X
    Categories: MoreViews

തിയറ്ററിലെ ദേശീയഗാനത്തെ വിമര്‍ശിക്കുന്ന ബ്രണ്ണന്‍ കോളജ് മാഗസിന്‍ വിവാദത്തില്‍

 

കണ്ണൂര്‍: സിനിമാ തിയറ്ററുകളില്‍ സിനിമാപ്രദര്‍ശനത്തിന് മുന്നോടിയായി ദേശീയഗാനം നിര്‍ബന്ധമാക്കിയ കോടതി വിധിയെ വിമര്‍ശിക്കുന്ന തലശേരി ഗവ. ബ്രണ്ണന്‍ കോളജ് മാഗസിന്‍ വിവാദത്തില്‍. പെല്ലറ്റ് എന്ന് നാമകരണം ചെയ്ത മാഗസിന്റെ 13, 14 പേജുകളില്‍ പ്രസിദ്ധീകരിച്ച രേഖാചിത്രങ്ങളാണ് വിവാദമായിരിക്കുന്നത്.
സ്‌ക്രീനില്‍ പതാക പാറുമ്പോള്‍ സീറ്റില്‍ രണ്ടു പേര്‍ നഗ്നരായി ലൈംഗീകബന്ധത്തിലേര്‍പ്പെടുന്നതാണ് ചിത്രം. സിനിമാ തിയറ്ററില്‍ കസേര വിട്ടെഴുന്നേല്‍ക്കുന്ന രാഷ്ട്രസ്‌നേഹം തെരുവില്‍ മനുസ്മൃതി വായിക്കുന്ന രാഷ്ട്രസ്‌നേഹം എന്നാണ് ഈ ചിത്രത്തിന്റെ അടിക്കുറിപ്പ്.
പതിനാലാം പേജിലെ കാരിക്കേച്ചറില്‍ ഓംകാരം രേഖപ്പെടുത്തിയ പതാക കെട്ടിയ കൈയ്യില്‍ പിടിച്ച തോക്കിന്‍ കുഴലിന്റെ അഗ്രത്തിന് ലിംഗത്തിന്റെ ആകൃതിയാണ്. എസ്എഫ്‌ഐയുടെ നേതൃത്വത്തിലുള്ളതാണ് ബ്രണ്ണന്‍ കോളജ് യൂണിയന്‍. കെവി സുധാകരന്‍ സ്റ്റാഫ് എഡിറ്ററും അതുല്‍ രമേശന്‍ സ്റ്റുഡന്റ് എഡിറ്ററുമായ എഡിറ്റോറിയല്‍ ടീമാണ് മാഗസിന്റെ ശില്‍പികള്‍.
ദേശീയ പതാകയെയും ദേശീയ ഗാനത്തെയും അവഹേളിക്കുന്നു എന്നതാണ് മാഗസിനെതിരെ ഉയര്‍ന്ന ആരോപണം. എന്നാല്‍ ദേശവിരുദ്ധമായി മാഗസിനില്‍ ഒന്നുമില്ലെന്നും തെരുവില്‍ സ്്ത്രീകള്‍ അക്രമിക്കപ്പെടുന്നത് ചിത്രീകരിക്കുകയാണ് ചെയ്തതെന്നുമാണ് കോളജ് കൗണ്‍സിലിന്റെ നിലപാട്. എന്നാല്‍ മാഗസിന്‍ സമകാലിക ഇന്ത്യന്‍ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയായിരുന്നുവെന്ന് എസ്എഫ്‌ഐ യൂണിയന്‍ ഭാരവാഹികള്‍ വ്യക്തമാക്കി. അതേസമയം കെഎസ്‌യു, ബിജെപി, എബിവിപി എന്നീ സംഘടനകള്‍ നിയമനടപടിക്ക് മുതിര്‍ന്നതോടെ വിവാദമായ 13, 14 പേജുകള്‍ പിന്‍വലിച്ചുകൊണ്ട് മാഗസിന്‍ വിതരണം ചെയ്യാന്‍ കോളജ് കൗണ്‍സില്‍ തീരുമാനിച്ചതായി പ്രിന്‍സിപ്പല്‍ ഡോ. കെ വത്സലന്‍ അറിയിച്ചു. വിവാദമുയര്‍ന്ന സാഹചര്യത്തില്‍ താല്‍ക്കാലികമായി മാഗസിന്‍ വിതരണം നിര്‍ത്തിവച്ചിരുന്നു. പിന്നീടാണ് പേജുകള്‍ നീക്കം ചെയ്ത് വിതരണം തുടരാന്‍ തീരുമാനിച്ചത്.
അശ്ലീല ചിത്രങ്ങളും സിപിഎം അനുകൂല ലേഖനങ്ങളും അടങ്ങിയതാണ് പെല്ലെറ്റെന്ന് എബിവിപി കുറ്റപ്പെടുത്തിയപ്പോള്‍ രാഷ്ട്രീയ വിഷയങ്ങളെ ആധാരമാക്കി വരച്ച ചിത്രങ്ങള്‍ അശ്ലീലമാണെന്നും വിലകുറഞ്ഞ രാഷ്ട്രീയ പ്രവര്‍ത്തനമാണിതെന്നും കെഎസ് യു ആരോപിച്ചു. ദേശീയഗാനത്തെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് ഡി.ജി.പിക്ക് പരാതി നല്‍കുമെന്നും കെ.എസ്.യു അറിയിച്ചു.
ബ്രണ്ണന്‍ കോളജ് എസ്എഫ്‌ഐയുടെ സ്വത്താക്കരുതെന്നും സ്റ്റാഫ്-സ്റ്റുഡന്റ് എഡിറ്റര്‍മാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ബ്രണ്ണന്‍ കോളജിന്റെ 125- ാം വാര്‍ഷികാഘോഷങ്ങള്‍ നടക്കുന്നതിനിടയിലാണ് മാഗസിന്‍ വിവാദമായിരിക്കുന്നത്.

chandrika: