X
    Categories: CultureNewsViews

സുപ്രീംകോടതി ഞങ്ങളുടേതാണെന്ന് ബി.ജെ.പി മന്ത്രി

ന്യൂഡല്‍ഹി: ഭരണഘടനാ ബെഞ്ച് മുമ്പാകെ വാദം നടന്നുകൊണ്ടിരിക്കുന്ന ബാബരി കേസില്‍ ഉത്തര്‍പ്രദേശ് മന്ത്രി നടത്തിയ പ്രകോപനപരമായ പരാമര്‍ശം ഗുരതരമാണെന്ന് സുപ്രീംകോടതി. കേസ് പരിഗണിക്കവെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ അധ്യക്ഷനായ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ആണ് വിഷയം പരാമര്‍ശിച്ചത്. തര്‍ക്ക സ്ഥലത്തുതന്നെ രാമക്ഷേത്രം നിര്‍മ്മിക്കുമെന്നും സുപ്രീംകോടതി നമ്മുടേതാണ് എന്നുമുള്ള ഉത്തര്‍പ്രദേശ് സഹകരണ വകുപ്പ് മന്ത്രി മുകുത് ബിഹാരി വര്‍മ്മയുടെ വാക്കുകളാണ് കോടതിയെ ചൊടിപ്പിച്ചത്.
കേസില്‍ ഇരുപക്ഷത്തിനും സ്വതന്ത്രമായും ഭയരഹിതമായും വാദങ്ങള്‍ ഉന്നയിക്കാനുള്ള സാഹചര്യം വേണെന്ന് കോടതി പറഞ്ഞു. അതിന് തടസ്സം നില്‍ക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ ആരുടെ ഭാഗത്തുനിന്നും പാടില്ല. ഉത്തര്‍പ്രദേശ് മന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ ഗുരുതരമാണ്. മേലില്‍ ഇത്തരം വാക്കുകള്‍ ആവര്‍ത്തിക്കരുതെന്നും നിരുത്തരവാദ സമീപനം ആവര്‍ത്തിച്ചാല്‍ നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്നും കോടതി താക്കീതു ചെയ്തു.
അതേസമയം കേസില്‍ മുസ്‌ലിം കക്ഷികള്‍ക്കു വേണ്ടി ഹാജരാകുന്നതില്‍ തനിക്കു നേരെ ഭീഷണിയുണ്ടെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധാവന്‍ ഇന്നലേയും കോടതിയില്‍ ആവര്‍ത്തിച്ചു. തന്റെ വാദം ഹിന്ദുക്കള്‍ക്ക് എതിരെയല്ല. തന്റെ തൊഴിലിനോടുള്ള ധാര്‍മ്മിക ഉത്തരവാദിത്തമാണ് താന്‍ നിറവേറ്റുന്നത്. സുന്നി വഖഫ് ബോര്‍ഡിനു വേണ്ടി കേസില്‍ ഹാജരാകുന്നതിന്റെ പേരില്‍ നിരന്തര ഭീഷണികളാണ് തനിക്ക് നേരിടേണ്ടി വരുന്നതെന്നും തന്റെ ക്ലാര്‍ക്കിനു പോലും കൈയേറ്റ ഭീഷണി നേരിടേണ്ടി വരുന്നുവെന്നും രാജീവ് ധവാന്‍ കൂട്ടിച്ചേര്‍ത്തു.
രാജീവ് ധവാന് ഭീഷണി സന്ദേശം അയച്ചതിന്റെ പേരില്‍ ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വ്യവസായി എന്‍ ഷണ്‍മുഖത്തിനെതിരെ കഴിഞ്ഞ ദിവസം സുപ്രീംകോടതി കോടതിയലക്ഷ്യ നടപടിക്ക് തുടക്കം കുറിച്ചിരുന്നു. സഞ്ജയ് കലാല്‍ ബജ്‌റംഗി എന്നയാള്‍ വാട്‌സ്ആപ്പ് വഴി നിരന്തരം ഭീഷണി സന്ദേശം അയക്കുന്നുണ്ട്. കേസിലെ കക്ഷിയായ ഇഖ്ബാല്‍ അന്‍സാരിക്കു നേരേയും ഭീഷണിയുണ്ട്. അദ്ദേഹത്തിന്റെ വീട്ടിലെത്തി ഭാര്യ ഉള്‍പ്പെടെയുള്ളവരെ ദമ്പതികള്‍ എന്നവകാശപ്പെട്ട രണ്ടംഗ സംഘം കഴിഞ്ഞ ദിവസം ഭീഷണിപ്പെടുത്തിയതായും രാജീവ് ധവാന്‍ ചൂണ്ടിക്കാട്ടി. രാജ്യാന്തര തലത്തില്‍ മികവു തെളിയിച്ച ഷൂട്ടര്‍ എന്നാണ് യുവതി സ്വയം പരിചയപ്പെടുത്തിയത്.
കേസ് പിന്‍വലിച്ചില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്നായിരുന്നു ഭീഷണി. ഈ സാഹചര്യത്തില്‍ സ്വതന്ത്രവും നിഷ്പക്ഷവുമായ വിചാരണ ഉറപ്പാക്കുന്നതിന് കേസിലെ കക്ഷികള്‍ക്കും അഭിഭാഷകര്‍ക്കും മതിയായ സുരക്ഷ ഒരുക്കണമെന്നും അഡ്വ. രാജീവ് ധാവന്‍ കൂട്ടിച്ചേര്‍ത്തു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: