X

ബി.ജെ.പി മുഖ്യമന്ത്രി സുരക്ഷാ ജീവനക്കാരനെ നടുറോഡില്‍ തല്ലുന്ന ദൃശ്യം പുറത്ത്: കേസെടുക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം

ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ശിവരാജ്‌സിങ് ചൗഹാന്‍ സുരക്ഷാജീവനക്കാരനെ നടുറോഡില്‍ മര്‍ദിക്കുന്ന ദൃശ്യം പുറത്ത്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ദാര്‍ ജില്ലയിലെ സര്‍ദാര്‍പുരില്‍ പഞ്ചായത്തില്‍ നടന്ന റോഡ്‌ഷോക്കിടെയാണ് ശിവരാജ് സിങ് സുരക്ഷാഉദ്യോഗസ്ഥനെ മര്‍ദിച്ചത്. കഴിഞ്ഞ 16ന് നടന്ന സംഭവം സോഷ്യല്‍ മീഡിയയിലൂടെ വൈറലായതോടെയാണ് വാര്‍ത്തയാവുന്നത്. സുരക്ഷാജീവനക്കാരനെ തല്ലിയ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തി. അതേസമയം മുഖ്യമന്ത്രിയുടെ പെരുമാറ്റത്തിനെതിരെ സോഷ്യല്‍ മീഡിയയിലും വന്‍ പ്രതിഷേധമാണ് വന്നു കൊണ്ടിരിക്കുന്നത്.

തെരഞ്ഞെടുപ്പ് റാലിക്കിടെ പൊതൂജനം നോക്കിനില്‍ക്കെയാണ് ചൗഹാന്‍ ഉദ്യോഗസ്ഥനെ മര്‍ദിച്ചത്. ഐ.പി.സി 353 പ്രകാരം ജോലി നിര്‍വ്വഹണത്തിനിടെ ഉദ്യോഗസ്ഥനെ മര്‍ദ്ദിക്കുന്നതും ജോലി തടസ്സപ്പെടുത്തുന്നതും കുറ്റകരമാണ് ആയതിനാല്‍ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണം പ്രതിപക്ഷ നേതാവ് അജയ് സിങ് പറഞ്ഞു.

മുഖ്യമന്ത്രിയുടെ പരുക്കേറ്റ കാലിന് രണ്ടു തവണ സുരക്ഷ ജീവനക്കാരന്‍ ചവിട്ടിയതുക്കൊണ്ടാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. ഏതൊരു മനുഷ്യനും വേദനയാകുമ്പോള്‍ പെട്ടെന്ന് പ്രതികരിക്കുന്നതുപോലെ മാത്രമാണ് അദ്ദേഹം പ്രതികരിച്ചത്. അതില്‍ യാതൊരു ദുരുദ്ദേശവുമില്ല. മാധ്യമങ്ങള്‍ വസ്തുതകള്‍ വളച്ചൊടിക്കരുത്. മുതിര്‍ന്ന ബി.ജെ.പി നേതാവ് ഡോ. ഹിതേഷ് ബാജ്‌പേയ് സംഭവത്തില്‍ പ്രതികരിച്ചു. അതേസമയം മുഖ്യമന്ത്രിയുടെ ഓഫീസോ മുഖ്യമന്ത്രിയോ സംഭവത്തോട് പ്രതികരിച്ചിട്ടില്ല. ഇതിനും മുമ്പും മുഖ്യമന്ത്രി ചൗഹാന്‍ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

chandrika: