X
    Categories: indiaNews

ബിജെപി പുനഃസംഘടനയില്‍ രാം മാധവ് അടക്കം അമിത് ഷായുടെ വിശ്വസ്തരെ വെട്ടി ജെ.പി നദ്ദ

ന്യൂഡല്‍ഹി: ആര്‍എസ്എസ് നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വിശ്വസ്തനുമായ രാം മാധവ് അടക്കമുള്ള മുതിര്‍ന്ന നേതാക്കളെ വെട്ടിനിരത്തി പുതിയ അധ്യക്ഷന്‍ ജെ.പി നദ്ദ. രാം മാധവിന് പുറമെ മുരളീധര്‍ റാവു, സരോജ് പാണ്ഡെ, അനില്‍ ജയ്ന്‍ എന്നിവരേയും ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി. അമിത് ഷായുടെ വിശ്വസ്തനായ രാം മാധവ് കമ്മിറ്റിയിലുണ്ടാവുന്നത് സുപ്രധാന തീരുമാനങ്ങളില്‍ തിരിച്ചടിയാവുമെന്നതിനാലാണ് രാം മാധവിനെ നീക്കിയതെന്നാണ് റിപ്പോര്‍ട്ട്.

ആര്‍എസ്എസ് നോമിനിയായിരുന്നെങ്കിലും അമിത് ഷായുടെ വിശ്വസ്തനായി മാറിയതോടെ ആര്‍എസ്എസ് നേതൃത്വത്തിനും രാം മാധവിനോട് അതൃപ്തിയുണ്ട്. മോദി-ഷാ കൂട്ടുകെട്ടിന്റെ അപ്രമാദിത്വത്തില്‍ നിന്ന് ബിജെപിയെ മോചിപ്പിക്കാന്‍ ആര്‍എസ്എസ് നേതൃത്വം നീക്കം തുടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ജെ.പി നദ്ദ നടത്തിയ നീക്കങ്ങളോട് ആര്‍എസ്എസ് നേതൃത്വം മൗനം പാലിക്കുകയായിരുന്നു.

മുകുള്‍ റോയ്, അന്നപൂര്‍ണ ദേവി, ബയ്ജന്ത് ജയ് പാണ്ഡ എന്നിവരാണ് പാര്‍ട്ടിയുടെ പുതിയ ദേശീയ വൈസ് പ്രസിഡന്റുമാര്‍. കര്‍ണാടകയില്‍ നിന്നുള്ള യുവ എംപിയും മുസ്‌ലിം വിരുദ്ധ നിലപാടുകളെ തുടര്‍ന്ന് വിവാദങ്ങളില്‍പ്പെടുകയും ചെയ്തിട്ടുള്ള തേജസ്വി സൂര്യയാണ് യുവമോര്‍ച്ചയുടെ പുതിയ ദേശീയ അധ്യക്ഷന്‍.

ചന്ദ്രിക വെബ് ഡെസ്‌ക്‌: