X

ഇംഗ്ലണ്ട് ലോകകപ്പ് സെമിയില്‍

കമാല്‍ വരദൂര്‍
മോസ്‌കോ: മുന്‍ ലോക ചാമ്പ്യന്‍മാരായ ഇംഗ്ലണ്ട് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് സ്വീഡനെ തോല്‍പിച്ച് ലോകകപ്പ് ഫുട്‌ബോളിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചു. 1990ന് ശേഷം ഇതാദ്യമായാണ് ഇംഗ്ലണ്ട് ലോകകപ്പ് സെമിയില്‍ എത്തുന്നത്. ഇരു പകുതികളിലായാണ് ഇംഗ്ലണ്ടിന്റെ ഗോളുകള്‍ പിറന്നത്. ആദ്യ പകുതിയുടെ 30-ാം മിനിറ്റില്‍ ഹാരി മഗ്യൂറാണ് ആദ്യ ഗോള്‍ നേടിയത്. ആഷ്‌ലി യങ് എടുത്ത കോര്‍ണര്‍ കിക്ക് ഹെഡ് ചെയ്ത് സ്വീഡിഷ് വലയിലേക്ക് മഗ്യൂര്‍ കുത്തിയിടുകയായിരുന്നു.
51-ാം മിനിറ്റില്‍ ഡെലെ അല്ലിയാണ് രണ്ടാം ഗോള്‍ നേടിയത്. ബോക്‌സിന് പുറത്ത് വെച്ച് ലിങ്ഗാര്‍ഡ് നല്‍കിയ ക്രോസ് അല്ലി ഹെഡ് ചെയ്ത് വലയിലാക്കുകയായിരുന്നു. ഇംഗ്ലണ്ടിന് വേണ്ടി ലോകകപ്പില്‍ ഗോള്‍ സ്‌കോര്‍ ചെയ്യുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമാണ് 22 കാരനായ അല്ലി.
1998ല്‍ റൊമാനിയക്കെതിരെ 18-ാം വയസില്‍ ഗോള്‍ നേടിയ മൈക്കല്‍ ഓവന്റെ പേരിലാണ് ഈ റെക്കോഡ്. രണ്ട് ഗോള്‍ വഴങ്ങിയതോടെയാണ് സ്വീഡന്‍ അല്‍പമൊന്ന് ഉണര്‍ന്നത്. 62-ാം മിനിറ്റില്‍ വിക്ടര്‍ ക്ലാസന്‍ തൊടുത്ത ബുള്ളറ്റ് ഷോട്ട് ഏറെ പണിപെട്ടാണ് ഇംഗ്ലീഷ് ഗോള്‍ കീപ്പര്‍ പിക്ക് ഫോണ്ട് കുത്തിയകറ്റിയത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: