ബീജിങ്: പാകിസ്താനെ പിന്തുണക്കുന്ന ചൈനയുടെ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള ഇന്ത്യന്‍ തീരുമാനത്തെ വിമര്‍ശിച്ച് ചൈനീസ് മാധ്യമം. ഇന്ത്യക്കു കുരക്കാനേ കഴിയൂ എന്നും ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് ചൈനീസ് വിപണിയുമായി പോരാടാന്‍ കഴിയില്ലെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ചൈനീസ് പത്രമായ ഗ്ലോബല്‍ ടൈംസാണ് ഇന്ത്യക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തുവന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മേക്ക് ഇന്‍ ഇന്ത്യ പരിപാടി അപ്രായോഗികമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ചൈനീസ് ഉല്‍പ്പന്നങ്ങളെ പൂര്‍ണമായും ബഹിഷ്‌കരിച്ച് ഇന്ത്യക്കു മുന്നോട്ടുപോകാനാവില്ല. മേക് ഇന്‍ ഇന്ത്യ പ്രൊജക്ട് ശുദ്ധ അസംബന്ധമാണെന്നും പത്രം പറയുന്നു. പാകിസ്താനെ പിന്തുണക്കുന്നതിനാല്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌ക്കരണമെന്ന സന്ദേശം സമൂഹമാധ്യമങ്ങളില്‍ വൈറലായതിനു പിന്നാലെയാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. ഇത്തരം ബഹിഷ്‌കരണ നീക്കങ്ങള്‍ ജനങ്ങളുടെ അമിതാവേശമാണെന്ന് പത്രം കുറ്റപ്പെടുത്തുന്നു.

Diwali Bazaar organised by the Blind School Relief Association in New Delhi on Wednesday-(Photo : IANS/Amlan)

 

ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യങ്ങളെയും ഗ്ലോബല്‍ ടൈംസ് രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. അഴിമതിയും കഠിനാധ്വാനികളുടെ അഭാവവുമുള്ള ഇന്ത്യയില്‍ ചൈനീസ് കമ്പനികള്‍ നിക്ഷേപം നടത്തരുതെന്ന മുന്നറിയിപ്പും പത്രം നല്‍കുന്നു. കൂടാതെ റോഡുകളുടെയും ഹൈവേകളുടെയും നിര്‍മാണം ഇനിയും പൂര്‍ത്തിയാക്കാത്ത ഇന്ത്യയില്‍ ജല വൈദ്യതി വിതരണം കാര്യക്ഷമമല്ലെന്നും കുറ്റപ്പെടുത്തുന്നു. ഇന്ത്യ-യു.എസ് ബന്ധത്തെയും ചൈനീസ് പത്രം രൂക്ഷമായി വിമര്‍ശിച്ചു. അമേരിക്കക്കു ആരുമായും സൗഹൃദമില്ല. ചൈനയുടെ കരുത്തില്‍ അസൂയ പൂണ്ടാണ് യു.എസ് ഇന്ത്യയെ കൂട്ടുപിടിക്കുന്നതെന്നും ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. അതേസമയം ചൈനക്കെതിരെ വിവാദസന്യാസി ബാബരാംദേവും രംഗത്തുവന്നു. പാകിസ്താനെ സഹായിക്കുന്നതിന് ഇന്ത്യയെ വെച്ച് ചൈന പണം കൊയ്യുകയാണെന്ന് രാംദേവ് ആരോപിച്ചു.

 

chinese-toys-in-india