X
    Categories: MoreViews

ഭീതിയുടെ നിഴലില്‍ ബിജെപി ഹര്‍ത്താല്‍; കോഴിക്കോട് ബി.ജെ.പിക്കാരന്റെ കടക്ക് തീയിട്ടു

കോഴിക്കോട്: ബി.ജെ.പിയുടെ സംസ്ഥാന ഹര്‍ത്താല്‍ ഭീതിയുടെ നിഴലില്‍ പൂര്‍ത്തിയായി. ഹര്‍ത്താലിനിടെ സംസ്ഥാനമൊട്ടാകെ വ്യാപക ആക്രമണങ്ങളുണ്ടായത്. സമരക്കാര്‍ നിരത്തുകള്‍ കീഴടക്കി ഭീകരാന്തരീക്ഷം സൃഷ്ടിച്ചപ്പോള്‍ ജനജീവിതം ദുസ്സഹമായി. കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നു. തുറന്നവ സമരക്കാരെത്തി അടപ്പിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലിക്ക് ആരെയും എത്തിക്കാന്‍ സര്‍ക്കാറിന് ആയില്ല. പാസ്‌പോര്‍ട്ട് ഓഫീസ് ഭാഗികമായി പ്രവര്‍ത്തിച്ചെങ്കിലും ഭൂരിപക്ഷം സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ ഓഫീസുകളും ബാങ്കുകളും അടഞ്ഞുകിടന്നു. നഗരത്തിലെ കേന്ദ്ര-സംസ്ഥാന ഓഫീസുകളില്‍ 34 ശതമാനം ജീവനക്കാര്‍ മാത്രമാണ് ജോലിക്കെത്തിയത്.

ഹർത്താലിനെ തുടർന്ന് വാഹനം കിട്ടാതെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കുടുങ്ങിയവരെ പ്രത്യാശ ഭവന്റെ ആബുലൻസിൽ കൊണ്ടു പോകുന്നു. – ചിത്രം .കെ ശശി

വടകര ഭാഗങ്ങളിലും കോഴിക്കോട് നഗരത്തിലും വാഹനങ്ങള്‍ക്ക് നേരെ പലയിടത്തും കല്ലേറുണ്ടായി. പന്നിയങ്കരയില്‍ ഇന്നലെ മൂന്ന് മണിയോടെ ഒരു കെ.എസ്.ആര്‍.ടി.സി ബസ്സിന് നേരെ ഹര്‍ത്താല്‍ അനുകൂലികളുടെ കല്ലേറുണ്ടായി. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് തലശേരിയിലേക്ക് പോവുകയായിരുന്ന കാറിന് നേരെ രാമനാട്ടുകരയില്‍ ആക്രമണമുണ്ടായി. കാറിലുണ്ടായിരുന്ന രണ്ട് കുട്ടികള്‍ക്ക് നിസ്സാര പരുക്കേറ്റു. രാവിലെ 10.30 ഓടെയായിരുന്നു സംഭവം.
വടകര ചോമ്പാലയില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് വരികയായിരുന്ന കാര്‍ യാത്രക്കാര്‍ക്ക് നേരെ കല്ലേറുണ്ടായി. ആര്‍ക്കും പരുക്കില്ല. വളയത്ത് ഉമ്മളത്തൂരില്‍ ഒരു ബി.ജെ.പി പ്രവര്‍ത്തകന്റെ ഓട്ടോറിക്ഷ തകര്‍ത്തു. ഓട്ടോറിക്ഷാ െ്രെഡവര്‍ ഹര്‍ത്താലിനോടനുബന്ധിച്ച് കടയടപ്പിക്കാന്‍ ശ്രമിച്ചതിനാണ് ഒരു വിഭാഗം സംഘടിതമായെത്തി ആക്രമണം നടത്തിയത്. തോടന്നൂരിനടുത്ത് കന്നിനടയില്‍ പൊലീസ് വാഹനത്തിന് നേരെ കല്ലേറുണ്ടായി. ഒരു പൊലീസുകാരന് നിസ്സാര പരുക്കേറ്റു.
സിവില്‍ സ്‌റ്റേഷന്‍, എല്‍.ഐ.സി ഓഫീസ്, പി.ഡബ്ലു.ഡി തുടങ്ങിയ ഓഫീസുകളിലെല്ലാം ജീവനക്കാര്‍ കുറവായിരുന്നു.

ഹര്‍ത്താലിനെത്തുടര്‍ന്ന് വ്യാപക അക്രമണങ്ങളാണ് ഒറ്റപ്പാലത്ത് അരങ്ങേറിയത്. സംഘര്‍ഷത്തില്‍ മൂന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റിരുന്നു. ഹര്‍ത്താല്‍ അനുകൂലികളും ഡിവൈഎഫ്ഐ പ്രവര്‍ത്തകരും തമ്മിലുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
കോഴിക്കോട് വിവിധ കോടതികളില്‍ 80 ശതമാനം പേര്‍ ജോലിക്കെത്തി. കോഴിക്കോട് ബീച്ചില്‍ പെട്ടികടകളുള്‍പ്പെടെയുളളവ അടപ്പിച്ചു. പാളയത്തെ പെട്ടിക്കടകള്‍ അടപ്പിക്കാനുള്ള ശ്രമം സംഘര്‍ഷത്തിലെത്തി. പൊലീസ് എത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. കോഴിക്കോട് ദൃശ്യങ്ങള്‍ പകര്‍ത്താനെത്തിയ ‘റിപ്പോര്‍ട്ടര്‍’ ചാനലിന്റെ വാര്‍ത്താ സംഘത്തെ ബിജെപി പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു.കോഴിക്കോട് റെയില്‍വേ സ്റ്റേഷനു സമീപത്തു വച്ചാണ് സംഭവം. ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടയുകയും യാത്രക്കാരെ ഇറക്കി വിടുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍പകര്‍ത്തുന്നതിനിടെയാണ് വാര്‍ത്താ സംഘത്തെ ഇവര്‍ തടഞ്ഞത്.

കോഴിക്കോട് പൂവാട്ടുപറമ്പില്‍ ബി.ജെ.പി പ്രവര്‍ത്തകന്റെ കട തീയിട്ടു നശിപ്പിച്ചു. മുണ്ടക്കല്‍ ചെമ്പകശേരിയിലെ ആണോറമീത്തലില്‍ മനുവിന്റെ പലചരക്ക് കടക്കാണ് തീവെച്ചത്. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. രാവിലെ നടക്കാനിറങ്ങിയവരാണ് കട കത്തുന്നത് കണ്ടത്. എട്ടു മാസം മുമ്പാണ് മനു കട ആരംഭിച്ചത്. അഞ്ച് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വൈകിട്ട് അഞ്ചോടെയാണ് വാഹനങ്ങള്‍ നിരത്തിലിറങ്ങിയത്. ആറു മണിയോടെ കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് ഭാഗികമായി പുനസ്ഥാപിച്ചു. ഇന്നു ഉച്ചയോടെ മാത്രമെ സര്‍വ്വീസ് സാധാരണ നിലയിലാവൂ. ട്രെയിന്‍ ഗതാഗതത്തെ ഹര്‍ത്താല്‍ ബാധിച്ചില്ല.

chandrika: