പറ്റ്‌ന: ബിഹാര്‍ തലസ്ഥാനമായ പറ്റ്‌നക്കു സമീപം ഗംഗാനദി മുറിച്ചുകടക്കുകയായിരുന്ന ബോട്ട് അപകടത്തില്‍പെട്ട് 20 പേര്‍ മരിച്ചു. നിരവധി പേരെ കാണാതായി. ഇവര്‍ക്കു വേണ്ടി രാത്രി വൈകിയും തെരച്ചില്‍ തുടരുകയാണ്. 25 പേര്‍ നീന്തി രക്ഷപ്പെട്ടതായും എട്ടുപേരെ രക്ഷപ്പെടുത്തിയതായും പൊലീസ് വ്യക്തമാക്കി. ബോട്ടില്‍ എത്രപേര്‍ ഉണ്ടായിരുന്നുവെന്ന കൃത്യമായ വിവരം ലഭ്യമല്ല. ഇന്നലെ വൈകീട്ട് ആറു മണിയോടെയാണ് അപകടം.

ഉള്‍കൊള്ളാവുന്നതിലും അധികം ആളുകള്‍ ബോട്ടില്‍ കയറിയതാണ് ബോട്ട് മുങ്ങാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. രക്ഷപ്പെടുത്തിയ എട്ടുപേരെയും പറ്റ്‌ന മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് മാറ്റി. മരിച്ചവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. പട്ടംപറത്തല്‍ മത്സരം വീക്ഷിച്ച് മടങ്ങുന്നവരായിരുന്നു അപകടത്തില്‍ പെട്ട ബോട്ടില്‍ അധികവും. സംഭവം സംബന്ധിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.