X

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പില്‍ വന്‍കുറവ് വരുത്തി കേന്ദ്രം

 

ന്യൂഡല്‍ഹി:മുസ്‌ലിംകള്‍ ഒരു കയ്യില്‍ ഖുര്‍ആനും മറുകയ്യില്‍ കമ്പ്യൂട്ടറുമേന്തണമെന്നാണ് തങ്ങളുടെ ആവശ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹിയില്‍ നടന്ന ഇസ്‌ലാമിക് ഹെറിറ്റേജ്, പ്രമോട്ടിങ് അണ്ടര്‍സ്റ്റാന്റിങ് ആന്റ് മോഡറേഷന്‍ എന്ന പരിപാടിയില്‍ നടത്തിയ പ്രസംഗത്തിലെ വാക്കുകളാണിത്. എന്നാല്‍ ശാക്തീകരണമെന്നത് വെറും വാക്ക് മാത്രമാണെന്ന് ന്യൂനപക്ഷ വകുപ്പില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എല്ലാവര്‍ക്കുമൊപ്പം എല്ലാവര്‍ക്കും വികസനമെന്നത് വാക് ചാതുര്യം മാത്രമാണെന്ന് തെളിയിക്കുന്നതാണ് ന്യൂനപക്ഷ വികസന മന്ത്രാലയത്തില്‍ നിന്നും ലഭ്യമായ വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷമുളള നാലു വര്‍ഷം വിതരണം ചെയ്ത ന്യനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുളള സ്‌കോളര്‍ഷിപ്പില്‍ വന്‍ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ന്യൂനപക്ഷ വിദ്യാര്‍ത്ഥികളുടെ വിദ്യാലയങ്ങളില്‍ നിന്നുള്ള കൊഴിഞ്ഞു പോക്ക് അവസാനിപ്പിക്കാനും വിദ്യാഭ്യാസ പുരോഗതിയും ലക്ഷ്യമിട്ട് മെറിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പ്, പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ്, പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പ് എന്നീ മൂന്ന് സ്‌കോളര്‍ഷിപ്പ് പദ്ധതികളാണ് നടപ്പിലാക്കിയിട്ടുള്ളത്. അപേക്ഷകരുടെ എണ്ണത്തില്‍ വന്‍ വര്‍ധന ഉണ്ടായിട്ടും അനുവദിച്ചത് വളരെ കുറച്ച് സ്‌കോളര്‍ഷിപ്പുകളാണെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. പ്രിമെട്രിക് വിഭാഗത്തില്‍ 2013-14 വര്‍ഷത്തില്‍ 77 ലക്ഷം സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്ത സ്ഥാനത്ത് കഴിഞ്ഞ വര്‍ഷം വിതരണം ചെയ്തത് 44 ലക്ഷം സ്‌കോളര്‍ഷിപ്പുകളാണെന്ന് വിവരാവകാശ രേഖകള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം 96,50,248 കുട്ടികള്‍ സ്‌കോളര്‍ഷിപ്പിനായി അപേക്ഷിച്ചെങ്കിലും 44,74,452 പേ ര്‍ക്ക് മാത്രമാണ് ലഭിച്ചത്.

പ്രിമെട്രിക് വിഭാഗത്തില്‍ സ്‌കോളര്‍ഷിപ്പിനായി കഴിഞ്ഞ വര്‍ഷം അപേക്ഷിച്ചത് 17 ലക്ഷം വിദ്യാര്‍ത്ഥികളാണ്, ലഭിച്ചതാകട്ടെ 6,06,282 വിദ്യാര്‍ത്ഥികള്‍ക്കും. മോദി അധികാരത്തിലെത്തുന്നതിന് തൊട്ടുമുന്‍പുളള വര്‍ഷത്തില്‍ (2013-14) 13 ലക്ഷം കുട്ടികളാണ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിച്ചത്. ഇതില്‍ 8,90,467 കുട്ടികള്‍ക്കും സ്‌കോളര്‍ഷിപ്പ് ലഭിച്ചിരുന്നു. പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുളള ധനസഹായത്തില്‍ വലിയ വത്യാസം വന്നിട്ടില്ലെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

ഈ വിഭാഗത്തില്‍ അപേക്ഷകരുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്. 2013-14 ല്‍ 3,26,723 അപേക്ഷകര്‍ ഉണ്ടായിടത്ത് 2,49,229 പേരാണ് കഴിഞ്ഞ വര്‍ഷം അപേക്ഷിച്ചത്. ഇതില്‍ 1,09,632 പേര്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കിയിട്ടുണ്ട്. സ്‌കോളര്‍ഷിപ്പുകള്‍ നേരിട്ടെത്തിക്കുന്നതിനാലാണ് എണ്ണത്തില്‍ കുറവ് വന്നതെന്നാണ് ന്യൂനപക്ഷ കാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിയുടെ വിശദീകരണം.

എന്നാല്‍ അപേക്ഷകരുടെ എണ്ണത്തിലുണ്ടായ ഭീമമായ വര്‍ധന മന്ത്രിയുടെ വാദത്തെ ഖണ്ഡിക്കുന്നതാണ്. 2014-15 വര്‍ഷത്തില്‍ പ്രീമെട്രിക് വിഭാഗത്തിലെ സ്‌കോളര്‍ഷിപ്പിനായി 1100 കോടി രൂപയാണ് മോദി വകയിരുത്തിയത്. മുന്‍വര്‍ഷത്തെ 950 കോടിയില്‍ നിന്നായിരുന്നു ഈ വര്‍ധന.
മെറിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പിന് മുന്‍ വര്‍ഷത്തെ 270 കോടിയില്‍ നിന്നും 335 കോടിയായും പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് തുക 548 കോടിയില്‍ നിന്നും 598 കോടിയായും ഉയര്‍ത്തിയിരുന്നു. എന്നാല്‍ തുടര്‍ന്നുളള വര്‍ഷങ്ങളില്‍ ഇത് കുറച്ചു.

നിലവില്‍ യുപിഎ സര്‍ക്കാര്‍ അവസാന വര്‍ഷം അനുവദിച്ച അതേ തുകയാണ് മോദിയും നല്‍കുന്നത്. മറ്റു സ്‌കോളര്‍ഷിപ്പുകള്‍ക്കും ഇതേ ഗതിയാണ്. എന്നാല്‍ ഇത് 2015-16ല്‍ യഥാക്രമം 1040, 335, 550 കോടി എന്നിങ്ങനെയായി കുറഞ്ഞു. 2016-17ലാവട്ടെ 931, 335, 550കോടിയായും 2017-18ല്‍ 950, 393.54, 550 കോടി എന്നിങ്ങനെയാണ് അനുവദിച്ചതെന്നും വിവരാവകാശം വഴി ലഭിച്ച മറുപടിയില്‍ പറയുന്നു.

chandrika: