X
    Categories: indiaNews

‘പപ്പു 2’; ആദിത്യ താക്കറെയെ ഉന്നമിട്ട് ബി.ജെ.പി

മുംബൈ: മഹാരാഷ്ട്രയില്‍ ആദിത്യ താക്കറെയെ ലക്ഷ്യംവെച്ച് ‘പപ്പു 2’ ക്യാമ്പയിനുമായി ബിജെപി രംഗത്ത്. സംസ്ഥാനത്ത് ബി.ജെ.പി ഘടകത്തിനും നേതൃത്വത്തിനും യഥാര്‍ഥ അപകട ഭീഷണിയുയര്‍ത്തുന്നത് ഉദ്ധവ് താക്കറെയും മകന്‍ ആദിത്യ താക്കറെയും ആയതോടെയാണ് ക്യാമ്പയിനുമായി ബിജെപി രംഗത്തെത്തുന്നത്. മുമ്പ് രാഹുല്‍ഗാന്ധിക്കു നേരെ നടത്തിയ ക്യാമ്പയിന്റെ തുടര്‍ച്ചയായാണ് ആദിത്യതാക്കറെക്കു നേരെയുള്ള ആക്രമണം.

ബാല്‍താക്കറെയുടെ മരണശേഷം, ആകര്‍ഷണീയമായ പ്രതിച്ഛായയൊന്നുമില്ലാത്ത, മകന്‍ ഉദ്ധവ് ഒന്നുതള്ളിയാല്‍ താഴേക്കിടക്കുന്ന കടമ്പ മാത്രമായിരിക്കുമെന്നായിരുന്നു ബി.ജെ.പിയുടെ കണക്കുകൂട്ടല്‍. അത് വലിയൊരു മിഥ്യാധാരണയായിരുന്നുവെന്ന് തെളിയിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. അതിനു പുറമെ, മകന്‍ ആദിത്യയെ മന്ത്രിയാക്കി അവന് ഭരണതലത്തില്‍ വേണ്ട പരിചയമാര്‍ജിക്കാനും ഉദ്ധവ് അവസരമൊരുക്കിയതോടെ ഇടപെടേണ്ട സമയമായിരിക്കുന്നുവെന്ന് ബി.ജെ.പി തീരുമാനിക്കുകയായിരുന്നു.

ബി.ജെ.പിയും അവരുടെ ഐ.ടി സെല്ലും രാഹുല്‍ ഗാന്ധിക്കെതിരെ ‘പപ്പു’ കാമ്പയിന്‍ നടത്തിയിരുന്നു. വന്‍തോതില്‍ തയാറാക്കിയ വാട്‌സാപ് തമാശകളും ഗൂഢപ്രചാരണങ്ങളുമായി അവര്‍ ഒരുക്കിയ കാമ്പയിനായിരുന്നു രാഹുല്‍ഗാന്ധിക്കെതിരെ നടന്നത്. ദുരാരോപണങ്ങളില്‍ തീര്‍ത്ത ആ കടന്നാക്രമണത്തിലുലഞ്ഞ രാഹുല്‍ ഗാന്ധിയുടെ പ്രതിച്ഛായ പൂര്‍ണമായും വീണ്ടെടുക്കാനായിട്ടുമില്ലെന്നത് വസ്തുതയുമാണ്.

ദുര്‍വ്യാഖ്യാന വിമര്‍ശനങ്ങളിലൂന്നിയ അതുപോലൊരു കാമ്പയിനാണ് മഹാരാഷ്ട്രയില്‍ ആദിത്യ താക്കറെക്കെതിരെ ബി.ജെ.പി നടത്തിക്കൊണ്ടിരിക്കുന്നത്. നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ മരണത്തില്‍ ആദിത്യക്ക് പങ്കുണ്ടെന്ന് സോഷ്യല്‍ മീഡിയയില്‍ ആരോപിച്ചാണ് അത് നടത്തുന്നത്. സോഷ്യല്‍ മീഡിയ ചാര്‍ട്ടുകളില്‍ പണം കൊടുത്ത് അദ്ദേഹത്തിനെതിരെ ട്രെന്‍ഡുകള്‍ സൃഷ്ടിച്ചെടുക്കുന്നു. ‘പപ്പു 2’ എന്നാണ് ഈ കാമ്പയിനെ ബി.ജെ.പി വിളിക്കുന്നത്.

അതേസമയം, താക്കറെ കുടുംബത്തെ ആക്രമിക്കുമ്പോള്‍ അവര്‍ക്കൊപ്പമുള്ള പവാര്‍ കുടുംബത്തെ ബി.ജെ.പി തലോടുകയാണ്. ശരദ് പവാറിന്റെ അനന്തരവനായ അജിത് പവാറാണ് അവരുടെ ദുര്‍ബലകണ്ണി. ഇലക്ഷന് തൊട്ടുപിന്നാലെ ഫഡ്‌നാവിസിനൊപ്പം സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട അബദ്ധം ചെയ്തയാളാണ് അദ്ദേഹം. അസ്ഥിരമായ സമചിത്തതയുള്ള വ്യക്തിയാണ് അജിത് പവാര്‍. സുശാന്തിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് അജിതിന്റെ മകന്‍ പാര്‍ഥ് പവാര്‍ മുത്തച്ഛന്‍ ശരദ് പവാറിനെതിരെ പരസ്യമായി പ്രതികരിച്ചിരുന്നു. കുറച്ചുദിവസംമുമ്പ് സുപ്രീം കോടതി സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചപ്പോള്‍ മുത്തച്ഛനെ ഉന്നമിട്ട് ‘സത്യമേവ ജയതേ’ എന്ന് ട്വീറ്റും ചെയ്തു പാര്‍ഥ് പവാര്‍. രണ്ടുവര്‍ഷം മുമ്പുവരെ ഇതൊന്നും ചിന്തിക്കാന്‍ പോലും കഴിയുന്നതായിരുന്നില്ല. പവാര്‍ കുടുംബത്തിലുണ്ടായിരിക്കുന്ന വലിയ വിള്ളല്‍ നന്നായി വെളിവായിരിക്കുന്നു.

ഈ സൂചനകളെല്ലാം വിരല്‍ചൂണ്ടുന്നത്, അജിത് പവാറിനും മകനും ബി.ജെ.പി പലതും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ്. അതിനിടെ, ഫഡ്‌നാവിസിന്റെ കളി ശരദ് പവാര്‍ സാകൂതം വീക്ഷിച്ചുകൊണ്ടിരിക്കുന്നു. ഒരുപാട് തലങ്ങളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയ ശരദ് പവാര്‍ അത്രയെളുപ്പം പിടികിട്ടാത്തയാളാണ്. അക്കാരണത്താല്‍ തന്നെ സഖ്യകക്ഷികള്‍ക്ക് അദ്ദേഹം ഏതുഭാഗത്താണെന്ന് ഇപ്പോള്‍ തീര്‍ത്തും അറിയില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി തുറന്ന സന്ദേശ വിനിമയ വഴികളുള്ളയാളാണ് ശരദ് പവാര്‍. വലിയ അളവില്‍ രാഷ്ട്രീയവത്കരിക്കപ്പെട്ടു കഴിഞ്ഞ ‘സുശാന്തിന് നീതി വേണം’ കാമ്പയിനില്‍ ശരദ് പവാര്‍ എന്തു നിലപാടാണ് സ്വീകരിക്കുകയെന്ന് കോണ്‍ഗ്രസും ശിവസേനയും ഇപ്പോള്‍ ആശങ്കയോടെയാണ് ഉറ്റുനോക്കുന്നത്.

‘ഞങ്ങള്‍ക്കൊരു തെറ്റുപറ്റി. രാഷ്ട്രീയത്തില്‍ ബി.ജെ.പി ഇത്രത്തോളം തരംതാഴുമെന്ന് ഞങ്ങള്‍ ഒരിക്കലും ചിന്തിച്ചിരുന്നേയില്ല. സുശാന്ത് സിങ് രജ്പുതിന്റെ മരണത്തില്‍ സി.ബി.ഐ ആവശ്യം ഉയര്‍ന്നപ്പോഴേ ‘അതെ’ എന്ന് മറുപടി നല്‍കേണ്ടിയിരുന്നു. ആദ്യം അവര്‍ ആദിത്യയെ ഈ കേസിലേക്ക് വലിച്ചിഴച്ചു. ഇപ്പോള്‍ ബിഹാര്‍ തെരഞ്ഞെടുപ്പില്‍ മുഖ്യ വിഷയമായി സുശാന്തിന്റെ മരണം ഉപയോഗിക്കുന്നു. ബി.ജെ.പിയുടെ രാഷ്ട്രീയത്തില്‍ ഇത് അധഃപതനത്തിന്റെ പുതിയ അധ്യായമാണ്’ മുതിര്‍ന്ന സേന നേതാവ് പറയുന്നു.

അധഃപതനമായാലും അല്ലെങ്കിലും സുശാന്ത് സിങ് വരുന്ന തെരഞ്ഞെടുപ്പില്‍ വലിയൊരു ആയുധമാണെന്ന് ബി.ജെ.പിയും ബിഹാറിലെ കൂട്ടാളിയായ മുഖ്യമന്ത്രി നിതീഷ് കുമാറും തീരുമാനിച്ചു കഴിഞ്ഞിരിക്കുന്നു. വോട്ടര്‍മാര്‍ക്കു മുമ്പില്‍ നേട്ടങ്ങളൊന്നും പറയാന്‍ ഇല്ലാത്തതിനാല്‍ പ്രത്യേകിച്ചും. ബിഹാറിന്റെ പുത്രന് നീതി കിട്ടിയില്ലെന്ന മുദ്രാവാക്യം മഹാരാഷ്ട്രക്കെതിരെ ഉയര്‍ത്തുന്ന പദ്ധതിയാണ് അവരുടെ മനസ്സിലുള്ളത്. ‘പുറത്തുള്ളവര്‍’ക്കെതിരെ മുന്‍കാലങ്ങളില്‍ ശിവസേന ഉയര്‍ത്തിയ ‘മണ്ണിന്റെ മക്കള്‍’ വാദം ഏറ്റവും തിരിച്ചടിയായത് ബിഹാറിനായതുകൊണ്ട് അത് ഗുണം ചെയ്യുമെന്നാണ് അവരുടെ കണക്കുകൂട്ടല്‍.

അതുകൊണ്ടുതന്നെ, അശ്ലീലവും ഇക്കിളിപ്പെടുത്തുന്നതുമായ വിവരണങ്ങളും വെളിപ്പെടുത്തലുകളുമൊക്കെ പ്രതീക്ഷിക്കാം. ചോര്‍ന്നുപോകുന്ന പല സ്വകാര്യ സംഭാഷണങ്ങളും കാതുകളിലെത്താം. ബിഹാര്‍ തെരഞ്ഞെടുപ്പ് അടുത്തെത്തിയതിനാല്‍, ബി.ജെ.പിയുമായി സഹകരിക്കുന്ന അഭിനേതാക്കള്‍ സുശാന്തിന് നീതി തേടിയുള്ള പ്രചാരണം സജീവമാക്കി നിര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ത്വരിതപ്പെടുത്തും. ദേവേന്ദ്ര ഫഡ്‌നാവിസ് പട്‌നയിലേക്ക് പറന്നെത്തി ഈ സന്ദേശം പ്രചരിപ്പിക്കാന്‍ ചുക്കാന്‍ പിടിക്കും. അനൗദ്യോഗികമായി ബിഹാറിലെ ബി.ജെ.പി കാമ്പയിന്റെ ചുമതലക്കാരനും അദ്ദേഹം തന്നെയായിരിക്കും.

 

chandrika: