ലണ്ടന്‍: വിക്കിലീക്ക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനെ ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ നിന്ന് അറസ്റ്റ് ചെയ്തു. കോടതിയില്‍ കീഴടങ്ങാതിരുന്ന അസാന്‍ജിനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. 2010ല്‍ യു.എസ് സര്‍ക്കാറിന്റെ നയതന്ത്ര രേഖകള്‍ ചോര്‍ത്തി വിക്കിലീക്ക്‌സില്‍ പ്രസിദ്ധീകരിച്ചതിന് അന്വേഷണം നേരിടുന്ന അസാന്‍ജ് 2012 മുതല്‍ ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ അഭയം തേടിയിരിക്കുകയാണ്.

അഭയം നല്‍കാനുള്ള തീരുമാനം ഇക്വഡോര്‍ സര്‍ക്കാര്‍ പിന്‍വലിച്ചതിന് പിന്നാലെയാണ് ലണ്ടന്‍ പൊലീസ് എംബസിയില്‍ കയറി അസാന്‍ജിനെ അറസ്റ്റ് ചെയ്തത്. മധ്യലണ്ടനിലെ പൊലീസ് സ്റ്റേഷനിലേക്കാണ് അസാന്‍ജിനെ കൊണ്ടുപോയിരിക്കുന്നത്.

ഇക്വഡോര്‍ സര്‍ക്കാറിന്റെ അപ്രീതിക്കിരയായതാണ് അസാന്‍ജിന്റെ അറസ്റ്റിലേക്ക് നയിച്ചത്. അസാന്‍ജിനെ പുറത്താക്കിയേക്കുമെന്ന് ഇക്വഡോര്‍ പ്രസിഡണ്ട് ലെനിന്‍ മൊറാനെ പറഞ്ഞിരുന്നു. തുടര്‍ന്നാണ് അഭയം പിന്‍വലിച്ചത്.