മഡ്രിഡ്: ലിബിയന്‍ തീരത്ത് ബോട്ട് മുങ്ങി ഇരുനൂറോളം അഭയാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. സ്പാനിഷ് സന്നദ്ധ സംഘടനയാണ് ദുരന്ത വിവരം പുറത്തു വിട്ടത്. അഞ്ച് മൃതദേഹങ്ങള്‍ കണ്ടെടുത്തതായും സംഘടന വ്യക്തമാക്കി. ആഫ്രിക്കന്‍ വംശജരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. അഭയാര്‍ത്ഥികളുമായി എത്തിയ ബോട്ടുകള്‍ കൂട്ടിയിടിച്ചായിരുന്നു അപകടം. ഇരു ബോട്ടിലുമായി 250തോളം അഭയാര്‍ത്ഥികള്‍ ഉണ്ടായിരുന്നു. ലിബിയന്‍ തീരത്തു നിന്നും 30 കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായത്.
സ്പാനിഷ് സന്നദ്ധ സംഘടനയായ പ്രോആക്ടീവ ഓപ്പണ്‍ ആംസ് ആണ് വിവരം പുറത്തു വിട്ടത്. അഭയര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ഇരുബോട്ടുകളും ലിബിയന്‍ തീരത്താണ് അപകടത്തില്‍ പെട്ടത്. രണ്ട് ബോട്ടുകളിലുമായി ഇരുന്നൂറിലധികം അഭയാര്‍ഥികള്‍ ഉണ്ടായിരുന്നെന്നാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന സംഘടന നല്‍കുന്ന വിവരം. ഇതുവരെ അഞ്ച് പേരുടെ മൃതദേഹങ്ങളാണ് കണ്ടെടുക്കാനായത്. മറ്റുള്ളവര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമായി തുടരുകയാണ്. ഇറ്റാലിയന്‍ കോസ്റ്റ്ഗാര്‍ഡാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. ഇരു ബോട്ടുകളിലുമായി അഭയാര്‍ഥികളെ കുത്തിനിറച്ചതിനാല്‍ കുറഞ്ഞത് 240 പേരെങ്കിലും മരിക്കന്‍ സാധ്യതയുണ്ടെന്ന് ഇറ്റാലിയന്‍ കോസ്റ്റ്ഗാര്‍ഡ് വക്താവ് ലോറ ലാനൂസ അറിയിച്ചു. മെഡിറ്ററേനിയന്‍ കടല്‍മാര്‍ഗം ലിബിയയില്‍ നിന്നും ഇറ്റലിയിലേക്കുള്ള അഭയാര്‍ഥികളുടെ വരവ് കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ക്രമാതീതമായി വര്‍ധിച്ചിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബോട്ടുകള്‍ മറിഞ്ഞ് 40 അപകടങ്ങളാണ് ഉണ്ടായതെന്ന് ഇറ്റാലിയന്‍ കോസ്റ്റ് ഗാര്‍ഡ് പറഞ്ഞു. ഈ വര്‍ഷം ഇതുവരെ ഇരുപതിനായിരം അഭയാര്‍ഥികള്‍ മെഡിറ്ററേനിയന്‍ കടല്‍മാര്‍ഗം ഇറ്റലിയിലെത്തിയെന്നാണ് അന്താരാഷ്ട്ര അഭയാര്‍ഥി സംഘടനയുടെ കണക്കുകള്‍ പറയുന്നത്. ഈ വര്‍ഷം ഒട്ടേറെ അഭയാര്‍ത്ഥികള്‍ മെഡിറ്ററേനിയന്‍ കടലില്‍ മുങ്ങി മരിച്ചതായി ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ വ്യക്തമാക്കി. ജനുവരി മുതല്‍ മാര്‍ച്ച് ഒന്‍പത് വരെ 521 അഭയാര്‍ത്ഥികളാണ് മുങ്ങിമരിച്ചത്. കഴിഞ്ഞ വര്‍ഷം 5,000 പേര്‍ കൊല്ലപ്പെട്ടതായും സംഘടന വ്യക്തമാക്കുന്നു. മെഡിറ്ററേനിയന്‍ കടല്‍ വഴി കഴിഞ്ഞയിടെയായി 6,000 പേര്‍ കടന്നു പോയിരുന്നു.