കണ്ണൂര്‍: പാനൂരില്‍ സിപിഎം പ്രകടനത്തിനു നേരെ ബോംബേറ്. പാനൂര്‍ കൈവേലിക്കലില്‍ ഞായറാഴ്ച വൈകിട്ട് നടന്ന പ്രകടനത്തിനു നേരെയാണ് ബോംബേറുണ്ടായത്. പരുക്കേറ്റ സിപിഎം പ്രവര്‍ത്തകരെ തലശ്ശേരി സഹകരണ ആശുപത്രിയിലും പൊലീസുകാരെ പാനൂര്‍ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഎം പാനൂര്‍ ഏരിയാ പരിധിയില്‍ തിങ്കളാഴ്ച ഹര്‍ത്താല്‍ നടത്തും.

അതിന് പിന്നാലെ കടമ്പൂരില്‍ രാജീവ് ഗാന്ധി കള്‍ചറല്‍ സെന്ററിന് നേരെയും ആക്രമണമുണ്ടായി. സെന്ററിനു സമീപം നിര്‍ത്തിയിട്ട ആറോളം ബൈക്കുകള്‍ തകര്‍ത്ത അക്രമികള്‍ മഹിളാ കോണ്‍ഗ്രസ് നേതാവ് ഉള്‍പ്പടെ മൂന്നു പേരെ മര്‍ദ്ദിച്ചു.

സെന്റര്‍ അടിച്ചു തകര്‍ക്കുന്ന ശബ്ദം കേട്ട് ഓടി വന്ന് തടയാന്‍ ശ്രമിക്കുന്നതിനിടെ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകയും കടമ്പൂര്‍ ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡ് മെംബറുമായ പി.വി.പ്രേമവല്ലിക്കു നേരെയാണ് ആക്രമണമുണ്ടായത്. തുടര്‍ന്ന് സെന്ററിനു സമീപത്തെ അവരുടെ വീടിനു നേരെയും ആക്രമണമുണ്ടായി. മര്‍ദനമേറ്റ പ്രേമവല്ലിയെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഞായറാഴ്ച രാത്രി ഒന്‍പതോടെ യാതൊരു പ്രകോപനവും ഇല്ലാതെയാണ് അക്രമണം നടന്നത്. അക്രമത്തില്‍ പ്രതിഷേധിച്ച് കടമ്പൂര്‍ പഞ്ചായത്തില്‍ രാവിലെ 6 മുതല്‍ വൈകുന്നേരം 6 വരെ യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. മാരകായുധങ്ങളുമായി എത്തി കള്‍ചറല്‍ സെന്ററിലുള്ളവരെ ഭീഷണിപെടുത്തിയ മുഖം മൂടി ധരിച്ച പത്തംഗ സംഘം ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നാണ് ആരോപണം. അക്രമികളില്‍ പലരെയും കണ്ടാലറിയുമെന്ന് ആക്രമണത്തിനിരയായവര്‍ പറഞ്ഞു. സെന്ററിനകത്തെ ടിവി ഫര്‍ണിച്ചറുകളും തകര്‍ത്തിട്ടുണ്ട്.