മലപ്പുറം: മലപ്പുറത്ത് കലക്ട്രേറ്റ്-കോടതി പരിസരത്ത് നിര്‍ത്തിയിട്ട കാര്‍ പൊട്ടിത്തെറിച്ചു. ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ വാഹനത്തിലാണ് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായത്. കാറിന്റെ പിന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. സമീപത്ത് നിര്‍ത്തിയിട്ട രണ്ടു കാറുകളുടെ ചില്ലുകളും തകര്‍ന്നു. ബോംബ് സ്‌ക്വാഡെത്തി പരിശോധന നടത്തുകയാണ്. ദ ബേസ് മൂവ്‌മെന്റ് എന്നെഴുതിയ പെട്ടി പ്രദേശത്തു നിന്ന് ലഭിച്ചത് ആശങ്കക്കിടയാക്കുന്നു. ഉഗ്രശബ്ദത്തോടെയായതിനാല്‍ സ്‌ഫോടനമാണോ എന്ന സംശയം ഉയരുന്നുണ്ട്. വെടിമരുന്നിന്റെ ഗന്ധം പരന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ജില്ലാ കലക്ടര്‍ ഷൈനാ മോള്‍ അറിയിച്ചു.