X

അര്‍ജന്റീന വീണ ഗ്രൗണ്ടില്‍ ബ്രസീല്‍ ഇന്നിറങ്ങും

ലുസൈല്‍ എന്ന വേദി തല്‍ക്കാലം അര്‍ജന്റീനക്കാര്‍ മറക്കാന്‍ ആഗ്രഹിക്കുന്നു. ഖത്തര്‍ ലോകകപ്പിലെ ഏറ്റവും വലിയ വേദി. 80,000 പേര്‍ക്ക് സുന്ദരമായി കളി കാണാം. പക്ഷേ അവിടെ കഴിഞ്ഞ ദിവസം അര്‍ജന്റീനക്കാരെ സഊദി അറേബ്യക്കാര്‍ വെള്ളം കുടിപ്പിച്ച കാഴ്ച്ച ബ്രസീലുകാരും കണ്ടിരുന്നു. അതേ വേദിയില്‍ ഗ്രൂപ്പ് ജി പോരാട്ടത്തില്‍ ഇന്ന് ടിറ്റേയും സംഘവുമിറങ്ങുമ്പോള്‍ മറുഭാഗത്ത് സെര്‍ബിയ.

ബ്രസീലിന് ആശ്വാസമുള്ള നല്ല വാര്‍ത്ത രാത്രി വൈകിയാണ് ഈ മല്‍സരം എന്നതാണ്. അര്‍ജന്റീനക്കാര്‍ നട്ടുച്ചക്കാണ് ഇവിടെ കളിച്ചത്. രണ്ടാം പകുതിയില്‍ മെസിയും സംഘവും ആകെ തളര്‍ന്നപ്പോള്‍ പരിചിതമായ അറേബ്യന്‍ കാലാവസ്ഥയില്‍ സഊദിക്കാര്‍ വെട്ടിത്തിളങ്ങുകയായിരുന്നു. അര്‍ജന്റീനയുടെ തോല്‍വി ബ്രസീലിനും പല പാഠങ്ങള്‍ നല്‍കുന്നുണ്ട്. പ്രതിയോഗികളെ വില കുറച്ച് കാണരുത്. അര്‍ജന്റീന സഊദിയെ ദുര്‍ബലരായി കണ്ടു. ആദ്യം മെസിയുടെ പെനാല്‍ട്ടി ഗോള്‍ വന്നപ്പോള്‍ പാട്ടും പാടി മല്‍സരം ജയിക്കാമെന്ന് കരുതി.

പക്ഷേ 90 മിനുട്ടാണ് ഫുട്‌ബോള്‍ എന്ന കാര്യം മറന്നു. ബ്രസീല്‍ കോച്ച് ടിറ്റേ അനുഭവ സമ്പന്നനാണ്. തുടര്‍ച്ചയായി രണ്ടാം ലോകകപ്പില്‍ ടീമിനെ ഒരുക്കുന്നു. ടെലി സന്ദാനക്ക് ശേഷം ആദ്യമായാണ് ബ്രസീല്‍ ഒരു പരിശീലകന് തുടര്‍ച്ചയായി രണ്ട് ലോകകപ്പുകളില്‍ അവസരം നല്‍കുന്നത്. അഞ്ച് ലോകകപ്പുകളില്‍ മുത്തമിട്ടവര്‍. പക്ഷേ 2002 ലെ വിജയത്തിന് ശേഷം ഒരു തവണ മാത്രമാണ് ബ്രസീലിന് ലോകകപ്പ് അവസാന നാലില്‍ പ്രവേശിക്കാനായത്. മറ്റ് മൂന്ന് തവണ ക്വാര്‍ട്ടര്‍ ഫൈനലില്‍ തോല്‍ക്കാനായിരുന്നു വിധി. റഷ്യയില്‍ ബെല്‍ജിയത്തിനോട് പരാജയപ്പെട്ടായിരുന്നു നെയ്മറും സംഘവും പുറത്തായത്. റഷ്യയിലെ തോല്‍വികള്‍ക്ക് കാരണമായി ടിറ്റേ പറഞ്ഞത് വലിയ വേദിയിലെ തന്റെ അപരിചിതത്വമായിരുന്നു. സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ മല്‍സരത്തിന് മുമ്പ് റഫറിയിംഗില്‍ പരാതിപ്പെടരുതെന്നും വീഡിയോ റഫറിയുണ്ടെന്നുമെല്ലാം ഞാന്‍ കളിക്കാരോട് പറഞ്ഞിരുന്നു. ഇത് കാരണം നഷ്ടങ്ങളാണ് സംഭവിച്ചത്. പിന്നെ ആ തീരുമാനം മാറ്റി. ആ അപരിചിതത്വം ഇപ്പോഴില്ലെന്ന് അദ്ദേഹം പറഞ്ഞു. യോഗ്യതാ റൗണ്ടില്‍ തോല്‍വിയില്ല. 1982 ന് ശേഷം തുടരുന്ന വന്‍കരാധിപത്യം നിലനിര്‍ത്തി.

നെയ്മര്‍ തന്നെ കോച്ചിന്റെ വജ്രായുധം. മൂന്നാമത് ലോകകപ്പ് കളിക്കുന്ന അദ്ദേഹം തന്നെ പറഞ്ഞിരിക്കുന്നു ഇനിയൊരു ലോകകപ്പിനില്ലെന്ന്. ഖത്തറില്‍ മൂന്ന് ഗോള്‍ കൂടി സ്‌കോര്‍ ചെയ്താല്‍ ബ്രസീലിന് വേണ്ടി ഏറ്റവുമധികം ഗോളുകള്‍ സ്വന്തമാക്കിയ താരമെന്ന പെലെയുടെ ബഹുമതി നെയ്മറിലെത്തും. പി.എസ്.ജിക്കായി സീസണില്‍ നല്ല ഫോമിലാണ് 30കാരന്‍. ആറ് ഗോളുകള്‍ സ്‌കോര്‍ ചെയ്തു. രണ്ട് ഗോളുകള്‍ക്ക് സഹായവും നല്‍കി. മൂന്ന് ലോകകപ്പ് കളിച്ചവരാണ് സെര്‍ബിയക്കാര്‍. പക്ഷേ ഒന്നില്‍ പോലും മുന്നേറാന്‍ അവര്‍ക്കായിരുന്നില്ല. പ്രധാന താരങ്ങളായ സാസാ ലുകിച്ച്, ഫിലിപ് കോസ്റ്റിച്ച്, അലക്‌സാണ്ടര്‍ മിത്രോവിച്ച് എന്നിവരുടെ പരിക്കുകള്‍ ടീമിനെ അലട്ടുന്നുണ്ട്. പരിക്കില്‍ പരിഭ്രമമില്ലെന്നാണ് ടീമിന്റെ പരിശീലകന്‍ ഡ്രാഗണ്‍ സ്‌റ്റേകോവിച്ച് പറയുന്നത്. അത് എല്ലാവര്‍ക്കും സംഭവിക്കാവുന്നതാണ്. പ്രീമിയര്‍ ലീഗില്‍ ഫുള്‍ഹാമിന് വേണ്ടി കളിക്കുന്ന അലക്‌സാണ്ടര്‍ മിത്രോവിച്ചാണ് സെര്‍ബിയന്‍ നിരയിലെ അപകടകാരി.

web desk 3: