X

ബീഫ് കടത്തിയെന്ന് ആരോപിച്ച് യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് കേന്ദ്രമന്ത്രിയുടെ നേതൃത്വത്തില്‍ സ്വീകരണം

ന്യൂഡല്‍ഹി: ബീഫ് കടത്തിയെന്ന് ആരോപിച്ച് ഝാര്‍ഖണ്ഡില്‍ അലീമുദ്ദീന്‍ അന്‍സാരിയെന്ന യുവാവിനെ കൊന്ന കേസില്‍ പിടിയിലായ പ്രതികള്‍ക്ക് കേന്ദ്രമന്ത്രി ജയന്ത് സിന്‍ഹയുടെ
നേതൃത്വത്തില്‍ ബി.ജെ.പിയുടെ സ്വീകരണം. അലീമുദ്ദീന്‍ അന്‍സാരി കൊലപാതക കേസില്‍ റിമാന്റിലായിരുന്ന പ്രതികള്‍ ജാമ്യം നേടി പുറത്തിറങ്ങിയപ്പോഴാണ് സ്വീകരണം നല്‍കിയത്.

കഴിഞ്ഞ വര്‍ഷം ജൂണ്‍ 29 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഝാര്‍ഖണ്ഡിലെ രാംഗഢില്‍ ബീഫ് കടത്തിയെന്നാരോപിച്ചാണ് ആള്‍ക്കൂട്ടം അലീമുദ്ദീന്‍ അന്‍സാരിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. കേസില്‍ 12 പേരെയാണ് പൊലീസ് പിടികൂടിയത്. ഇവരില്‍ എട്ട് പേരാണ് ജാമ്യം നേടി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത്. ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്ന പ്രതികള്‍ ജാമ്യം നേടി പുറത്തിറങ്ങിയപ്പോഴായിരുന്നു കേന്ദ്രമന്ത്രി ജയന്ത് സിന്‍ഹയുടെ സാന്നിദ്ധ്യത്തില്‍ സ്വീകരണം നല്‍കിയത്.

ജാമ്യം നേടി പുറത്തിറങ്ങിയ പ്രതികള്‍ക്ക് സ്വീകരണ ചടങ്ങ് സംഘടിപ്പിച്ചത് ബി.ജെ.പി നേതൃത്വമാണ്. ചടങ്ങില്‍ പങ്കെടുത്ത സിന്‍ഹ പ്രതികളെ ഹാരമണിയിക്കുകയും മധുരം വിതരണം ചെയ്യുകയും ചെയ്തു. പ്രതികളെ പൂമാലയണിയിക്കുന്നതിന്റെയും മധുരപലഹാരങ്ങള്‍ വിതരണം ചെയ്യുന്നതിന്റെയും ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

chandrika: