ഗുവാഹത്തി: അസമിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരെ പ്രതിഷേധക്കാര്‍ കരിങ്കൊടി വീശി. വിമാനത്താവളത്തില്‍ നിന്ന് ഗുവാഹത്തിയിലെ രാജ്ഭവനിലേക്ക് പോകുമ്പോഴാണ് പ്രധാനമന്ത്രിക്ക് നേരെ പ്രതിഷേധമുണ്ടായത്. അസാം വിദ്യാര്‍ത്ഥി യൂണിയന്‍, ക്രിഷക് മുക്രി സംഗ്രമം സമിതി എന്നീ സംഘടനകളുടെ പ്രവര്‍ത്തകരാണ് പ്രതിഷേധവുമായെത്തിയത്.

ഗുവാഹത്തി യൂണിവേഴ്‌സിറ്റിക്ക് മുന്നില്‍ വെച്ച് വിദ്യാര്‍ത്ഥികളടക്കമുള്ളവരാണ് ആദ്യം പ്രധാനമന്ത്രിയുടെ വാഹന വ്യൂഹനത്തിന് നേരെ കരിങ്കൊടി കാട്ടിയത്. തുടര്‍ന്ന് ഉസന്‍ബസാളില്‍വച്ച് ആളുകള്‍ മോദി തിരിച്ച് പോകുക എന്ന് മുദ്രാവാക്യവുമായി രംഗത്തെത്തി. മോദിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം സംഘടിപ്പിച്ചിരിക്കുകയാണ് ഇവര്‍.

ജനങ്ങളുടെ വികാരം കണക്കിലെടുക്കാതെ പൗരത്വ ഭേദഗതി ബില്‍ നിയമമാക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് അസമില്‍ അരങ്ങേറുന്നത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി അസമിലെത്തിയ പ്രധാന മന്ത്രി ബിജെപിയുടെ വിവിധ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്.