക്ക് സ്ഥാനാര്‍ത്ഥിയില്ലാത്ത അവസ്ഥയായി. സിപിഎം സ്ഥാനാര്‍ഥിയായി എന്‍.കെ. അക്ബറും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കെ.എന്‍.എ. ഖാദറുമാണ് ഇവിടെ മത്സരിക്കുന്നത്.

നേരത്തേ തലശ്ശേരിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരിദാസിന്റെ പത്രിക തള്ളിയിരുന്നു. ചിഹ്നം അനുവദിക്കാന്‍ സംസ്ഥാന ഭാരവാഹിയെ ചുമതലപ്പെടുത്തിക്കൊണ്ട് ദേശീയ പ്രസിഡന്റ് നല്‍കുന്ന ഫോം എയില്‍ ഒപ്പില്ലെന്ന കാരണത്താലാണു പത്രിക തള്ളിയത്. പത്രിക തള്ളിയതിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ബിജെപി. സീല്‍ പതിപ്പിച്ചിട്ടുണ്ടെങ്കിലും ഫോം എയില്‍ ഒപ്പില്ല. ഡമ്മിയായി മണ്ഡലം പ്രസിഡന്റ് കെ.ലിജേഷ് പത്രിക നല്‍കിയിരുന്നെങ്കിലും ഫോം എ രണ്ടു പേര്‍ക്കും ഒന്നായതിനാല്‍ ഈ പത്രികയും സ്വീകരിച്ചില്ല.

ഇടുക്കി ദേവികുളം മണ്ഡലത്തിലും നാലുപേരുടെ നാമനിര്‍ദേശ പത്രിക തള്ളി. എന്‍ഡിഎയ്ക്കു വേണ്ടി മത്സരിക്കുന്ന എഐഎഡിഎംകെ സ്ഥാനാര്‍ത്ഥി ധനലക്ഷ്മിയുടെയും ഡമ്മിയുടെയും സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന പൊന്‍പാണ്ടി, ബിഎസ്പിയില്‍ മത്സരിക്കുന്ന തങ്കച്ചന്‍ എന്നിവരുടെ പത്രികകളാണ് തള്ളിയത്.