X

ബിജെപി എംഎല്‍എമാരെ വിലക്ക് വാങ്ങി: ഗുരുതര ആരോപണവുമായി ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച

റാഞ്ചി: ജാര്‍ഖണ്ഡില്‍ 2014ല്‍ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച പ്രജാ തന്ത്രിക് പാര്‍ട്ടിയുടെ ആറ് എംഎല്‍എമാരെ ബിജെപി വിലക്ക് വാങ്ങിയെന്ന ആരോപണവുമായി പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവും മുന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയുമായ ബാബുലാല്‍ മറാണ്ഡി.

ഇതിനായി ബിജെപി 11 കോടി രൂപ ചെലവാക്കിയെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു.
ജാര്‍ഖണ്ഡ് ബിജെപി മുന്‍ അധ്യക്ഷന്‍ രവീന്ദ്ര റായ് വിലപേശലിന് നേതൃത്വം നല്‍കിയതെന്ന് 2003ല്‍ ബിജെപി വിട്ട് ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച പ്രജാ തന്ത്രിക് പാര്‍ട്ടി രൂപീകരിച്ച ബാബുലാല്‍ മാറാണ്ഡി പറഞ്ഞു. ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച പ്രജാ തന്ത്രിക് പാര്‍ട്ടിയുടെ എംഎല്‍എമാരായ ഗണേഷ് ഗഞ്ചു, രണ്‍ധീര്‍ കുമാര്‍ സിംഗ്, നവീന്‍ ജയ്‌സ്വാള്‍, അമര്‍ കുമാര്‍ ബൗരി, അലോക് കുമാര്‍ ചൗരസ്യ, ജാന്‍കി പ്രസാദ് യാദവ് എന്നിവരെ ബിജെപി പാളയത്തിലെത്തിക്കാന്‍ ആകെ 11 കോടി രൂപ ചെലവിട്ടതായി വ്യക്തമാക്കി 2015 ജനുവരി 19ന് ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് രവീന്ദ്ര റായ് കത്ത് നല്‍കിയെന്നും മാറാണ്ഡി വ്യക്തമാക്കി.

എംഎല്‍എമാര്‍ക്ക് സ്ഥാനവും പണവും വാഗ്ദാനം ചെയ്തതിന്റെ തെളിവെന്നോണം മാറാണ്ഡി, രവീന്ദ്ര റായ് ഒപ്പിട്ട ഈ കത്തിന്റെ കോപ്പിയും പുറത്തുവിട്ടു. ജാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ദാസ് ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ ആറ് എംഎല്‍എമാര്‍ക്ക് 11 കോടി രൂപ കൈമാറിയതായും ബാക്കി തുക ഇവര്‍ ബിജെപി പാളയത്തിലെത്തിയതിന് ശേഷം 36 മാസത്തിനുള്ളില്‍ തന്നു തീര്‍ക്കാം എന്നായിരുന്നു ധാരണയെന്നും മാറാണ്ഡി ആരോപിച്ചു.
അതേസമയം ജാര്‍ഖണ്ഡിലെ ബിജെപിയുടെ മുതിര്‍ന്ന നേതാവും സംസ്ഥാന ഖാദി ബോര്‍ഡ് ചെയര്‍മാനുമായ സഞ്ചയ് സേഠ് മാറാണ്ഡിയുടെ ആരോപണം നിഷേധിച്ച് രംഗത്തെത്തി. ബിജെപിയുടേതെന്ന പേരില്‍ വ്യാജ കത്താണ് ബാബുലാല്‍ മാറാണ്ഡി പ്രചരിപ്പിക്കുന്നതെന്നും മറാണ്ഡിക്കെതിരെ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

chandrika: