ന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ മിഥുന്‍ ചക്രവര്‍ത്തിയുടെ മകന്‍ മഹാ അക്ഷക്കെതിരെ കേസ്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം ഗര്‍ഭിണിയായ യുവതിയെ നിര്‍ബന്ധിച്ച് ഗര്‍ഭം അലസിപ്പിച്ചുവെന്നതാണ് മഹാ അക്ഷയ്‌ക്കെതിരായ പരാതി. മുംബൈ സ്വദേശിനിയാണ് മിഥുന്‍ ചക്രവര്‍ത്തിയുടെ മകനെതിരെ പരാതി നല്‍കിയത്.

വിവാഹ കഴിക്കാമെന്ന വ്യാജേന സൗഹൃദം സ്ഥാപിച്ച മഹാ അക്ഷയ് തന്നെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഗര്‍ഭിണിയായപ്പോള്‍ നിര്‍ബന്ധിച്ച് മരുന്ന് നല്‍കി അലസിപ്പിച്ച ശേഷം മഹാ അക്ഷയ് തന്നെ ഒഴിവാക്കുകയായിരുന്നുവെന്ന് യുവതി പരാതിയില്‍ പറയുന്നു. ഭീഷണിപ്പെടുത്തിയ മിഥുന്റെ ഭാര്യ യോഗിത ബാലിക്കെതിരെയും യുവതി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

മഹാ അക്ഷയുമായി ബന്ധം തുടര്‍ന്നാല്‍ തന്റെ ജീവനു തന്നെ ഭീഷണിയാകുമെന്ന മുന്നറിയിപ്പാണ് യോഗിത നല്‍കിയത്. ഭീഷണി സ്ഥിരമായതോടെ ജീവന്‍ രക്ഷിക്കാന്‍ താനിപ്പോള്‍ മുംബൈയില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക് താമസം മാറിയിരിക്കുകയാണെന്നും യുവതി പരാതിയില്‍ പറയുന്നു.
മഹാ അക്ഷയ്ക്കു പുറമെ മിഥുന്‍ ചക്രവര്‍ത്തിയുടെ ഭാര്യക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ അഡീഷണല്‍ ചീഫ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് എക്ത ഗോബ ഉത്തരവിട്ടു.